കിളിമാനൂരില്‍ അജ്ഞാത വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം: ഇടിച്ചത് പാറശ്ശാല എസ്.എച്ച്.ഒയുടെ കാർ
text_fieldsതിരുവനന്തപുരം: കിളിമാനൂരിൽ അജ്ഞാത വാഹനമിടിച്ച് കിളിമാനൂർ ചേണിക്കുഴി സ്വദേശി രാജൻ (59) മരിച്ച സംഭവത്തിൽ വാഹനം തിരിച്ചറിഞ്ഞു. പാറശ്ശാല എസ്.എച്ച്.ഒ അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള മാരുതി 800 കാറാണ് അപകടത്തിനിടയാക്കിയത്. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ നാലിനും അഞ്ചിനും ഇടയിലായിരുന്നു സംഭവം. റോഡിലൂടെ നടന്നുപോകുകയായിരുന്ന രാജനെ ഇടിച്ചിട്ട് കാർ നിർത്താതെ പോയിരുന്നു.
സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് വാഹനം തിരിച്ചറിഞ്ഞത്. വാഹനം അമിതവേഗത്തിൽ അലക്ഷ്യമായി ഓടിച്ചുവെന്നാണ് എഫ്.ഐ.ആർ. കൂലിപ്പണിക്കാരനായ രാജൻ റോഡിൽ ചോരവാർന്ന് കിടന്നെങ്കിലും ആരും അറിഞ്ഞില്ല. രാവിലെ ആറോടെയാണ് നാട്ടുകാർ കണ്ടത്. നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കിളിമാനൂർ പൊലീസിന്റെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിൽ വാഹനം ഓടിച്ചത് അനിൽകുമാറാണോ എന്ന് പരിശോധിക്കും. അനിൽകുമാറാണ് ഡ്രൈവറെന്ന് തെളിഞ്ഞാൽ ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുക്കും. സമീപത്തെയും ഈ റോഡിലെയും കൂടുതൽ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഡ്രൈവർ ആരാണ് എന്ന് തിരിച്ചറിയാൻ ശ്രമിക്കുന്നത്. അടുത്തദിവസം അനിൽകുമാറിനെ കിളിമാനൂർ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും തീരുമാനമെടുത്തു.
കുറ്റം തെളിഞ്ഞാൽ സസ്പെൻഷൻ അടക്കമുള്ള നടപടികളിലേക്ക് കടക്കാനും സാധ്യതയുള്ളതായി പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. വാഹനം നിര്‍ത്താതെ പോയതടക്കമുളള വകുപ്പുകള്‍ ചുമത്തി കേസെടുക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.