വൈദ്യുതിയും കുടിവെള്ളവും ഇനി പ്രീ പെയ്ഡ്
text_fieldsതിരുവനന്തപുരം: ജലവിഭവവകുപ്പ് കർഷക സൗഹൃദമാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കാർഷിക ആവശ്യങ്ങൾക്കുള്ള ജലം എല്ലാ കൃഷിയിടത്തും എത്തിക്കുകയാണ് ലക്ഷ്യമെന്നും നിയമസഭയിൽ ധനാഭ്യർഥന ചർച്ചക്കുള്ള മറുപടിയിൽ അദ്ദേഹം പറഞ്ഞു.
പ്രാരംഭഘട്ടമെന്ന നിലയിൽ നാണ്യവിളകൾക്ക് കൂടി ജലം എത്തിക്കും. കുടിവെള്ളവിതരണത്തിന് ജലവിഭവവകുപ്പ് പുതുതായി ആവിഷ്കരിക്കുന്ന സ്മാർട്ട് സിസ്റ്റം വഴി, മുൻകൂട്ടി പണമടച്ച് ആ തുകക്കുള്ള വെള്ളം മാത്രം ഉപയോഗിക്കാൻ പറ്റുന്ന രീതിക്ക് തുടക്കം കുറിക്കും.
മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്ന നിലപാടിൽ മാറ്റമില്ല. കേരളത്തിലെ ജനങ്ങളുടെ സുരക്ഷയും തമിഴ്നാടിന് ജലഭ്യതയും ഉറപ്പാക്കുകയാണ് സർക്കാർ നയം. മുല്ലപ്പെരിയാർ ജലനിരപ്പ് 136 അടി എന്നത് കേരളം മാറ്റിയിട്ടില്ല. 142 അടിക്ക് മുകളിലേക്ക് ജലനിരപ്പ് ഉയർത്താൻ പാടില്ലെന്നാണ് സുപ്രീംകോടതി വിധി. 136.6 എന്ന തമിഴ്നാട് ആവശ്യം മുന്നോട്ട് വെച്ചിരുന്നു. അതുപോലും കേരളം അംഗീകരിച്ചിട്ടില്ല. ജലജീവൻ മിഷൻ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും പാചകത്തിനുള്ള കുടിവെള്ളം എല്ലാ സ്കൂളിലും ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രളയവും വെള്ളപ്പൊക്കവും ദുരിതം വിതക്കുന്ന സാഹചര്യം മുന്നിൽകണ്ട് 44 നദികളെക്കുറിച്ച് പഠനം നടത്തി. എക്സിക്യൂട്ടിവ് എൻജിനീയർമാരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. 32 നദികളിൽ അടിഞ്ഞുകൂടിയ എക്കലും ചളിയും നീക്കംചെയ്ത് നീരൊഴുക്ക് സുഗമമാക്കി. അതിന്റെ ഫലം കണ്ടുതുടങ്ങി. അതിശക്തമായ മഴ ഉണ്ടായിട്ടുപോലും വലിയ വെള്ളപ്പൊക്കം ഒരിടത്തും ഉണ്ടായില്ല. ഈ പ്രവൃത്തി തുടരാനാണ് ഉദ്ദേശിക്കുന്നത്. നദികളിൽ അടിഞ്ഞുകൂടുന്ന എക്കലും ചളിയും എല്ലാ വർഷവും മാർച്ച്-ഏപ്രിലിൽ നീക്കംചെയ്യും.
തിരുവനന്തപുരം: 2025 ഓടെ നിലവിലെ വൈദ്യുതി മീറ്ററുകൾ ഘട്ടംഘട്ടമായി മാറ്റി പൂർണമായി പ്രീപെയ്ഡ് സംവിധാനമാകുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ഇതിന് ആർ.ഡി.എസ്.എസ് പദ്ധതിയിൽ ഉൾപ്പെടുത്തി 8175.05 കോടി രൂപയുടെ പദ്ധതി കെ.എസ്.ഇ.ബി ആവിഷ്കരിച്ചതായും മന്ത്രി നിയമസഭയിൽ പറഞ്ഞു. വൈദ്യുതി തടസ്സം പരമാവധി കുറക്കാൻ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളിൽ നിരീക്ഷണ നിയന്ത്രണ സംവിധാനമായ സ്കാഡ നടപ്പാക്കിയിട്ടുണ്ട്. എച്ച്.ടി ലൈനിൽ തകരാറുണ്ടായാൽ സ്ഥലം ഉടൻ അറിയുന്നതിന് കമ്യൂണിക്കേറ്റിങ് ഫോൾട്ട് പാസ് ഡിറ്റക്ടർ എന്ന ഉപകരണം കെ.എസ്.ഇ.ബി സ്വന്തമായി വികസിപ്പിച്ച് സ്ഥാപിക്കുന്നുണ്ട്. ഇതുവരെ 8006 ഡിറ്റക്ടർ സ്ഥാപിച്ചു.
വൈദ്യുതി ബിൽ സഹകരണ സ്ഥാപനങ്ങളിലൂടെ അടക്കാൻ സംവിധാനം ഒരുക്കും. നിലവിൽ ഓൺലൈൻ വഴി ബിൽ അടക്കുമ്പോൾ സർവിസ് ചാർജ് ഈടാക്കാറില്ല. ഇനിയും വൈദ്യുതി എത്തിയിട്ടില്ലാത്ത ആദിവാസി ഊരുകളിൽ ഭൂഗർഭ കേബിൾ വഴി വൈദ്യുതി എത്തിക്കുന്നതിന് ചർച്ച പുരോഗമിക്കുകയാണ്. െചലവേറിയ പദ്ധതിയായതിനാൽ എം.എൽ.എ ഫണ്ടുകൾ കൂടി വിനിയോഗിക്കേണ്ടിവരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.