‘പാതിവില’ തട്ടിപ്പ് അന്വേഷിക്കാൻ ഇ.ഡിയും
text_fieldsഅനന്തുവിനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നു
കൊച്ചി: പാതി വിലയ്ക്ക് ഇരുചക്രവാഹനങ്ങളും ഗൃഹോപകരണങ്ങളും വാഗ്ദാനം ചെയ്ത് സംസ്ഥാന വ്യാപകമായി ആയിരം കോടിയിലധികം രൂപ തട്ടിയ കേസ് അന്വേഷിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും. ഇതിന്റെ ഭാഗമായി തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരങ്ങൾ ഇ.ഡി ശേഖരിച്ചുതുടങ്ങി. വിവരശേഖരണം പൂർത്തിയായാൽ അന്വേഷണം ഏറ്റെടുക്കുമെന്നാണ് അറിയുന്നത്.
തട്ടിപ്പ് സംബന്ധിച്ച് സംസ്ഥാന വ്യാപകമായി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓരോ ദിവസവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നുമുണ്ട്. ഇതിന്റെ വിവരങ്ങൾ ആദായനികുതി വകുപ്പും ശേഖരിക്കുന്നുണ്ട്. പൊലീസ് ചുമത്തിയ വഞ്ചന കുറ്റത്തിന്റെ ചുവടുപിടിച്ചാകും ഇ.ഡിയുടെ അന്വേഷണം. തട്ടിപ്പിന്റെ വ്യാപ്തിയും ആളുകളിൽനിന്ന് പിരിച്ചെടുത്ത പണം ചെലവഴിച്ചത് ഏതെല്ലാം രീതിയിലെന്നും അറിയണമെങ്കിൽ ഇ.ഡി അന്വേഷണം വേണമെന്നാണ് വിലയിരുത്തൽ.അനന്തുകൃഷ്ണന്റെ പേരിൽ 19 ബാങ്ക് അക്കൗണ്ടുകൾ ഉള്ളതായും ഇതുവഴി 450 കോടിയുടെ ഇടപാടുകൾ നടന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സഹോദരിയുടെ പേരിലും ഇവരുടെ ഭർത്താവിന്റെ പേരിലും രണ്ടുകോടി രൂപ ഉപയോഗിച്ച് ഭൂമി വാങ്ങിയിട്ടുണ്ട്. പണം ആസൂത്രിതമായി വിദേശത്തേക്ക് കടത്തിയതായും അനന്തു വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചതായും സംശയിക്കുന്നു. വിവിധ കമ്പനികളുടെ സി.എസ്.ആർ ഫണ്ടിന്റെ സഹായത്തോടെ പകുതിവിലയ്ക്ക് സ്കൂട്ടറും ലാപ്ടോപ്പും ഗൃഹോപകരണങ്ങളും നൽകുമെന്ന് പറഞ്ഞാണ് ഇയാൾ ഇടത്തരക്കാരായ സ്ത്രീകളെ വലയിലാക്കിയത്. ആദ്യഘട്ടത്തിൽ കുറച്ചുപേർക്ക് വാഹനങ്ങൾ നൽകി വിശ്വാസം പിടിച്ചുപറ്റിയശേഷം പിന്നീട് വൻതോതിൽ പണം പിരിച്ചെടുക്കുകയായിരുന്നു.
അനന്തുകൃഷ്ണൻ അഞ്ചുദിവസം കസ്റ്റഡിയിൽ
മൂവാറ്റുപുഴ: കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണനെ അഞ്ചുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽവിട്ടു. മൂവാറ്റുപുഴ പൊലീസ് നൽകിയ അപേക്ഷയിലാണ് മൂവാറ്റുപുഴ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി നടപടി.
ജനുവരി 31 മുതൽ റിമാൻഡിൽ കഴിയുന്ന അനന്തുകൃഷ്ണനെ വിട്ടുകിട്ടാൻ തിങ്കളാഴ്ചയാണ് പൊലീസ് അപേക്ഷ നൽകിയത്. സത്യം പുറത്തുവരുമെന്നും അന്വേഷണം നടക്കട്ടെയെന്നും ഇയാൾ ജയിലിൽനിന്ന് പുറത്തിറങ്ങവെ മാധ്യമങ്ങളോട് പ്രതികരിച്ചു. സന്നദ്ധ സംഘടനകൾ വഴി നടപ്പാക്കിയ പദ്ധതിയാണ് ഇതെന്നും അനന്തു പറഞ്ഞു. കോടതി നടപടികൾ പൂർത്തിയാക്കിയ ശേഷം മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ ചോദ്യംചെയ്തു വരുകയാണ്.
വെള്ളിയാഴ്ച രാവിലെ തെളിവെടുപ്പിനായി ഇയാളുടെ വീട്ടിലും ഓഫിസുകളിലും എത്തിക്കും. പണം എവിടെ നിക്ഷേപിച്ചു, തട്ടിപ്പില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. സി.എസ്.ആർ ഫണ്ട് ഇയാൾക്ക് ലഭിച്ചിട്ടുണ്ടോയെന്നും കണ്ടെത്തേണ്ടതുണ്ട്. കഴിഞ്ഞ ദിവസം അനന്തു കൃഷ്ണന്റെ വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.