മദ്യലഹരിയിൽ ഡ്രൈവിങ് തുടരുന്നു; രണ്ടാഴ്ചയ്ക്കിടെ ആയിരക്കണക്കിന് പേർക്കെതിരെ നടപടി
text_fieldsതിരുവനന്തപുരം: നെടുമ്പാശ്ശേരിയിൽ മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് മൂന്നുപേർ മരിച്ച ദാരുണ സംഭവത്തിന് പിന്നാലെ സംസ്ഥാനത്ത് പൊലീസ് പരിശോധന കർശനമാക്കി. കേരളത്തിലെ റോഡപകടങ്ങൾ വർധിക്കുന്നതിനിടയിലും മദ്യപിച്ചു വണ്ടിയോടിക്കുന്നവരുടെ നിയമലംഘനം ഏറുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം ലഹരിയിൽ വാഹനം ഓടിച്ചതിന് സംസ്ഥാനത്തുടനീളം 14,983 പേർക്കെതിരെ പൊലീസ് നടപടിയെടുത്തു.
ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഏറ്റവും കൂടുതൽ പേർ പിടിയിലായത് എറണാകുളം ജില്ലയിലാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം എറണാകുളം റൂറൽ ജില്ലയിൽ മദ്യപിച്ച് വാഹനമോടിച്ച 1556 പേരാണ് പൊലീസിന്റെ പിടിയിലായത്. സംസ്ഥാനത്ത് തന്നെ ഏറ്റവും ഉയർന്ന കണക്കാണിത്.
മറ്റ് ജില്ലകളിലെ വിവരങ്ങൾ പരിശോധിച്ചാൽ കൊച്ചി സിറ്റിയിൽ 885 പേരും തിരുവനന്തപുരം സിറ്റിയിൽ 810 പേരും റൂറലിൽ 1054 പേരുമാണ് വലയിലായത്. കൊല്ലം സിറ്റിയിൽ 1011, കോട്ടയത്ത് 1187, ഇടുക്കിയിൽ 1066 എന്നിങ്ങനെയാണ് കേസുകൾ. അതേസമയം, വടക്കൻ ജില്ലകളിൽ ഇത്തരം നിയമലംഘനങ്ങൾ കുറവാണ്. കോഴിക്കോട് സിറ്റിയിൽ 355-ഉം റൂറലിൽ 455-ഉം കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ വയനാട്ടിൽ 423 പേരും പിടിക്കപ്പെട്ടു. കണ്ണൂർ സിറ്റിയിൽ 435, റൂറലിൽ 339, കാസർഗോഡ് 209 എന്നിങ്ങനെയാണ് മറ്റു കണക്കുകൾ. വരുംദിനങ്ങളിലും പരിശോധന കൂടുതൽ ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം.

