ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശകർ കുറഞ്ഞു
text_fieldsകൽപറ്റ: അമിത ടിക്കറ്റ് നിരക്കും പ്രവേശന നിയന്ത്രണവും കാരണം ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളുടെ വരവ് കുറഞ്ഞു. ഇത്തരം കേന്ദ്രങ്ങളിലേക്ക് വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞത് ജില്ലയുടെ ടൂറിസം മേഖലയെയും കാര്യമായി ബാധിച്ചതായാണ് വിലയിരുത്തൽ. വനം വകുപ്പിന് കീഴിൽ ജില്ലയിൽ ഒമ്പത് ഇക്കോ ടൂറിസം കേന്ദ്രങ്ങളാണുള്ളത്.
കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് ജീവനക്കാരൻ കൊല്ലപ്പെട്ടതിനെ പിന്നാലെയാണ് ഹൈകോടതി നിർദേശത്തെ തുടർന്ന് ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ എണ്ണത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. കോടതി നിർദേശപ്രകാരം ആദ്യം ടൂറിസം കേന്ദ്രങ്ങൾ അടച്ചിട്ടെങ്കിലും പിന്നീട് എണ്ണം നിയന്ത്രിച്ച് പ്രവേശനത്തിന് അനുമതി നൽകുകയായിരുന്നു. ടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിക്കാനും നിർദേശം നൽകി.
ജില്ലയിലെ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളിങ്ങളിലും ഒരു ദിവസം പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണവും നിശ്ചയിച്ചിട്ടുണ്ട്. അവധി ദിവസങ്ങളിൽ കുറുവ ദ്വീപ്, തോൽപ്പെട്ടി, മുത്തങ്ങ, മീൻമുട്ടി വെള്ളച്ചാട്ടം, മുനിശ്വരൻകുന്ന്, ബ്രഹ്മഗിരി ട്രക്കിങ്, ചെമ്പ്ര പീക്ക് തുടങ്ങി പ്രധാന കേന്ദ്രങ്ങളിൽ സന്ദർശിക്കാനെത്തുന്നവരിൽ ടിക്കറ്റ് ലഭിക്കാതെ നിരവധി പേർ മടങ്ങുന്നുണ്ട്. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൂടുതലായും കേന്ദ്രത്തിൽ പ്രവേശനം ലഭിക്കാതെ നിരാശരായി മടങ്ങേണ്ടിവരുന്നത്.
മതിയായ സുരക്ഷ ഒരുക്കി വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുകയും പ്രവേശന ഫീസ് കുറക്കുകയും വേണമെന്നാണ് സഞ്ചാരികളുടെ ആവശ്യം. വിനോദ സഞ്ചാരികളുടെ എണ്ണം കുറയുന്നത് ജില്ലയിലെ ഹോട്ടൽ, ഹോം സ്റ്റേ, റിസോർട്ടുകൾ, ടാക്സി വാഹനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, കുടുംബശ്രീ എന്നിങ്ങനെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട നിരവധി പേരുടെ ഉപജീവനമാർഗത്തെ സാരമായി ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

