തെളിവുകൾ നിരത്തി ചോദ്യശരങ്ങൾ; പതറി ഷൈൻ
text_fieldsകൊച്ചി: ലഹരി ഇടപാടോ ഉപയോഗമോ തനിക്കില്ലെന്ന് ചോദ്യംചെയ്യലിന്റെ ആദ്യഘട്ടത്തിൽ പറഞ്ഞ നടൻ ഷൈൻ ടോം ചാക്കോ തുടർ ചോദ്യംചെയ്യലിൽ പതറി. 32 ചോദ്യങ്ങളുടെ പട്ടികയായിരുന്നു പൊലീസിന്റെ കൈവശമുണ്ടായിരുന്നത്. പല ഘട്ടത്തിലും മൊഴികളിലെ വൈരുധ്യം പ്രകടമായി. ഇതിനിടെ ക്ഷീണം അനുഭവപ്പെട്ട ഷൈൻ കസേരയിലിരുന്ന് മയങ്ങി.
ലഹരി ഉപയോഗം, ഇടപാടുകാരുമായുള്ള ബന്ധം, ഹോട്ടലിൽനിന്ന് ഇറങ്ങിയോടിയത് എന്നിങ്ങനെ പൊലീസ് ചോദ്യങ്ങൾ ആരംഭിച്ചു. ലഹരിയുമായി ഒരു ബന്ധവുമില്ല, ഗുണ്ടകളാണെന്ന് തെറ്റിദ്ധരിച്ചാണ് ഓടിയത് എന്നിങ്ങനെയായിരുന്നു മറുപടി. കുറച്ച് ആളുകൾ മുറിയിലേക്ക് വരുന്നുവെന്ന വിവരം ലഭിച്ചപ്പോൾ ആക്രമിക്കാനെത്തുന്നതാണെന്നാണ് വിചാരിച്ചത്. പിറ്റേദിവസം സുഹൃത്തുക്കളിൽ ചിലർ വിളിച്ചപ്പോഴാണ് പൊലീസായിരുന്നെന്ന് അറിഞ്ഞത്. ഹോട്ടലിലെത്തിയവരെ ഗുണ്ടകളാണെന്ന് സംശയിക്കാനുള്ള കാരണമെന്താണെന്ന് ചോദിച്ചെങ്കിലും വ്യക്തമായ മറുപടിയുണ്ടായില്ല.
ഷൈനിന്റെ ഗൂഗിൾപേ ഇടപാടുകൾ, ഫോൺ രേഖകൾ, വാട്സ്ആപ് ചാറ്റുകൾ എന്നിവ പൊലീസ് പരിശോധിച്ചിരുന്നു. മൂന്ന് ഫോണുകളുള്ള ഷൈൻ ഒന്ന് മാത്രമാണ് ചോദ്യംചെയ്യലിനെത്തിയപ്പോൾ കൊണ്ടുവന്നത്. കുപ്രസിദ്ധരായ ചില ലഹരിയിടപാടുകാരുടെ പേരുകൾ സഹിതമാണ് പൊലീസ് ചോദ്യങ്ങൾ ഉന്നയിച്ചത്. അവരെയൊന്നും അറിയില്ല, ഒരു ബന്ധവുമില്ലെന്ന് മറുപടി നൽകി. ഈ ഘട്ടത്തിൽ സൈബർ സെൽ ഉദ്യോഗസ്ഥർ മുഖേന ലഭിച്ച ചില രേഖകൾ മുന്നോട്ടുവെച്ചു.
ഹോട്ടലിൽനിന്ന് ഇറങ്ങിയോടിയ ദിവസം കുപ്രസിദ്ധ ലഹരി ഇടപാടുകാരന് ഷൈൻ 20,000 രൂപ അയച്ചുകൊടുത്തതിനെക്കുറിച്ചും ചോദിച്ചു. ഇതോടെ ഷൈൻ പ്രതിരോധത്തിലായി. തുടർന്ന് ലഹരി ഉപയോഗം, ഇടപാടുകാരനുമായുള്ള ബന്ധം എന്നിവയൊക്കെ അംഗീകരിക്കുന്നതിലേക്ക് കാര്യങ്ങളെത്തി. ഇതോടെയാണ് കേസെടുക്കാനുള്ള സാധ്യതകൾ തുറക്കപ്പെട്ടത്.
ഹൈബ്രിഡ് കഞ്ചാവ് കേസിൽ ആലപ്പുഴയിൽ പിടിയിലായ തസ്ലീമയുമായി ബന്ധമുണ്ടെന്ന് ഷൈൻ സമ്മതിച്ചതായും വിവരമുണ്ട്. ലഹരി ഉപയോഗിക്കാറുണ്ടെന്നും കഴിഞ്ഞ വർഷം തന്നെ അച്ഛൻ ഡി അഡിക്ഷൻ കേന്ദ്രത്തിൽ കൊണ്ടുപോയെന്നും പറഞ്ഞിട്ടുണ്ട്. എന്നാൽ, 12 ദിവസത്തിനുശേഷം മടങ്ങിപ്പോന്നു. ഷൈൻ ഉൾപ്പെടെയുള്ളവർക്ക് ലഹരി നൽകിയെന്ന തസ്ലീമയുടെ മൊഴി വലിയ ചർച്ചയായിരുന്നു.
മുൻ അനുഭവം പാഠം: വിപുലമായ അന്വേഷണവുമായി പൊലീസ്
കൊച്ചി: മുൻ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരിക്കേസിൽ കൂടുതൽ സൂക്ഷ്മതയോടെയാണ് പൊലീസ് നടപടികൾ. പത്തുവർഷം മുമ്പ് കേരളത്തിലാദ്യമായി രജിസ്റ്റർ ചെയ്യപ്പെട്ട കൊക്കെയ്ൻ കേസിൽ ഷൈൻ ടോം ചാക്കോ മൂന്നാം പ്രതിയായിരുന്നു. എന്നാൽ, വർഷങ്ങൾക്കിപ്പുറം കഴിഞ്ഞ ഫെബ്രുവരിയിൽ ഷൈൻ ഉൾപ്പെടെ ഏഴ് പ്രതികളെ കോടതി വെറുതെവിടുകയായിരുന്നു.
കൊക്കെയ്ൻ ഉപയോഗിച്ചെന്ന് ശാസ്ത്രീയമായി തെളിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എറണാകുളം കടവന്ത്രയിലെ ഫ്ലാറ്റിൽ 2015 ജനുവരി 31ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഷൈൻ ടോം ചാക്കോയും സുഹൃത്തുക്കളും പിടിയിലായത്. മുൻ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പരമാവധി തെളിവുകൾ ശേഖരിച്ച് കൃത്യമായ ഇടപെടൽ നടത്തി മുന്നോട്ടുപോകാനാണ് പൊലീസ് നീക്കം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.