താപനില ഉയരുന്നു; വൈദ്യുതി ഉപയോഗത്തിലും വർധന
text_fieldsതിരുവനന്തപുരം: ചൂട് കൂടുന്നതിനൊപ്പം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിലും വർധന. പ്രതിദിന ഉപയോഗം ചൊവ്വാഴ്ച 102.8818 ദശലക്ഷം യൂനിറ്റും ബുധനാഴ്ച 101.0305 ദശലക്ഷം യൂനിറ്റുമായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന ഉപഭോഗമാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. പീക്ക് സമയ ആവശ്യകത ചൊവ്വാഴ്ച 5000 മെഗാവാട്ടിന് മുകളിലേക്ക് ഉയർന്ന് 5040 ൽ എത്തിയെങ്കിലും ബുധനാഴ്ച നേരിയ കുറവുണ്ടായി. 4920 മെഗാവാട്ടായിരുന്നു ബുധനാഴ്ചയിലെ പീക്ക് സമയ ഉപയോഗം. ഏപ്രിൽ ഏഴിനാണ് ഈ മാസത്തെ ഇതുവരെയുള്ള ഉയർന്ന പീക്ക് സമയ ആവശ്യകതയായ 5053 മെഗാവാട്ട് രേഖപ്പെടുത്തിയത്. വിവിധ സംസ്ഥാനങ്ങളിൽ വൈദ്യുതി ആവശ്യകത ഉയർന്നതുമൂലം കരാറുകൾ പ്രകാരം ലഭിക്കുന്ന വൈദ്യുതിയിൽ അപ്രതീക്ഷിത കുറവുണ്ടാവുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
തിങ്കളാഴ്ച ഇത്തരത്തിൽ കേരളത്തിന് ലഭിക്കുന്ന വൈദ്യുതിയിൽ കുറവുണ്ടായി. ഇതുമൂലം പല ജില്ലകളിലും രാത്രിയിൽ 15 മിനിറ്റ് വരെ നിയന്ത്രണമേർപ്പെടുത്തേണ്ടിവന്നു. എന്നാൽ, സംസ്ഥാന വ്യാപകമായി നിയന്ത്രണമുണ്ടാകാത്തതിനാൽ ‘പ്രതിസന്ധി’ വലിയ പരിക്കില്ലാതെ നേരിടാനായി.
ദീർഘകാല, ഹ്രസ്വകാല കരാറുകൾക്ക് പുറമെ, വിവിധ വൈദ്യുതോൽപാദക കമ്പനികളുമായി കൈമാറ്റ കരാറുള്ളതിനാൽ ഈ മാസവും അടുത്തമാസവും കാര്യമായ പ്രതിസന്ധിയുണ്ടാവില്ലെന്ന വിലയിരുത്തലിലാണ് അധികൃതർ. അതേസമയം ആവശ്യമായ വൈദ്യുതിയുടെ ഭൂരിഭാഗവും വിവിധ സംസ്ഥാനങ്ങളിൽനിന്ന് വാങ്ങുന്നതിനാൽ ഉത്തരേന്ത്യൻ കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങൾ കേരളത്തിനുള്ള ഊർജ ലഭ്യതയിൽ ഏറ്റക്കുറച്ചിലിന് കാരണമാകാം. ബുധനാഴ്ച 75.6501 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് കേരളം വാങ്ങിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.