വൈദ്യുതി ഉപയോഗ ഗ്രാഫ് ഉയരുന്നു; പ്രതിസന്ധി അരികെ?
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ വർധിക്കുന്ന ചൂടിനൊപ്പം വൈദ്യുതി ഉപയോഗത്തിന്റെ ഗ്രാഫും ഉയരുന്നു. പ്രതിദിന വൈദ്യുതി ഉപയോഗം കഴിഞ്ഞവർഷം മേയിലാണ് സർവകാല റെക്കോഡിലെത്തിയതെങ്കിൽ ഇക്കുറി വരുംആഴ്ചകളിൽ തന്നെ അത് മറികടക്കുമെന്നാണ് സൂചന. ഉയർന്ന ചൂട് മൂലം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് അടക്കമുള്ള ജാഗ്രത മുന്നറിയിപ്പാണ് ശനിയാഴ്ചവരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിരുന്നത്. ചൂട് നേരിടാൻ എ.സിയും ഫാനുമടക്കം കൂടുതലായി ഉപയോഗിക്കാൻ ജനങ്ങൾ നിർബന്ധിതരാവുന്നു. വേനൽമഴ കാര്യമായി ലഭിച്ചില്ലെങ്കിൽ മേയ് വരെ വൈദ്യുതി ഉപയോഗം ഉയർന്ന നിലയിൽ തുടർന്നേക്കും.
പീക്ക് സമയ ഉപയോഗം 5200 മെഗാവാട്ട് കടന്നു. ആഭ്യന്തര ഉൽപാദനം 18 ദശലക്ഷം യൂനിറ്റായി പരിമിതപ്പെടുത്തിയതോടെ, 83.4495 ദശലക്ഷം യൂനിറ്റ് സംസ്ഥാനത്തിന് പുറത്തുനിന്ന് വാങ്ങുകയായിരുന്നു. പീക്ക് സമയത്തെ ഉയർന്ന ഉപയോഗമായ 5797 മെഗാവാട്ട് രേഖപ്പെടുത്തിയത് കഴിഞ്ഞ മേയ് രണ്ടിനായിരുന്നു.
പീക്ക് സമയ ഉപയോഗം 5500 മെഗാവാട്ടിന് മുകളിലേക്ക് പോകുന്നത് വിതരണ ശൃംഖലകളെ ബാധിക്കാനിടയുണ്ട്.
വിതരണത്തിൽ ആശങ്ക
കേരളത്തിന് പുറത്തുനിന്ന് വൈദ്യുതി ലഭ്യമാക്കി ആവശ്യകത നേരിടാൻ കെ.എസ്.ഇ.ബി സജ്ജമാണെങ്കിലും വിതരണ മേഖലയിൽ പ്രതിസന്ധിക്കുള്ള സാധ്യത ഏറെയാണ്. കൂടൂതൽ ഉപയോഗമുള്ള മേഖലകളിൽ ട്രാൻസ്ഫോർമറുകൾ കത്തിപ്പോകുന്ന സാഹചര്യം ഇക്കുറിയും ആവർത്തിക്കപ്പെടാം. പീക്ക് സമയ ലോഡ് കണക്കാക്കി ഉപയോഗം കൂടുതലുള്ള മേഖലകളിൽ ക്രമീകരണമൊരുക്കിയിട്ടുണ്ടെന്ന് അധികൃതർ പറയുമ്പോഴും പ്രതീക്ഷിക്കുന്നതിലപ്പുറം ഉപഭോഗം കൂടിയാൽ വൈദ്യുതി വിതരണത്തിൽ തടസ്സങ്ങൾ നേരിട്ടേക്കാം. വിതരണ ശൃംഖല ദുർബലമായ വടക്കൻ ജില്ലകളിൽ അപ്രഖ്യാപിത നിയന്ത്രണങ്ങളുണ്ടായി. ഇക്കുറിയും ലോഡ് ഷെഡിങ്ങിന് സാധ്യത കുറവാണ്. എന്നാൽ, കഴിഞ്ഞവർഷത്തേതിന് സമാനമായ നിയന്ത്രണങ്ങൾക്ക് സാധ്യതയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.