എല്ലാ മാസവും എല്ലാ വർഷവും വൈദ്യുതി നിരക്ക് വർധന
text_fieldsതിരുവനന്തപുരം: മാസാമാസം വൈദ്യുതി നിരക്ക് വർധനക്ക് വഴിയൊരുക്കുന്ന കേന്ദ്ര വ്യവസ്ഥ കേരളത്തിലും നടപ്പാക്കുന്നു. കേന്ദ്ര നിയമത്തിന്‍റെ ചുവടുപിടിച്ച് മാസം യൂനിറ്റിന് 20 പൈസയിൽ കവിയാത്ത തുക സർചാർജ് ഈടാക്കാൻ അനുമതി നൽകുന്ന കരട് ചട്ടങ്ങൾ സംസ്ഥാന റെഗുലേറ്ററി കമീഷൻ പുറപ്പെടുവിച്ചു.
വിവിധ മേഖലയിലുള്ളവരുടെ അഭിപ്രായങ്ങൾകൂടി കേട്ടശേഷമാകും അന്തിമ രൂപം നൽകുക. എല്ലാ വർഷവും വൈദ്യുതി നിരക്ക് വർധിപ്പിക്കുന്ന നടപടിക്ക് പുറമെയാണിത്. മാസാമാസം നിരക്ക് വർധനക്ക് ഇടയാക്കുന്ന കേന്ദ്ര ഭേദഗതിയെ കേരളം മുമ്പ് ശക്തമായി എതിർത്തിരുന്നു. എതിർപ്പിന്‍റെ ആവേശമൊക്കെ അടങ്ങി ആ വ്യവസ്ഥയും സംസ്ഥാനം നടപ്പാക്കുകയാണ് ഇപ്പോൾ. അധിക ചെലവ് മുഴുവൻ ഈടാക്കാമെന്ന കേന്ദ്ര വ്യവസ്ഥയിൽ കേരളം നേരിയ മാറ്റം വരുത്തിയിട്ടുണ്ട്.
ഇന്ധന സർചാർജ് മാത്രമാകും ഇങ്ങനെ ഈടാക്കുക. അധിക വിലക്ക് വാങ്ങി വിതരണം ചെയ്യുന്ന വൈദ്യുതിയുടെ അധികഭാരം ഇന്ധന സർചാർജ് എന്ന നിലയിൽ ഈടാക്കാൻ നിലവിൽ ഓരോ മൂന്ന് മാസത്തിലുമാണ് വിതരണ കമ്പനികളെ അനുവദിച്ചിരുന്നത്. ഇതുതന്നെ ഓരോ മൂന്ന് മാസത്തിലും കെ.എസ്.ഇ.ബി റെഗുലേററ്ററി കമീഷന് അപേക്ഷ നൽകുകയും കമീഷൻ തെളിവെടുപ്പ് നടത്തിയശേഷം അംഗീകരിക്കുന്ന തുക പിരിച്ചെടുക്കാൻ അനുവദിക്കുകയുമാണ് ചെയ്തിരുന്നത്. ഈ സംവിധാനമാണ് പുതിയ കേന്ദ്ര വ്യവസ്ഥയിലൂടെ മാറിയത്.
ഓരോ മാസവും 25ാം തീയതിക്കകം മുൻ മാസത്തെ വൈദ്യുതി വിലയിലെ അധിക ബാധ്യത എത്രയെന്ന് കമീഷനെ അറിയിക്കണം. ഇത് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും വേണം. ഈ തുക തൊട്ടടുത്ത മാസം മുതലുള്ള ബില്ലുകളിൽ ഈടാക്കാം. യൂനിറ്റിന് 20 പൈസയിൽ കൂടുതൽ വേണ്ടിവന്നാൽ അടുത്ത മാസത്തേക്ക് മാറ്റണം.
ആറ് മാസം വരെ മാത്രമേ ഇങ്ങനെ ഈടാക്കുന്നത് നീട്ടാനാകൂ. ആറ് മാസത്തിൽ ഒരിക്കൽ ശേഷിക്കുന്ന ബാധ്യതയെക്കുറിച്ച് വിതരണ കമ്പനി റെഗുലേറ്ററി കമീഷന് അപേക്ഷ നൽകണം. കമീഷൻ അനുവദിച്ചാൽ ആറ് മാസത്തിലൊരിക്കൽ മറ്റൊരു വർധനകൂടി വരും.
എല്ലാ മാസവും നിരക്ക് വർധനക്കാണ് (സർചാർജ്) ഇപ്പോഴത്തെ സാഹചര്യത്തിൽ സാധ്യത. ബാധ്യത കുറഞ്ഞാൽ നിരക്കിൽ കുറവ് നൽകണമെന്ന് വ്യവസ്ഥയുണ്ട്. എന്നാൽ, കമ്പനികൾ തന്നെയാണ് കണക്ക് തയാറാക്കുന്നതെന്നതിനാൽ ഇതിന് ഒരു സാധ്യതയുമില്ല. ഇതുവരെ കമ്പനികളുടെ അവകാശവാദത്തിൽ റെഗുലേറ്ററി കമീഷനുകളുടെ പരിശോധന ഉണ്ടായിരുന്നു. പുതിയ വ്യവസ്ഥ പ്രകാരം അതില്ല. പിരിച്ചെടുക്കുന്ന തുക കമീഷനെ അറിയിക്കണമെന്ന് മാത്രമേയുള്ളൂ.
ഇതോടെ, ഇന്ധന സർചാർജ് സ്ഥിരം സംവിധാനമാകും. തെളിവെടുപ്പിനുശേഷം കമീഷൻ അന്തിമ വിജ്ഞാപനം ഇറക്കിയാൽ ഓരോ അഞ്ച് യൂനിറ്റിനും ഒരു രൂപ വീതമാകും കൂടുക. ഇതിന് പുറമെ, ജൂൺ 30 നകം വൈദ്യുതി നിരക്കും വർധിക്കുന്നുണ്ട്. അതിനുള്ള നടപടികൾ കമീഷനിൽ തുടരുകയാണ്. അടുത്ത അഞ്ച് വർഷവും വർധനയുണ്ടാകും. ഈ വർധനക്ക് പുറമെയാണ് ഓരോ മാസവും വർധന വരുന്നത്. കമീഷൻ അനുവദിച്ചാൽ ആറ് മാസത്തിലൊരിക്കൽ അതുവരെയുള്ള കമ്പനികളുടെ അധിക ചെലവ് മറ്റൊരു നിരക്ക് വർധനയായും വന്നേക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.