ഒന്നുകിൽ പുനഃസംഘടന, അല്ലെങ്കിൽ ചർച്ച നിർത്തണം; ഡി.സി.സികളിൽ അതൃപ്തി കനക്കുന്നു
text_fieldsതിരുവനന്തപുരം: പുനഃസംഘടന പ്രഖ്യാപിച്ചെങ്കിലും സമവായ ചർച്ചകൾക്കുള്ള കെ.പി.സി.സി നീക്കങ്ങൾ വഴിമുട്ടിയതോടെ ഡി.സി.സികളിൽ കടുത്ത അതൃപ്തി. പ്രസിഡന്‍റ് മാറുമെന്ന പ്രതീതി വന്നതോടെ പലയിടത്തും പ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിലാണ്. സംഘടന സംവിധാനങ്ങൾ പൂർണമായും ചലിക്കേണ്ട തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് ജില്ലകളിൽ നിഷ്ക്രിയത്വമുണ്ടാകുംവിധമാണ് പുനഃസംഘടന ചർച്ചകളെന്നാണ് വിമർശനം.
‘ഒന്നുകിൽ സാധ്യമാകും വേഗത്തിൽ പുനഃസംഘടന നടപ്പാക്കണം, അല്ലെങ്കിൽ പുനഃസംഘടന ഇപ്പോഴില്ലെന്ന് പ്രഖ്യാപിച്ച് ചർച്ചകൾ അവസാനിപ്പിക്കണം, ഇത് രണ്ടുമില്ലാതെ അനിശ്ചിതത്വം തുടരുന്നത് സംഘടനയെ കാര്യമായി ബാധിക്കുമെന്നാണ് മിക്ക ഡി.സി.സി പ്രസിഡന്‍റുമാരുടെയും നിലപാട്. തദ്ദേശ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ സുപ്രധാന ചുമതലകളാണ് ഡി.സി.സി പ്രസിഡന്‍റുമാർക്ക് വഹിക്കാനുള്ളത് എന്നതിനാൽ വിശേഷിച്ചും.
സ്ഥലംമാറ്റ ഉത്തരവ് കിട്ടി, റിലീവിങ് ദിവസം കാത്തിരിക്കുന്ന ഉദ്യോഗസ്ഥരെ പോലെയാണ് പല ഡി.സി.സി പ്രസിഡന്‍റുമാരുടെ ഇപ്പോഴത്തെ സ്ഥിതിയെന്നാണ് ഒരു നേതാവ് പ്രതികരിച്ചത്. കഴിഞ്ഞദിവസം ഓൺലൈനിൽ ചേർന്ന യോഗത്തിൽ ഡി.സി.സി പ്രസിഡന്‍റുമാർ ഇത് സംബന്ധിച്ച അസംതൃപ്തി കെ.പി.സി.സി ഭാരവാഹികളെ അറിയിച്ചിട്ടുമുണ്ട്. അതേ സമയം വിഷയത്തിൽ കൃത്യമായ നിലപാട് പറയാൻ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് തയാറായിട്ടില്ല.
ഡൽഹിയിൽ പലവട്ടം ഇത് സംബന്ധിച്ച് ചർച്ചകൾ നടന്നെങ്കിലും പോംവഴി കണ്ടെത്തനായിട്ടില്ല. ഹൈകമാന്‍റാകട്ടെ തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടു. കെ.പി.സി.സി തലപ്പത്തെ മാറ്റത്തിനൊപ്പം ഡി.സി.സി അധ്യക്ഷന്മാരെയും മാറ്റാനായിരുന്നു തീരുമാനമെങ്കിലും നടപ്പായില്ല. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് അധ്യക്ഷന്മാരെ മാറ്റണമെന്ന് തത്വത്തിൽ ധാരണയുണ്ടെങ്കിലും അത് എങ്ങനെയെന്നതിൽ കൃത്യതയില്ലാത്തതാണ് പ്രതിസന്ധി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.