കരട് വോട്ടര്‍ പട്ടിക; 11.5 ലക്ഷത്തോളം വോട്ടർമാർ കുറഞ്ഞത് ശുദ്ധീകരണം വഴി
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടികയില്‍ 11.5 ലക്ഷത്തോളം വോട്ടർമാർ കുറഞ്ഞത് കഴിഞ്ഞ രണ്ടുവര്‍ഷം തുടര്‍ച്ചയായി നടത്തിയ വോട്ടര്‍ പട്ടിക ശുദ്ധീകരണത്തെ തുടർന്നെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ എ. ഷാജഹാന്. 2020ല്‍ തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം 2023ലും 2024 ലും വോട്ടര്‍ പട്ടിക ശുദ്ധീകരണം നടത്തി. ഇക്കാലയളവില്‍ മരിച്ചവര്‍, കേരളം വിട്ടുപോയവര്‍, ഇരട്ട വോട്ടുള്ളവര്‍ തുടങ്ങി അനര്‍ഹരെന്ന് കണ്ടെത്തിയ 14 ലക്ഷത്തോളം പേരെ ഒഴിവാക്കി.
ഇതിനിടയില്‍ നടന്ന 375 വാര്‍ഡുകളിലെ തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പുകളിൽ 2.5 ലക്ഷത്തോളം വോട്ടര്‍മാരെ അധികമായി ഉള്‍പ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍മാരെ ചേര്‍ക്കുന്ന നടപടികള്‍ നടക്കുമ്പോള്‍ വോട്ടര്‍മാരുടെ എണ്ണം ഉയരാനാണ് സാധ്യത. ബുധനാഴ്ച കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച ശേഷം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കും. 2023ല്‍ 8,76,879 പേരും 2024 ല്‍ നടന്ന ശുദ്ധീകരണത്തില്‍ 4,52,951 പേരുമാണ് പട്ടികയില്‍നിന്ന് ഒഴിവായത്. നിലവില്‍ സംസ്ഥാനത്ത് 2,66,78,256 വോട്ടര്‍മാരാണുള്ളതെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ അറിയിച്ചു.
സംവരണ വാര്‍ഡ് നിർണയം സെപ്റ്റംബറില്‍
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നത് സെപ്റ്റംബറില്‍. അന്തിമ വോട്ടര്‍ പട്ടിക ആഗസ്റ്റ് 30ന് പ്രസിദ്ധീകരിച്ച ശേഷമാകും സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്ന നടപടികളിലേക്ക് കടക്കുകയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ എ. ഷാജഹാന് അറിയിച്ചു. വാര്‍ഡ് സംവരണം പൂര്‍ത്തിയാകുന്ന മുറക്ക് അധ്യക്ഷ സ്ഥാനത്തേക്കുള്ള സംവരണം ആവര്‍ത്തന ക്രമമനുസരിച്ച് നിശ്ചയിക്കും.
1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 23,612 സീറ്റാണുള്ളത്. ഡിസംബര്‍ 20നാണ് നിലവിലെ ഭരണ സമിതിയുടെ കാലാവധി കഴിയുക. 21ന് പുതിയ ഭരണ സമിതി ചുമതലയേല്‍ക്കണം. പ്രധാന ആഘോഷങ്ങള്‍, പരീക്ഷകള്‍ തുടങ്ങിയവ ഒഴിവാക്കിയാകും തീയതി പ്രഖ്യാപിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.