സമ്മർദങ്ങളെ അതിജീവിച്ച് അവർ നീതിക്കായി പോരാട്ടം തുടരുന്നു...
text_fieldsതൃശൂർ: ഭീഷണി, സമ്മർദം, നീതിക്കായുള്ള കാത്തിരിപ്പ്, അവഗണന... ഒന്നും കോഴിക്കോട് പാവങ്ങാട് സ്വദേശികളായ ഈ കുടുംബത്തെ തളർത്തിയില്ല. നീതിക്കായുള്ള പോരാട്ടം അവർ തുടരുകയാണ്. ട്രെയിൻ യാത്രക്കിടെ അപമര്യാദയായി പെരുമാറിയയാളെ ശിക്ഷിക്കാൻ കോടതി കയറിയിറങ്ങിയത് എട്ടു വർഷം. പ്രതിയെ ശിക്ഷിച്ചിട്ടും സസ്പെൻഡ് ചെയ്യാൻ വേണ്ടിവന്നത് എട്ടു മാസം. സർക്കാർ സംവിധാനങ്ങളുടെ മെല്ലെപ്പോക്കിൽ നിരാശരായിട്ടും അവർ പോരാട്ടം തുടരുകയാണ്. 2016 സെപ്റ്റംബർ പത്തിനാണ് സംഭവം.
തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് കോഴിക്കോട് സ്വദേശിനിയോട് ജല അതോറിറ്റി നാട്ടിക പ്രോജക്ട് ഡിവിഷൻ ഓഫിസിൽ അസി. എക്സിക്യൂട്ടിവ് എൻജിനീയറായിരുന്ന ഇ. രാജേഷ് അർധരാത്രി അപമര്യാദയായി പെരുമാറിയത്. ഞെട്ടിയുണർന്ന യുവതിയും ഭർത്താവും ബഹളംവെച്ചു. തുടർന്ന് എസ് 10 കോച്ചിന്റെ ബാത്ത്റൂമിൽനിന്നാണ് ഇയാളെ പിടികൂടിയത്. ഷൊർണൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തതോടെ തങ്ങൾക്കുമേൽ സമ്മർദം തുടങ്ങിയതായി കുടുംബം പറയുന്നു.
ബി.ജെ.പി ജനപ്രതിനിധിയും പ്രതിയുടെ ഭാര്യയും അടക്കം സംഭവം നടന്ന ദിവസം വീട്ടിലെത്തി കേസ് പിൻവലിപ്പിക്കാൻ സമ്മർദം ചെലുത്തി. ആത്മഹത്യാഭീഷണി മുഴക്കി. എന്നാൽ, ഇവർ ഒത്തുതീർപ്പിന് തയാറായില്ല. ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിലേക്ക് കേസിനായി വർഷങ്ങൾ പോകേണ്ടിവന്നിട്ടും പിന്മാറിയില്ല.
പ്രതിഭാഗം അഭിഭാഷകരുടെ മണിക്കൂറുകൾ നീണ്ട വിസ്താരത്തിലും സത്യം പറഞ്ഞ് നിലകൊണ്ടു. ഒടുവിൽ 2024 ഒക്ടോബർ 26ന് കോടതി പ്രതിയെ ഒരു വർഷം തടവിനും 5000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.
ഇതോടെ ദുരിതം തീരുമെന്നാണ് കുടുംബം കരുതിയത്. എന്നാൽ, ഇവർക്ക് നീതി വീണ്ടും അകലെയായി. ശിക്ഷിക്കപ്പെട്ടിട്ടും രാജേഷിനെ സസ്പെൻഡ് ചെയ്യാൻ ജല അതോറിറ്റി തയാറായില്ല. അപ്പീൽ നൽകിയതിനാൽ തടവുശിക്ഷ തൽക്കാലം ഒഴിവാക്കപ്പെട്ട രാജേഷ് സർവിസിൽ തുടർന്നു.
മുഖ്യമന്ത്രി, ജലവിഭവ മന്ത്രി എന്നിവർക്ക് അടക്കം ഇടതു സഹയാത്രികനായ സ്ത്രീയുടെ ഭർത്താവ് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ജലവിഭവ മന്ത്രിയുടെ ഓഫിസിൽനിന്ന് മറുപടിപോലും ലഭിച്ചില്ലെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
അധികൃതർ ഇയാളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് വ്യക്തമായതോടെ പോരാട്ടം തുടർന്നു. കോടതി ഉത്തരവിന്റെ പകർപ്പില്ലെന്ന് പറഞ്ഞാണ് ആദ്യം നടപടി ഒഴിവാക്കിയത്. ഒറ്റപ്പാലം കോടതി ഉത്തരവ് വന്ന് നാലു മാസത്തിനുശേഷമാണ് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തതെന്ന് അദ്ദേഹം പറയുന്നു.
ഈ ഉത്തരവ് നൽകിയിട്ടും ജലവിഭവ വകുപ്പിൽനിന്ന് നടപടിയുണ്ടായില്ല. ഒടുവിൽ വാർത്തസമ്മേളനം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതോടെയാണ് ജൂൺ 27ന് സസ്പെൻഷൻ ഓർഡർ ഇറങ്ങിയത്. പ്രതി നൽകിയ അപ്പീലിൽ ജില്ല കോടതിയിലും പോരാട്ടം തുടരുമെന്ന് കുടുംബം ‘മാധ്യമ’ത്തോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.