ലഹരിക്കടിമയായ സഹോദരങ്ങൾ അയൽവാസിയുടെ വീട്ടിലെത്തി ബഹളംവെച്ചു; അന്വേഷിക്കാനെത്തിയ പൊലീസുകാരനടക്കം വെട്ടേറ്റു
text_fieldsകാസർകോട്: ലഹരിക്കടിമയായ സഹോദരങ്ങൾ നടത്തിയ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥനടക്കം രണ്ടുപേർക്ക് വെട്ടേറ്റു. ബിംബുങ്കാൽ സ്വദേശി സരീഷ്, ബേഡകം പൊലീസ് സ്റ്റേഷനിലെ സി.പി.ഒ സൂരജ് എന്നിവർക്കാണു വെട്ടേറ്റത്. കൊറത്തികുണ്ട് സ്വദേശികളായ ജിഷ്ണു, വിഷ്ണു എന്നിവരാണ് ആക്രമണം നടത്തിയത്.
കൊറത്തികുണ്ടിലെ ഒരു വീട്ടിലെത്തി ജിഷ്ണുവും വിഷ്ണുവും ബഹളം വെക്കുന്നതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. ഇത് അന്വേഷിക്കാനാണ് സൂരജ് എത്തിയത്. തുടർന്ന് സൂരജിനും സരീഷിനും വെട്ടേൽക്കുകയായിരുന്നു.
പരിക്കേറ്റ സരീഷിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.
ആക്രമിച്ച കത്തിവാളുകളും രക്തംപുരണ്ട മുണ്ടുകളും കണ്ടെത്തി; പ്രതികൾക്കായി പുലർച്ചവരെ തിരച്ചിൽ
കാഞ്ഞങ്ങാട്: പൊലീസുകാരനെയും യുവാവിനെയും കുത്താനുപയോഗിച്ച ഇരുതലമൂർച്ചയുള്ള രണ്ട് കത്തിവാളുകൾ സ്കൂൾ പരിസരത്ത് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. പ്രതികൾ ധരിച്ചിരുന്ന രക്തം പുരണ്ട മുണ്ടുകളും ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. പ്രതികൾക്കായി പുലർച്ചവരെ പൊലീസ് തിരച്ചിൽ നടത്തി. കാഞ്ഞിരത്തുങ്കാൽ, കുറത്തികുണ്ടിൽ ആക്രമണം നടത്തിയ ജിഷ്ണുവും വിഷ്ണുവും സഹോദരങ്ങളാണ്. കോട്ടയം സ്വദേശികളായ ഇവർ ടാപ്പിങ്ങിനായി എട്ടുവർഷം മുമ്പ് കുറത്തിക്കുണ്ടിലെത്തി ഇവിടെ വീടുവെച്ച് താമസമാണ്. കുത്തേറ്റ ബീബുങ്കാൽ സ്വദേശി സരീഷിനെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി.
കത്തിവാളുകൾ ബേഡകം എ.എൽ.പി സ്കൂൾ പരിസരത്താണ് ഉപേക്ഷിച്ചനിലയിൽ കണ്ടത്. പ്രതികളിൽ ഒരാളുടെ ഉടുമുണ്ട് സ്കൂൾ പരിസരത്തും ഒരു മുണ്ട് റോഡിലും കണ്ടെത്തി. അടിവസ്ത്രം ധരിച്ചാണ് പ്രതികൾ കടന്നുകളഞ്ഞത്. ഞായറാഴ്ച പുലർച്ച നാലുവരെ പൊലീസ് പ്രതികൾക്കായി വ്യാപക തിരച്ചിൽ നടത്തി. പുലർച്ച മഴ പെയ്തതോടുകൂടി തിരച്ചിൽ ഉപേക്ഷിക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.