വൈദ്യുതിക്ഷാമം ഒഴിവാക്കാൻ കൂടുതൽ കരാറുകൾക്ക് ശ്രമം
text_fieldsതിരുവനന്തപുരം: വേനൽകാലത്തെ വൈദ്യുതിക്ഷാമം ഒഴിവാക്കാൻ കൂടുതൽ കരാറുകൾക്ക് കെ.എസ്.ഇ.ബി ശ്രമം. കൈമാറ്റ കരാറുകൾ വഴിയുള്ള വൈദ്യുതിക്ക് പുറമേ വേനൽകാല ആവശ്യം നേരിടാൻ ഹ്രസ്വകാല കരാറുകൾക്കാണ് നീക്കം. ഏപ്രിൽ 16 മുതൽ മേയ് 31 വരെ കാലയളവിൽ 350 മെഗാവാട്ട് വരെ ലഭ്യമാക്കാനുള്ള കരാറിന് കഴിഞ്ഞ ദിവസം ഇ-ടെൻഡർ ക്ഷണിച്ചു. കൈമാറ്റ കരാറുകൾ (ബാങ്കിങ്) വഴി ഉൽപാദകരിൽനിന്ന് വൈദ്യുതി എത്തിക്കാൻ കെ.എസ്.ഇ.ബി നേരത്തേ നടപടി ആരംഭിച്ചിരുന്നു.
500 മെഗാവാട്ട് വരെ ഇത്തരം കരാർ വഴി ലഭ്യമാക്കി പിന്നീട് തിരിച്ച് നൽകുന്നതാണ് ക്രമീകരണം. മാർച്ച് മുതൽ മേയ് വരെ വാങ്ങുന്ന വൈദ്യുതി ജൂൺ-സെപ്റ്റംബർ കാലയളവിൽ മടക്കിനൽകാനാണ് ധാരണ. മേയ് അവസാനം വരെ പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അളവിൽ കാര്യമായ വർധനക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ച വാങ്ങിയത് 84.9806 ദശലക്ഷം യൂനിറ്റാണ്. ദിവസങ്ങളായി 100 ദശലക്ഷം യൂനിറ്റിന് മുകളിലാണ് പ്രതിദിന ഉപയോഗം.
വ്യാഴാഴ്ച 102.2674 ദശലക്ഷം യൂനിറ്റായിരുന്നത് വെള്ളിയാഴ്ച 102.7817 ദശലക്ഷം യൂനിറ്റായി. പീക്ക് സമയ ഉപയോഗവും 5000 മെഗാവാട്ടിൽ കൂടുതലാണ്. ഉപയോഗം കൂടിയാലും വിതരണ ശൃംഖലയെ ബാധിക്കാതിരിക്കാൻ ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി പറയുന്നു. കേടായ ട്രാന്‍സ്ഫോര്‍മറുകള്‍ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കിയതടക്കം മുന്നൊരുക്കങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്.
400 ട്രാന്‍സ്ഫോര്‍മറുകള്‍ ഡിസംബര്‍ മുതല്‍ സെക്ഷന്‍ ഓഫിസുകൾക്ക് ലഭ്യമാക്കി. പുതുതായി 100 കെ.വി.എയുടെ 741 ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് ഓർഡർ നൽകിയതിൽ 225 എണ്ണം ലഭിച്ചു. 160 കെ.വി.എയുടെ 1139 ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് ഓർഡർ നല്‍കിയതില്‍ 599 എണ്ണം ലഭ്യമായിട്ടുണ്ട്. ഈ മാസം 210 എണ്ണം കൂടി എത്തും.
ആര്.ഡി.എസ്.എസ് പദ്ധതി, മലപ്പുറം, കാസർകോട്, ഇടുക്കി പാക്കേജുകളുടെ ഭാഗമായും 1600ലധികം ട്രാന്‍സ്ഫോര്‍മർ പുതുതായി സ്ഥാപിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. 1363 ട്രാന്‍സ്ഫോര്‍മറുകളുടെ ശേഷി വർധിപ്പിക്കാനും 418 ട്രാന്‍സ്ഫോര്‍മറുകള്‍ മാറ്റിസ്ഥാപിക്കാനും നിർദേശം നൽകിയെന്നും കെ.എസ്.ഇ.ബി പറയുന്നു. കഴിഞ്ഞ വർഷം ഉണ്ടായതുപോലുള്ള ട്രാൻസ്ഫോർമർ പ്രതിസന്ധി ഇക്കുറി ഉണ്ടാവില്ലെന്നും അധികൃതർ അവകാശപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.