ആന എഴുന്നള്ളിപ്പ്: ‘മതിയായ അകലം’ എത്രയെന്ന് സർക്കാറിനോട് ഹൈകോടതി
text_fieldsകൊച്ചി: ഉത്സവത്തിനും മറ്റും എഴുന്നള്ളിക്കുന്ന ആനകൾ തമ്മിലെ അകലം സംബന്ധിച്ച് 2012ലെ നാട്ടാന പരിപാലന ചട്ടത്തിലെ വ്യവസ്ഥയിൽ സർക്കാറിനോട് വ്യക്തത തേടി ഹൈകോടതി. ‘മതിയായ അകലം’ വേണമെന്നാണ് ചട്ടത്തിൽ പറയുന്നത്. ഈ അകലം എത്രയാണെന്ന് വ്യക്തമാക്കാൻ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. നാട്ടാനകളുടെ ഉടമസ്ഥതയടക്കം കണ്ടെത്തുന്നതിനുള്ള സർവേ ഫെബ്രുവരി 15നകം പൂർത്തിയാക്കാനും നിർദേശിച്ചു. നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
ആനകൾ തമ്മിൽ മൂന്ന് മീ. അകലം വേണമെന്ന ഇതേ ബെഞ്ചിന്റെ 2024ലെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഉത്തരവ് അപ്രായോഗികമാണെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. അതേസമയം 2012ലെ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് ഉത്തരവിടുകയും ചെയ്തു. മലപ്പുറം തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞ സംഭവത്തിൽ സമഗ്ര റിപ്പോർട്ട് നൽകുന്നതിൽ വീഴ്ച വരുത്തിയ ജില്ല കലക്ടറുടെ നടപടിയിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. വിഷയത്തെ കലക്ടർ ഗൗരവമായി കണ്ടതായി തോന്നുന്നില്ല. ആരോ പറയുന്നതുകേട്ട് റിപ്പോർട്ട് തയാറാക്കിയതാണോയെന്നും കോടതി വാക്കാൽ ചോദിച്ചു. കലക്ടർ നൽകിയ റിപ്പോർട്ടിൽ തീയതിയിലടക്കം തെറ്റുള്ളതിനാൽ തിരുത്താൻ ആവശ്യപ്പെട്ട് മടക്കിയിരുന്നു. ഇക്കാര്യം പരാമർശിച്ചാണ് കോടതിയുടെ വിമർശനമുണ്ടായത്.
മലപ്പുറത്ത് ഒട്ടകത്തെ കശാപ്പിനായി കൊണ്ടുവന്ന വിഷയത്തിൽ നിയമം ഏത് തരത്തിലാണ് ബാധകമാകുകയെന്നതിൽ വ്യക്തതവരുത്താൻ കോടതി നിർദേശം നൽകി. വന്യജീവി നിയമത്തിന്റെ പരിധിയിൽ വരാത്തതിനാൽ ഒട്ടകത്തെ കശാപ്പ് ചെയ്യുന്നത് മൃഗങ്ങളോടുള്ള ക്രൂരതയുടെ വകുപ്പിൽപെടുമോ എന്ന സംശയം പ്രകടിപ്പിച്ചുകൊണ്ടാണ് കോടതിയുടെ നിർദേശം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.