ഗോകുലം ഗോപാലനോട് ഇ.ഡി തേടിയത് വൻ നിക്ഷേപത്തിന്റെ വിവരങ്ങൾ
text_fieldsകൊച്ചി: പ്രമുഖ വ്യവസായിയും സിനിമ നിർമാതാവുമായ ഗോകുലം ഗോപാലനോട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരാഞ്ഞത് അദ്ദേഹത്തിന്റെ കമ്പനിയിലേക്ക് വന്ന വൻ നിക്ഷേപത്തിന്റെ വിവരങ്ങളെന്ന് സൂചന. വിദേശ നാണയ വിനിമയചട്ട ലംഘനവുമായി ബന്ധപ്പെട്ട് ഗോപാലനെതിരെ മുമ്പുണ്ടായിരുന്ന ആദായ നികുതി കേസുകളുടെ തുടർച്ചയാണ് വെള്ളിയാഴ്ചത്തെ പരശോധനയും ചോദ്യം ചെയ്യലും എന്നാണ് ഇ.ഡിയുടെ വിശദീകരണം.
എന്നാൽ, സംഘ്പരിവാറിനെ ചൊടിപ്പിച്ച ‘എമ്പുരാൻ’ സിനിമയുടെ നിർമാണമാണ് ഗോപാലനെ തേടി ഇപ്പോൾ ഇ.ഡി എത്താൻ കാരണമെന്നും പറയപ്പെടുന്നു. ഏതാനും ദിവസം മുമ്പ് ഗോകുലം കമ്പനിയിലേക്ക് വൻ നിക്ഷേപം എത്തിയിരുന്നു. ഇതിന്റെ സ്രോതസ്സ്, നിക്ഷേപം വന്നത് ഒന്നിലധികം പേരിൽനിന്നാണോ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും തേടിയത്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പി.എം.എൽ.എ), വിദേശനാണ്യ വിനിമയച്ചട്ടം എന്നിവയുടെ ലംഘനം നടന്നെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ, കൊച്ചി യൂനിറ്റുകളിൽനിന്നുള്ള ഇ.ഡി ഉദ്യോഗസ്ഥർ സംയുക്തമായി പരിശോധന നടത്തിയത്. 2023 ഏപ്രിലിൽ കൊച്ചിയിലെ ഓഫിസിൽ രാവിലെ മുതല്‍ വൈകീട്ട് വരെ ഗോപാലനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. വെള്ളിയാഴ്ചത്തെ പരിശോധനയുടെയും ചോദ്യം ചെയ്യലിന്റെയും വിശദാംശങ്ങൾ ഇ.ഡി പുറത്തുവിട്ടിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.