ജീവനക്കാരുടെ അവധി: മാര്‍ഗരേഖയുമായി സര്‍ക്കാര്‍
text_fieldsതിരുവനന്തപുരം: ജീവനക്കാർക്ക് അവധി നല്‍കുന്നതിന് വ്യക്തമായ മാര്‍ഗരേഖ പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ ആലോചന തുടങ്ങി. എത്ര പേര്‍ക്ക് ഒരു ദിവസം അവധി നല്‍കാമെന്ന കാര്യത്തിൽ റവന്യൂ വകുപ്പാണ് മാര്‍ഗരേഖ പുറപ്പെടുവിക്കാനൊരുങ്ങുന്നത്. കോന്നി താലൂക്ക് ഓഫിസില്‍ ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്ത് ഉല്ലാസയാത്ര പോയ സംഭവം വിവാദമായതിനെ തുടർന്നാണ് നീക്കം. വകുപ്പിനെ പൊതുജനമധ്യത്തിൽ അപകീർത്തിപ്പെടുത്തുന്ന നിലയിൽ വിഷയം മാറുകയും ഭരണപക്ഷത്തുനിന്ന് തന്നെ വിമർശനമുണ്ടാകുകയും ചെയ്ത സാഹചര്യത്തിൽ സർക്കാറും സംഭവം ഗൗരവമായാണെടുക്കുന്നത്.
ജനങ്ങളെ നേരിട്ട് ഏറെ ബാധിക്കുന്ന വകുപ്പുകളിൽ അവധിക്ക് നിയന്ത്രണം കൊണ്ടുവരികയാണ് ലക്ഷ്യം. അവധിയെടുക്കാതെ ജീവനക്കാർ പല വ്യക്തിഗത ആവശ്യങ്ങൾക്കും പോകുന്ന സംഭവങ്ങൾ വിവിധ വകുപ്പുകളിൽ റിപ്പോർട്ട് ചെയ്തിരുന്നു. മൂന്‍കൂട്ടി അപേക്ഷ നല്‍കാതെ അവധിയെടുക്കുന്നത് നിയന്ത്രിക്കും. അടിയന്തര സാഹചര്യത്തിലാണ് അവധിയെങ്കിൽ അക്കാര്യം മേലുദ്യോഗസ്ഥനെ ബോധ്യപ്പെടുത്താനും വ്യവസ്ഥ ചെയ്യും. നിലവിൽ മാർഗനിർദേശങ്ങളുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ലെന്നാണ് വിലയിരുത്തൽ.
അവധിയെടുക്കുന്നത് ജീവനക്കാരുടെ അവകാശമാണെന്ന് ചൂണ്ടിക്കാട്ടുമ്പോഴും ഒരുദിവസം എത്ര ജീവനക്കാര്‍ക്ക് അവധി നല്‍കാമെന്നതില്‍ ചട്ടമില്ല. എല്ലാ ഓഫിസുകളിലും വിവിധ വിഭാഗങ്ങളായി തിരിച്ച് മാര്‍ഗനിര്‍ദേശം കൊണ്ടുവരാനാണ് ആലോചന. കോന്നിയിലെ ജീവനക്കാരുടെ വീഴ്ചയില്‍ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ലാന്‍ഡ് റവന്യൂ കമീഷണറുമായി ആലോചിച്ച ശേഷമാകും റവന്യൂ വകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.