‘വൈദേക’ത്തിൽ നേതൃത്വത്തോട് അതൃപ്തി പരസ്യമാക്കി ഇ.പി
text_fieldsഇ.പി ജയരാജൻ
കണ്ണൂർ: വൈദേകം റിസോർട്ട് വിവാദത്തിൽ സി.പി.എം നേതൃത്വത്തോടുള്ള അമർഷം പരസ്യമാക്കി കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ. വിവാദം ഉയർന്ന സമയത്തുതന്നെ നേതാക്കൾ വ്യക്തത വരുത്തിയിരുന്നെങ്കിൽ തനിക്കെതിരായ അധിക്ഷേപങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും ഇന്നലെ മുഖ്യമന്ത്രി പ്രകാശനം ചെയ്ത ഇ.പിയുടെ ‘ഇതാണെന്റെ ജീവിതം’ ആത്മകഥയിൽ പറയുന്നു.
സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി. ജയരാജൻ വൈദേകം ആയുർവേദ റിസോർട്ട് നിക്ഷേപത്തിൽ അഴിമതി ആരോപണം ഉന്നയിച്ചതായ വാർത്ത വലിയ വിഷമമാണുണ്ടാക്കിയത്. ആ യോഗത്തിൽ പങ്കെടുക്കാത്തതിനാൽ എന്താണ് സംഭവിച്ചതെന്ന് അറിഞ്ഞിരുന്നില്ല. ദിവസങ്ങളോളം വാർത്തകൾ പുറത്തുവന്നെങ്കിലും എന്താണ് സംഭവിച്ചതെന്ന വിഷയം മാത്രം പുറത്തുവന്നില്ല. അടുത്ത യോഗത്തിലാണ് സത്യാവസ്ഥ വ്യക്തമാക്കിയത്. ഒരു സ്വകാര്യ കമ്പനിയെ സഹകരണ സ്ഥാപനം പോലെ സഹായിക്കാൻ പാടുണ്ടോ എന്നുമാത്രമാണ് പറഞ്ഞതെന്ന് പി. ജയരാജൻ പിന്നീട് പറഞ്ഞു. എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയതിലെ പ്രയാസം കേന്ദ്രകമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. താൻ പങ്കെടുക്കാത്ത സെക്രട്ടേറിയറ്റ് യോഗത്തിലാണ് മാറ്റാൻ ആദ്യചർച്ച നടന്നതെന്നും പുസ്തകത്തിൽ വിവരിക്കുന്നു.
എറണാകുളത്ത് ഒരു വിവാഹ ചടങ്ങിൽ തന്റെ മകനെ ബി.ജെ.പി നേതാക്കൾ പരിചയപ്പെടുകയും നമ്പർ വാങ്ങി നിരന്തരം ബന്ധപ്പെടുകയും ചെയ്തു. സ്ഥാനാർഥിയാക്കാൻ ആണെന്ന് മനസ്സിലായി അവൻ ഫോൺ എടുക്കാതായി. താൻ ബി.ജെ.പിയിൽ ചേരാൻ ചർച്ച നടത്തിയെന്ന ശോഭാ സുരേന്ദ്രന്റെ പ്രചാരണത്തെ തുടർന്നാണ് ലോക്സഭ തെരഞ്ഞെടുപ്പ് ദിനം പ്രകാശ് ജാവ് ദേകറെ കണ്ടെന്ന് വെളിപ്പെടുത്തേണ്ടി വന്നതെന്നും ആത്മകഥയിൽ പറയുന്നു. കൂത്തുപറമ്പ് വെടിവെപ്പ്, വധശ്രമങ്ങൾ, ഉമ്മൻ ചാണ്ടി ഭരണകാലത്തെ നിയമസഭ പ്രക്ഷോഭങ്ങൾ, മന്ത്രി, എം.എൽ.എ എന്ന നിലയിൽ ഉണ്ടായ അനുഭവങ്ങൾ, ജയിൽവാസം, എ.കെ.ജിയും അഴീക്കോടൻ രാഘവനും അടക്കമുള്ള നേതാക്കളുമൊത്തുള്ള ഓർമകൾ, നക്സലൈറ്റ് വർഗീസുമായുള്ള ആത്മബന്ധം തുടങ്ങിയവ ആത്മകഥയിൽ പരാമർശിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

