എലപ്പുള്ളി മദ്യനിർമാണശാല: ആദ്യം എതിർത്തത് കൃഷി വകുപ്പ്
text_fieldsRepresentational Image
പാലക്കാട്: എലപ്പുള്ളിയിൽ മദ്യനിർമാണശാല ആരംഭിക്കുന്നതിനെ കൃഷിവകുപ്പ് എതിർത്തതായി രേഖകൾ. ഓയാസിസ് കമ്പനി വാങ്ങിയ നെൽവയൽ തരംമാറ്റാൻ കഴിയില്ലെന്ന് 2024 ആഗസ്റ്റ് 29ന് കൃഷിവകുപ്പ് നൽകിയ റിപ്പോർട്ടാണ് പുറത്തുവന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തരംമാറ്റൽ അപേക്ഷ റവന്യൂ വകുപ്പ് തള്ളിയത്. പാലക്കാട് ആർ.ഡി.ഒയുടെ നിർദേശപ്രകാരം എലപ്പുള്ളി കൃഷി ഓഫിസർ നടത്തിയ പരിശോധനയിലാണ് ഡേറ്റ ബാങ്കിൽ ഉൾപ്പെട്ട ഭൂമി കണ്ടെത്തിയത്. പഞ്ചായത്ത് ആറാം വാർഡിലെ മണ്ണുക്കാട്ടാണ് 23.59 ഏക്കർ സ്ഥലം വാങ്ങിയത്. ഇതിൽ 5.89 ഏക്കറാണ് കൃഷിഭൂമി. 3.5 ഏക്കറോളമാണ് 2023ല്‍ തരംമാറ്റാൻ അപേക്ഷ നല്‍കിയത്. ഈ അപേക്ഷയാണ് കൃഷിവകുപ്പ് നിരസിച്ചത്. ഈ സ്ഥലത്ത് 2008 വരെ കൃഷിയുണ്ടായിരുന്നെന്നാണ് റിപ്പോർട്ട്.
തരംമാറ്റാന്‍ അപേക്ഷ നല്കിയതിനേക്കാള് കൂടുതല്‍ നിലം കമ്പനി ഭൂവുടമകളില്‍നിന്ന് കൈക്കലാക്കിയിട്ടുണ്ടെന്നും റവന്യൂരേഖകളില്നിന്ന് വ്യക്തമാകുന്നു. 18 സർവേ നമ്പറുകളിലുള്ള ഭൂമിക്കു പുറമെ പൂട്ടിപ്പോയ വിക്ടറി പേപ്പര്‍ മില്ലിന്റെ 2.86 ഏക്കര്‍ ഭൂമിയും കമ്പനിയുടെ പേരില്‍ വാങ്ങിയതായി റവന്യൂ രേഖകളിലുണ്ട്. എലപ്പുള്ളി -രണ്ട് വില്ലേജില്‍ ബ്ലോക്ക് 40ല്‍ 152/15, 152/10, 158/3, 158/1,158/4,156/12, 152/19, 152/18, 152/17, 152/16 152/11, 134/1 സർവേ നമ്പറുകളിലുള്ള പുരയിടവും 153/5, 153/1,156/7, 154/2, 152/2,133/18 സർവേ നമ്പറുകളിലുള്ള നിലവുമാണ് സ്വകാര്യ കമ്പനി ബ്രൂവറി നിര്‍മാണത്തിനായി ആദ്യം വാങ്ങിയത്. പിന്നീടാണ് 156/13, 156/14 സർവേ നമ്പറുകളിലുള്ള സ്വകാര്യ പേപ്പര്‍ മില്ലിന്റെ ഭൂമികൂടി വാങ്ങിയത്. ഈ രണ്ടു ഭൂമിക്കിടയിലും കമ്പനിയുടെ പേരിലുള്ള വയലുകള്ക്കിടയിലും മറ്റു സ്വകാര്യ വ്യക്തികളുടെ വയലുകളുണ്ട്. ഇവിടെ രണ്ടാംവിള നെല്‍കൃഷിയുമുണ്ട്.
