ഗൾഫിലേക്ക് ലഹരിക്കടത്ത്: സംഘത്തലവൻ അറസ്റ്റിൽ; പിടിയിലായത് കണ്ണൂർ സ്വദേശി
text_fieldsറഷീദ്
തൊടുപുഴ: ഗൾഫ് രാജ്യങ്ങളിലേക്ക് കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും കടത്തുന്ന സംഘത്തിലെ പ്രധാനിയെ ഇടുക്കി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കണ്ണൂർ മാട്ടൂൽ സ്വദേശി കെ.പി. റഷീദിനെയാണ് (30) കൊച്ചി വിമാനത്താവളത്തിൽനിന്ന് ക്രൈംബ്രാഞ്ച് സി.ഐ ഇ.എസ്. സാംസണിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഗൾഫ് രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്താണ്യുവാക്കളെ സംഘം ഉപയോഗിച്ചിരുന്നത്. ഗൾഫിലേക്കുള്ള വിസയും വിമാന ടിക്കറ്റും നൽകിയശേഷം കൂട്ടുകാർക്കുള്ള വസ്ത്രങ്ങളും പലഹാരങ്ങളുമാണെന്ന് പറഞ്ഞ് കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും നൽകുകയാണ് പതിവ്. വിമാനത്താവളത്തിൽ വെച്ചായിരുന്നു ഇവയുടെ കൈമാറ്റം. സംഘത്തിലെ ഒരാളും യുവാക്കൾക്കൊപ്പം ഗൾഫ് രാജ്യങ്ങളിലേക്ക് സഞ്ചരിച്ചിരുന്നു. പിടിക്കപ്പെട്ടാൽ എസ്കോർട്ട് പോയ ആൾ മാറിക്കളയും.
2018ൽ ഇടുക്കി രാജാക്കാട് സ്വദേശി അഖിൽ എന്ന യുവാവ് ഈ സംഘത്തിന്റെ ചതിക്കിരയായി ദുബൈയിൽ ജയിലിലായിരുന്നു. ദുബൈയിൽ ജോലി വാഗ്ദാനം ചെയ്ത് എറണാകുളത്തും കരിപ്പൂർ വിമാനത്താവളത്തിലും എത്തിച്ച ശേഷം സുഹൃത്തിനുള്ള പലഹാരം എന്ന വ്യാജേന അഞ്ചുകിലോ കഞ്ചാവ് കൈമാറുകയായിരുന്നു. ദുബൈ പൊലീസ് അറസ്റ്റ് ചെയ്ത അഖിലിന് 10 വർഷം ശിക്ഷ വിധിക്കുകയും ചെയ്തു. സംഭവത്തിൽ രാജാക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. 2021ൽ ഹൈകോടതി വിധിയെ തുടർന്നാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. തുടർന്ന് ഒന്നാംപ്രതി എറണാകുളം സ്വദേശി അൻസാഫ്, രണ്ടാം പ്രതി കണ്ണൂർ മാട്ടൂൽ സ്വദേശി റഹീസ്, നാലാം പ്രതി കാസർകോട് കാഞ്ഞങ്ങാട് സ്വദേശി റിയാസ് എന്നിവരെ അറസ്റ്റ് ചെയ്തു. മുഖ്യസൂത്രധാരനായ റഷീദ് ഗൾഫിലും മറ്റുമായി ഒളിവിൽ കഴിയുകയായിരുന്നു.
അഖിലിനെപ്പോലെ നിരവധിപേർ ഇവരുടെ കെണിയിൽ വീണ് ഗൾഫിൽ പിടിക്കപ്പെടുകയും ജയിലിലാകുകയും ചെയ്തിട്ടുണ്ട്. കോട്ടയം, മലപ്പുറം, ഇടുക്കി ക്രൈംബ്രാഞ്ചുകളാണ് കേസ് അന്വേഷിക്കുന്നത്. എസ്.ഐമാരായ മനോജ് കുമാർ, ഷിബു ജോസ്, ഷിജു കെ.ജി, എ.എസ്.ഐ മുഹമ്മദ് തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്. റഷീദിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി വിദേശത്തേക്ക് കഞ്ചാവ് കടത്തുന്ന ശൃംഖലകളെക്കുറിച്ച് വിശദ അന്വേഷണം നടത്തിവരുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.