ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത വി.സിമാർക്കെതിരെ വിദ്യാഭ്യാസ മന്ത്രിമാർ
text_fieldsതിരുവനന്തപുരം: കൊച്ചിയിൽ ആർ.എസ്.എസിന് കീഴിൽ സംഘടിപ്പിച്ച ജ്ഞാനസഭയിൽ പങ്കെടുത്ത സർവകലാശാല വൈസ് ചാൻസലർമാർക്കെതിരെ വിമർശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും. അക്കാദമിക് സ്വാതന്ത്ര്യത്തെയും സ്വതന്ത്രചിന്തയെയും കാവിത്തൊഴുത്തിൽ കെട്ടാൻ കൂട്ടുനിന്നതിന് സമ്മേളനത്തിൽ പങ്കെടുത്ത വൈസ് ചാൻസലർമാർ അക്കാദമിക് സമൂഹത്തിനു മുന്നിൽ ഭാവികാലമാകെ തലകുമ്പിട്ടു നിൽക്കേണ്ടി വരുമെന്ന് മന്ത്രി ബിന്ദു പ്രസ്താവനയിൽ പറഞ്ഞു.
ജ്ഞാനോൽപാദനത്തിനും വിജ്ഞാന വളർച്ചക്കും നേതൃത്വം വഹിക്കേണ്ട വൈസ് ചാൻസലർമാരിൽ ചിലരുടെയെങ്കിലും തലകൾ ജ്ഞാനവിരോധത്തിന്റെ തൊഴുത്താക്കി മാറ്റിയെന്നത് ആർ.എസ്.എസിന് അഭിമാനകരമായിരിക്കാമെങ്കിലും കേരളത്തിന് ലജ്ജാകരമാണ്. സർവമതസ്ഥരുമുൾപ്പെട്ട വിദ്യാകേന്ദ്രങ്ങളെ ഹിന്ദുത്വരാഷ്ട്ര നിർമിതിക്ക് അണിയറകളാക്കാൻ കൂട്ടുനിൽക്കുന്നത് ഒരുകാരണവശാലും അംഗീകരിക്കാനാവില്ല.
ആഗോള അംഗീകാരമുള്ള കേരളത്തിന്റെ അക്കാദമികാന്തരീക്ഷത്തെ അന്ധകാരയുഗത്തിലേക്ക് നയിക്കുകയെന്ന രഹസ്യ അജണ്ടയോടെയാണ് കൊച്ചിയിലെ ആർ.എസ്.എസ് അനുകൂലികളുടെ സമ്മേളനമെന്നും ആ ഗൂഢലക്ഷ്യത്തിന്റെ പ്രാപ്തിക്കായി സർവകലാശാല വൈസ് ചാൻസലർമാരുടെ ആധികാരികതയെ കൂടി കാവി പൂശി നശിപ്പിക്കാനാണ് ഇവർ പദ്ധതിയിട്ടതെന്നും മന്ത്രി ബിന്ദു പറഞ്ഞു.
ആർ.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത ഫിഷറീസ് സർവകലാശാല (കുഫോസ്) വൈസ് ചാൻസലർ ഡോ. എ. ബിജുകുമാറിനെതിരെ മന്ത്രി ശിവൻകുട്ടി രംഗത്തുവന്നു. ആർ.എസ്.എസിന്റെ പരിപാടിക്ക് പോകുന്നവരെ ആ സ്ഥാനത്ത് ഇരുത്തേണ്ട കാര്യമില്ല. സര്‍ക്കാര്‍ പ്രതിനിധി സര്‍ക്കാറിന്റെ അനുവാദമില്ലാതെ പരിപാടികളില്‍ പങ്കെടുത്താല്‍ ആ സ്ഥാനത്തുനിന്ന് അയാളെ മാറ്റണം. ഗവര്‍ണര്‍ വളരെ ബുദ്ധിപൂർവം കാര്യങ്ങൾ നീക്കുകയാണെന്നും ശിവൻകുട്ടി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.