മദ്യനിർമാണശാല പ്രവര്‍ത്തനം തുടങ്ങി പ്രദേശത്ത് ജലക്ഷാമം രൂക്ഷമായാല്‍ ഈ ഭൂവുടമകള്കൂടി സ്ഥലം കമ്പനിക്ക് അടിയറവെക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് നാട്ടുകാര്‍ പറയുന്നു. ഇതെല്ലാം മുന്‍കൂട്ടി കണ്ടാണ് കമ്പനി പ്രദേശത്ത് തുച്ഛമായ വിലക്ക് സ്ഥലം വാങ്ങിക്കൂട്ടിയത്. വയലിനു പുറമെ കമ്പനി വാങ്ങിയ സ്ഥലം റവന്യൂ രേഖകളില്‍ പുരയിടമെന്ന് കാണിക്കുന്നുണ്ടെങ്കിലും നേരത്തേ ഇതും കൃഷിക്കായി ഉപയോഗിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. കമ്പനി ഭൂമിയുടെ ഒരു അതിരില്‍ തോടും മറ്റ് അതിരുകളില്‍ നിലവുമാണുള്ളത്. ഒരു കിലോമീറ്ററിനുള്ളിൽ കോരയാര്‍ പുഴയുമുണ്ട്. വയലും തോടും സമീപത്തെ പുഴയും ഭാവിയില്‍ ഭൂഗര്‍ഭജലം ഊറ്റുന്നതിനുള്ള നല്ല സാധ്യതയാണെന്ന കണക്കുകൂട്ടലിലാണ് മദ്യനിര്‍മാണ കമ്പനി സ്ഥലം വാങ്ങിക്കൂട്ടിയിരിക്കുന്നതെന്നാണ് ആക്ഷേപം. ഇതോടെ ജലക്ഷാമം രൂക്ഷമായ ഒരു പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ ജീവിതവും 1856 ഹെക്ടര്‍ നെല്‍കൃഷിയുടെ ഭാവിയുമാണ് തുലാസ്സിലാകുന്നത്.
ഒയാസിസിനെതിരെ വി.കെ. ശ്രീകണ്ഠൻ
പാലക്കാട്: ഒയാസിസ് കമ്പനിക്കെതിരെ റവന്യൂ മന്ത്രിക്കും സംസ്ഥാന ചീഫ് സെക്രട്ടറിക്കും വി.കെ. ശ്രീകണ്ഠൻ എം.പി പരാതി നൽകി. എലപ്പുള്ളി വില്ലേജിൽ ഒയാസിസ് കമ്പനി 25 ഏക്കറോളം ഭൂമി വാങ്ങി പോക്കുവരവ് നടത്തി കരം അടച്ച് രണ്ടു വർഷത്തിലേറെയായി കൈവശം വെച്ചിരിക്കുകയാണെന്നും സംസ്ഥാനത്ത് കമ്പനികൾക്ക് നിയമപ്രകാരം 15 ഏക്കർ പുരയിടം മാത്രമേ സ്വന്തമായി വാങ്ങാനും കൈവശം വെക്കാനും സാധിക്കൂവെന്നും ഇതിന് വിരുദ്ധമായാണ് രജിസ്ട്രേഷൻ വകുപ്പ് കമ്പനിക്ക് ഇത്രയും ഏക്കർ ഭൂമി രജിസ്റ്റർ ചെയ്ത് നൽകിയതെന്നും പരാതിയിൽ പറയുന്നു. റവന്യൂ വകുപ്പ് പോക്കുവരവ് ചെയ്ത് കരം അടച്ചത് നിയമവിരുദ്ധമാണ്. നിയമവിരുദ്ധപ്രവർത്തനം നടത്തിയ രജിസ്ട്രേഷൻ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന വകുപ്പനുസരിച്ച് കേസെടുത്ത് അന്വേഷിക്കണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
അനിൽ അക്കര വിജിലൻസിൽ പരാതി നൽകി
പാലക്കാട്: എലപ്പുള്ളി ഗ്രാമപഞ്ചായത്തിൽ ബ്രൂവറി ആരംഭിക്കാനൊരുങ്ങുന്ന ഒയാസിസ് കമ്പനിക്കെതിരെ സംസ്ഥാന ചീഫ് സെക്രട്ടറിക്കും വിജിലൻസ് ഡയറക്ടർക്കും പരാതി നൽകി മുൻ എം.എൽ.എ അനിൽ അക്കര. എലപ്പുള്ളി വില്ലേജിൽ ഒയാസിസ് കമ്പനി 23.59 ഏക്കർ ഭൂമി വാങ്ങി പോക്കുവരവ് നടത്തി കരം അടച്ച് രണ്ടു വർഷത്തിലേറെയായി കൈവശംവെക്കുകയാണെന്ന് പരാതിയിൽ പറയുന്നു.
കേരള ഭൂപരിഷ്കരണ നിയമത്തിന് വിരുദ്ധമായതിനാൽ നിയമവിരുദ്ധ പ്രവർത്തനം നടത്തിയ കമ്പനിയുടെ മിച്ചഭൂമി സർക്കാർ ഏറ്റെടുക്കുകയും രജിസ്ട്രേഷൻ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന വകുപ്പനുസരിച്ച് കേസെടുത്ത് അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.