റഗുലേറ്ററി കമീഷൻ നിർദേശങ്ങളോട് മുഖംതിരിച്ച് കെ.എസ്.ഇ.ബി
text_fieldsപാലക്കാട്: കാൻസർ രോഗികൾ, ഭിന്നശേഷിക്കാർ എന്നിവർക്കും ചെറുകിട സംരംഭകർക്കുമുള്ള ആനുകൂല്യം, തർക്കപരിഹാര സെൽ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വൈദ്യുതി റഗുലേറ്ററി കമീഷൻ നിർദേശങ്ങളോട് മുഖംതിരിച്ച് കെ.എസ്.ഇ.ബി. വിഷയങ്ങളിൽ ക്രിയാത്മക നടപടികളെടുക്കാത്ത കെ.എസ്.ഇ.ബിക്കെതിരെ റഗുലേറ്ററി കമീഷനെ സമീപിക്കാനൊരുങ്ങുകയാണ് ഉപഭോക്തൃ സംഘടനകൾ.
കാൻസർ രോഗി ആനുകൂല്യമെവിടെ?
നിരക്ക് പരിഷ്കരണത്തിൽ ബി.പി.എൽ വിഭാഗത്തിലെ കാൻസർ രോഗികൾ, ഭിന്നശേഷി വിഭാഗക്കാർ തുടങ്ങിയവർക്ക് 200 യൂനിറ്റ് വരെ ആനുകൂല്യങ്ങൾ ലഭിക്കുന്ന രീതിയിൽ നിബന്ധനകളിൽ മാറ്റംവരുത്തി റഗുലേറ്ററി കമീഷൻ ഉത്തരവിട്ടിരുന്നെങ്കിലും നടപ്പാക്കാതെ കെ.എസ്.ഇ.ബി. 2024 ഡിസംബർ മുതൽ പ്രാബല്യത്തിൽ വരേണ്ടതാണെങ്കിലും നടപടിക്രമം സംബന്ധിച്ച് ഉത്തരവിറങ്ങിയില്ലെന്ന് പറഞ്ഞ് സെക്ഷൻ തല ഉദ്യോഗസ്ഥർ ഉപയോക്താക്കളെ മടക്കിയയക്കുകയാണെന്നാണ് പരാതി. മറ്റ് സംസ്ഥാനങ്ങളിൽ 100 യൂനിറ്റ് വരെ എല്ലാ വീടുകൾക്കും സൗജന്യ വൈദ്യുതി നൽകുമ്പോഴാണിത്.
ചെറുകിട സംരംഭകരെ പിഴിയുന്നു
ചെറുകിട സംരഭകരടക്കമുള്ളവർക്ക് കിലോ വാട്ട് നിരക്കിലുള്ള നിശ്ചിത തുക കെ.എസ്.ഇ.ബിയിൽ അടച്ചാൽ മതിയാകുമെന്ന് കഴിഞ്ഞ ജൂലൈയിൽ റഗുലേറ്ററി കമീഷൻ പ്രഖ്യാപിച്ചതാണ്. ട്രാൻസ്ഫോമർ സ്ഥാപിക്കണമെങ്കിലോ 200 മീറ്റർ വരെ പുതിയ ലൈൻ നിർമിക്കണമെങ്കിലോ ഭേദഗതി പ്രകാരം കെ.എസ്.ഇ.ബി ചെലവ് വഹിക്കും. എന്നാൽ, ഇൗ തുക മുഴുവനായി ഉപഭോയോക്താവിൽ നിന്ന് ഈടാക്കുകയാണ്. ചെറുകിട സംരംഭങ്ങളിൽനിന്ന് ലക്ഷക്കണക്കിന് രൂപയാണ് ട്രാൻസ്ഫോമർ സ്ഥാപിക്കാൻ ഈടാക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ ചെറുകിട വ്യവസായങ്ങൾക്ക് ചെലവില്ലാതെ കണക്ഷൻ ലഭിക്കുമ്പോഴാണിത്.
പരാതി പരിഹാരവും തഥൈവ
റഗുലേറ്ററി കമീഷൻ കൊണ്ടുവന്ന മറ്റൊരു പ്രധാന നിർദേശമായ തർക്ക പരിഹാര ചട്ടത്തിൽ ഉപഭോക്താക്കളുടെ പരാതി പരിഹരിക്കാൻ സബ് ഡിവിഷനൽ തലത്തിൽ ആഭ്യന്തര തർക്കപരിഹാര സെല്ലുകൾ രൂപവത്കരിക്കണമെന്ന് 2023 മേയിൽ നിർദേശിച്ചിരുന്നു. എന്നാൽ, ഇതിപ്പോഴും പൂർത്തിയായിട്ടില്ല. തർക്ക പരിഹാര ഫോറങ്ങളിൽ ഉപഭോക്തൃ പ്രതിനിധിയെ ഉൾപ്പെടുത്തണമെന്ന നിർദേശം, വൈദ്യുതി തർക്കപരിഹാര ഫോറങ്ങൾ അഞ്ചെണ്ണം ആക്കണമെന്ന നിർദേശം എന്നിവ കടലാസിലൊതുങ്ങുകയാണ്. ഉന്നത ഉദ്യോഗസ്ഥരുടെ താൽപര്യമില്ലായ്മയാണ് റഗുലേറ്ററി കമീഷൻ നിർദേശങ്ങൾ അവഗണിക്കപ്പെടാൻ കാരണമാകുന്നതെന്നാണ് പരാതി.
നടപ്പാക്കിയില്ലെങ്കിൽ ശിക്ഷ
ഉത്തരവുകൾ നടപ്പാക്കിയില്ലെങ്കിൽ വൈദ്യുതി നിയമം-2003, സെക്ഷൻ 142 എന്നിവ അനുസരിച്ച് ഉദ്യോഗസ്ഥരുടെ മേൽ ലക്ഷം രൂപയിൽ കൂടാത്ത പിഴ ഈടാക്കാൻ റഗുലേറ്ററി കമീഷനാകും. നിരന്തരമായി ഇത് തുടർന്നാൽ വൈദ്യുതി വിതരണ ലൈസൻസ് പോലും റദ്ദാക്കാൻ റഗുലേറ്ററി കമീഷനാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.