ലഹരി തലക്ക് പിടിച്ച യുവാവ് പൊലീസ് വാഹനത്തിന്‍റെ ചില്ല് തകർത്തു
text_fieldsതൊടുപുഴ: നഗരത്തില്‍ വഴിയാത്രക്കാർക്കും വാഹന ഡ്രൈവര്‍മാര്‍ക്കും നേരെ ആക്രമണം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. ലഹരി തലക്ക് പിടിച്ച യുവാവ് പൊലീസ് സ്‌റ്റേഷനിലും വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലും എത്തിച്ചപ്പോള്‍ അവിടെയും പരാക്രമം തുടര്‍ന്നു. പൊലീസ് വാഹനത്തിന്‍റെ ചില്ലും അടിച്ച് തകർത്തു. മറയൂര്‍ സ്വദേശിയാണ് പിടിയിലായത്.
ഞായറാഴ്ച വൈകുന്നേരം നാലോടെ നഗരത്തില്‍ തിരക്കേറിയ ഗാന്ധി സ്‌ക്വയറിന് സമീപമായിരുന്നു പരാക്രമം. ഇയാളെ പിടികൂടി വൈദ്യ പരിശോധനക്കായി തൊടുപുഴ ജില്ല ആശുപത്രിയിലെത്തിച്ചു. പരിശോധന പൂര്‍ത്തിയാക്കി മടങ്ങാൻ വാഹനത്തിലേക്ക് കയറ്റുന്നതിനിടെ ഇയാൾ പൊലീസ് ജീപ്പിന്‍റെ പിന്‍ഭാഗത്തെ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയായിരുന്നു.
അക്രമാസക്തനായ ഇയാളെ ഏറെ പണിപ്പെട്ടാണ് കീഴ്പെടുത്തിയത്. ഇതിനിടെ വാഹനത്തിലുണ്ടായിരുന്ന മൂന്ന് പൊലീസുകാര്‍ക്ക് ചില്ലുകൊണ്ട് പരിക്കേറ്റു. സ്റ്റേഷനിലെ ലോക്കപ്പില്‍ രാത്രിയും ഇയാള്‍ അക്രമാസക്തനാകുകയും പൊലീസുകാരെ അസഭ്യം പറയുകയും ചെയ്തു. തിങ്കളാഴ്ച പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് സി.ഐ സുമേഷ് സുധാകരന്‍ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.