സോളാറിനെ തള്ളി തോറിയത്തിന് പിന്നാലെ ഊർജ വകുപ്പും കെ.എസ്.ഇ.ബിയും
text_fieldsതിരുവനന്തപുരം: ജല വൈദ്യുത പദ്ധതികൾ പൂർണ തോതിൽ ഉപയോഗിക്കാതെയും സൗരോർജ വൈദ്യുതോൽപാദന രംഗത്തെ തള്ളിപ്പറഞ്ഞും മുന്നോട്ടുപോകുന്ന ഊർജ വകുപ്പും കെ.എസ്.ഇ.ബിയും ‘തോറിയം’ നിലയം ചർച്ചയാക്കുന്നതിനെതിരെ ചോദ്യങ്ങൾ ഉയരുന്നു. സമീപകാലത്തൊന്നും സാധ്യമാകാൻ ഇടയില്ലാത്ത ‘തോറിയം പ്ലാന്റുകൾ’ ഊർജ പ്രതിസന്ധിക്ക് പരിഹാരം എന്ന നിലയിലാണ് കെ.എസ്.ഇ.ബിയും ഊർജ വകുപ്പും അവതരിപ്പിക്കുന്നത്. തോറിയം നിലയം സംബന്ധിച്ച് ആണവ നിലയം പോലെ ഭയപ്പെടാനില്ലെന്നും ഇതേക്കുറിച്ച് ബോധവത്കരണം നടത്തും എന്നൊക്കെയാണ് വൈദ്യുതി വകുപ്പ് മന്ത്രി നൽകുന്ന വിശദീകരണം.
സംസ്ഥാനത്തെ ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാൻ ചെറുകിട ജലവൈദ്യുത പദ്ധതികൾ കൂടുതലായി നടപ്പാക്കുക, നിർമാണം തുടങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും പൂർത്തിയാക്കാത്ത വിവിധ പദ്ധതികൾ യാഥാർഥ്യമാക്കുക, സൗരോർജ വൈദ്യുതി ബാറ്ററിയിൽ ശേഖരിക്കാവുന്ന ‘ബെസ്’ വികേന്ദ്രീകൃത മാതൃകയിൽ സംസ്ഥാന വ്യാപകമായി ഒരുക്കുക, കാറ്റാടി നിലയങ്ങൾ പ്രോത്സാഹിപ്പിക്കുക, ഡാമുകളിലെ വെള്ളം വീണ്ടും ഉപയോഗിക്കാവുന്ന പമ്പ്ഡ് സ്റ്റോറേജ് സംവിധാനങ്ങൾ അടിയന്തരമായി നടപ്പാക്കുക എന്നിങ്ങനെ വിവിധ സാധ്യതകൾ മുന്നിലുണ്ടായിരിക്കെയാണ് ആണവ നിലയ, തോറിയം അധിഷ്ഠിത സാധ്യതകൾ തേടി കെ.എസ്.ഇ.ബിയും ഊർജ വകുപ്പും മുന്നിട്ടിറങ്ങുന്നത്.
കേരള തീരത്തെ മണലിൽ തോറിയം അടങ്ങിയിട്ടുണ്ടെന്നും അത് വേർതിരിച്ച് ഊർജ ഉൽപാദനത്തിന് ഉപയോഗിക്കാനാവുമെന്നാണ് വാദം. എന്നാൽ, ഇത്തരം മണൽ ശേഖരിച്ച് തോറിയം വേർതിരിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ നിലവിലെ സാഹചര്യത്തിൽ എളുപ്പമല്ല. ചവറ, നീണ്ടകര മേഖലയിൽ കെ.എം.എം.എല്ലും ഐ.ആർ.ഇയും നടത്തുന്ന കരിമണൽ ഖനനം തന്നെ നിരവധി പാരിസ്ഥിതിക പ്രശ്നങ്ങളുയർത്തുന്നുണ്ട്.
കൂടുതൽ മേഖലയിൽ ഖനനം നടത്തുന്നതിനെതിരെ പ്രാദേശിക എതിർപ്പുകൾ ഉയരുന്നുണ്ട്. ബാർക്കിന് കീഴിൽ പരീക്ഷണാടിസ്ഥാനത്തിൽ കൽപാക്കത്ത് നടക്കുന്ന പരീക്ഷണം പൂർണമാക്കി ഈ സാങ്കേതികവിദ്യ ന്യൂക്ലിയർ പവർ കോർപറേഷന് കൈമാറിയതായി ഔദ്യോഗിക വിശദീകരണം ഇനിയും വന്നിട്ടില്ല. ഇനിയും വിജയമാണെന്ന് പറയാനാകാത്ത സാങ്കേതികവിദ്യയുടെ പേരിൽ സർക്കാറും കെ.എസ്.ഇ.ബിയും മുന്നോട്ടുവെക്കുന്ന ചർച്ചകൾ വൈദ്യുതി ഉൽപാദന -പ്രസരണ - വിതരണ മേഖലയിലെ നിലവിലെ പ്രശ്നങ്ങൾ വഴിതിരിച്ചുവിടാനേ ഉപകരിക്കൂവെന്നാണ് പൊതുവെയുള്ള നിരീക്ഷണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.