തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: യോഗം വിളിക്കാനും പ്രതികരിക്കാനും ദേവസ്വം മന്ത്രിക്ക് ‘വിലക്ക്’
text_fieldsകോട്ടയം: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട ദൈനംദിന കാര്യങ്ങൾ വിലയിരുത്തുന്നതിനും മുന്നൊരുക്കം ചർച്ചചെയ്യാനും ഉദ്യോഗസ്ഥതല യോഗങ്ങൾ വിളിക്കാനും പ്രതികരിക്കുന്നതിന് പോലും ദേവസ്വംമന്ത്രിക്ക് വിലങ്ങുതടിയായി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം. ശബരിമല തീർഥാടനകാലത്തിന് ദിവസങ്ങൾക്കുമുമ്പ് മന്ത്രിതലത്തിൽ ഉദ്യോഗസ്ഥയോഗം വിളിക്കുന്ന പതിവ് രീതിയുണ്ട്. എന്നാൽ, ഇക്കുറി അത്തരമൊരു യോഗം വിളിക്കാൻ ദേവസ്വം മന്ത്രി വി.എൻ. വാസവന് അനുമതി ലഭിച്ചില്ല. മാധ്യമങ്ങളോട് സംസാരിക്കുന്നതിനും അദ്ദേഹത്തിന് വിലക്കുണ്ട്.
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട ദൈനംദിന കാര്യങ്ങൾ വിലയിരുത്താൻ ഉദ്യോഗസ്ഥതല യോഗം വിളിക്കാൻ അനുമതി തേടി മന്ത്രി വി.എൻ. വാസവൻ സമീപിച്ചെങ്കിലും തെരഞ്ഞെടുപ്പ് കമീഷൻ അനുമതി നിഷേധിച്ചെന്നാണ് വിവരം. ഇതും ശബരിമല തീർഥാടനത്തിൽ പ്രതിസന്ധി സൃഷ്ടിച്ചു.
ശബരിമലയിലെത്തിയ തീർഥാടകർ അസൗകര്യംമൂലം ബുദ്ധിമുട്ടുന്നെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ മന്ത്രിയുടെ പ്രതികരണം ആരായാൻ മാധ്യമങ്ങൾ ശ്രമിച്ചെങ്കിലും പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ കൂടുതല്‍ കാര്യങ്ങൾ വിശദീകരിക്കാന്‍ തനിക്ക് കഴിയില്ലെന്നായിരുന്നു വി.എന്‍.വാസവന്റെ പ്രതികരണം. നവംബർ പത്തിനാണ് തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം സംസ്ഥാനത്ത് നിലവിൽ വന്നത്.
അതിനാലാണ് ശബരിമലയിലെ മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാൻ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർക്കാൻ കഴിയാതെവന്നത്. മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ ദേവസ്വംബോർഡ് പ്രസിഡന്റായി നിയോഗിച്ചത് ദിവസങ്ങൾക്കുമുമ്പ് മാത്രമാണ്. അദ്ദേഹത്തിനും ഒരുക്കങ്ങൾ വിലയിരുത്താൻ മതിയായ സമയം ലഭിച്ചതുമില്ല.
കേന്ദ്രസേന എത്താത്തതും പ്രതിസന്ധി
ശബരിമല: ശബരിമലയിലെ തിരക്ക് നിയന്ത്രണാതീതമാകുമ്പോഴും കേന്ദ്രസേനയെത്തിയില്ല. സംസ്ഥാനവും ദേവസ്വംബോർഡും കേന്ദ്രസേനയെ ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. എന്നാൽ, മണ്ഡലകാലം തുടങ്ങി രണ്ടുദിവസം പിന്നിടുമ്പോഴും ഇവരുടെ സേവനം ലഭ്യമായിട്ടില്ല.
എൻ.ഡി.ആര്.എഫ്, അർ.എ.എഫ് സേനകളുടെ സേവനമാണ് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നത്. ഇവരുടെ സഹായം പൊലീസിന് ആശ്വാസമായിരുന്നു. ബിഹാർ തെരഞ്ഞെടുപ്പാണ് സംഘം വൈകാൻ കാരണമെന്നും ഉടൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശബരിമലയുടെ ചുമതലയുള്ള എ.ഡി.ജി.പി എസ്. ശ്രീജിത്ത് പറഞ്ഞു.
മണ്ഡലകാലത്തിന്റെ ആദ്യദിനം മുതൽ വലിയ തിരക്കാണ്. കഴിഞ്ഞദിവസങ്ങളിൽ തീര്‍ഥാടകരെ തടഞ്ഞിട്ടിരുന്നു. ചൊവ്വാഴ്ച നിലയ്ക്കലും ഇലവുങ്കലിലും ഭക്തരെ തടഞ്ഞു. അടുത്ത ദിവസങ്ങളിലും തീർഥാടകപ്രവാഹമുണ്ടായാൽ തടയാനാണ് തീരുമാനം.
ചൊവ്വാഴ്ച മണിക്കൂറുകളോളമാണ് ഭക്തര്‍ ക്യൂനിന്നത്. പമ്പയില്‍നിന്ന് ആറും ഏഴും മണിക്കൂറെടുത്താണ് ഭക്തര്‍ നടപ്പന്തലിന് മുകളിലെത്തിയത്. നടപ്പന്തലില്‍ ഭക്തര്‍ നിറഞ്ഞതോടെ ദര്‍ശനം കഴിഞ്ഞവര്‍ക്ക് മടങ്ങിപ്പോകാന്‍ കഴിയാത്ത അവസ്ഥയായി. തിരക്ക് വര്‍ധിച്ചതോടെ സാധ്യമായ എല്ലാ വഴികളിലൂടെയും കയറ്റിവിട്ടു. ഇതും ചൊവ്വാഴ്ച വലിയതോതിലുള്ള തിരക്കിലേക്ക് നയിച്ചു. പമ്പയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകളിൽ കയറാൻ കഴിയാതെ തീർഥാടകർ തിക്കുംതിരക്കും കൂട്ടുന്ന സ്ഥിതിയും നിലയ്ക്കലിലുണ്ടായി.
ഡിസംബർ ആദ്യ ആഴ്ചവരെയുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂർത്തിയായിരുന്നു. ഇതിലൂടെ മാത്രം 70,000 അയ്യപ്പന്മാർ സന്നിധാനത്തേക്ക് എത്തുമെന്ന് ഉറപ്പായിട്ടും അധികൃതർ വേണ്ടത്ര മുൻകരുതൽ ഒരുക്കിയില്ലെന്നും ആക്ഷേപമുണ്ട്.
ഇതിനിടെ, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും ഒരുക്കങ്ങൾക്ക് വിലങ്ങുതടിയായെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. ഉദ്യോഗസ്ഥയോഗം വിളിക്കാൻ ദേവസ്വം മന്ത്രിക്ക് തെരഞ്ഞെടുപ്പ് കമീഷൻ അനുമതി നിഷേധിച്ചു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനും വിലക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

