Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബന്ധുക്കൾ...

ബന്ധുക്കൾ ഏറ്റെടുത്തില്ല, അവർ 5 പേർക്കും എറണാകുളത്ത് അന്ത്യനിദ്ര

text_fields
bookmark_border
ബന്ധുക്കൾ ഏറ്റെടുത്തില്ല, അവർ 5 പേർക്കും എറണാകുളത്ത് അന്ത്യനിദ്ര
cancel

കൊച്ചി: വടുതലയിലെ വാടക വീട്ടിൽ ജീവനൊടുക്കിയ തിരുവനന്തപുരം സ്വദേശികളായ കുടുംബത്തിലെ അഞ്ചുപേരുടെ സംസ്കാരം എറണാകുളത്ത് നടത്തി. ബന്ധുക്കൾ സഹകരിക്കാത്തതിനെ തുടർന്നാണ് എറണാകുളത്ത് സംസ്കരിച്ചത്. വടുതല ശ്മശാനത്തിലായിരുന്നു സംസ്കാര ചടങ്ങ്.

പൊലീസ് അറിയിച്ചതിനെ തുടർന്ന് വിളപ്പിൽശാലയിൽനിന്ന് ശ്രീകുമാരിയുടെ സഹോദരൻ ഉൾപ്പെടെ അടുത്ത ബന്ധുക്കൾ എത്തിയിരുന്നു. ഇവരുടെ കൂടി നിർദേശപ്രകാരമാണ് സംസ്കാരം എറണാകുളത്ത് നടത്താൻ തീരുമാനിച്ചത്. തിരുവനന്തപുരം വിളപ്പിൽശാല കാരോട് കാവുവിള പരേതനായ ജി. സുരേന്ദ്രൻ നായരുടെ ഭാര്യ വൈ. ശ്രീകുമാരി (59), മകൾ പൂവച്ചാൽ പൂജാനിലയത്തിൽ അക്ഷതിന്‍റെ ഭാര്യ അശ്വതി എസ്. നായർ (39), അശ്വതിയുടെ മക്കളായ കാർണിവൻ (14), കീർത്തിവൻ (നാല്), അക്ഷിത (രണ്ട്) എന്നിവരെയാണ് ശനിയാഴ്ച വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീകുമാരിയും അശ്വതിയും തൂങ്ങിമരിച്ചനിലയിലും കുട്ടികൾ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലുമായിരുന്നു. ഇത് ശരിവെക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

വടുതല കർഷക റോഡ് ഗ്രീൻ ഗാർഡൻ സ്ട്രീറ്റ് വൺ ബിയിലെ വില്ലയിലാണ് ഇവർ രണ്ടുമാസം മുമ്പ് വീട് വാടകക്കെടുത്തത്. കഴിഞ്ഞ ദിവസം വീട്ടുടമയുടെ ബന്ധുവിനോട് തങ്ങൾ വീട് ഒഴിയുകയാണെന്ന് അറിയിച്ചിരുന്നു. വാടക മുഴുവൻ നൽകുകയും ചെയ്തു. അതേസമയം, പൊലീസ് കണ്ടെടുത്ത ആത്മഹത്യകുറിപ്പിൽ അശ്വതിയുടെ ഭർത്താവിന്‍റെ സുഹൃത്തുക്കൾക്കും ഭർതൃമാതാവിനും അയൽവാസികൾക്കുമെതിരെ ആരോപണങ്ങളുണ്ട്. കുറിപ്പിൽ പരാമർശിക്കുന്നവരിൽനിന്ന് അടുത്ത ദിവസങ്ങളിൽ പൊലീസ് മൊഴിയെടുക്കുമെന്നറിയുന്നു.

കൊച്ചി നഗരത്തിലെ വടുതലയും പരിസര പ്രദേശങ്ങളും ശനിയാഴ്ച പുലർന്നത് നടുക്കുന്ന വാർത്തയിലേക്കാണ്. കേട്ടവർ കേട്ടവർ സംഭവസ്ഥലത്തേക്ക് കുതിച്ചു. ആത്മഹത്യയാണോ കൊലപാതകമാണോ എന്നുൾപ്പെടെ പല സംശയങ്ങളും ആളുകളുടെ മനസ്സിലേക്കെത്തി. രാവിലെ ഒമ്പതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഇതിനു പിന്നാലെ നിരവധിയാളുകൾ ഇങ്ങോട്ടേക്കെത്തി. പ്രദേശവാസികളെ കൂടാതെ മാധ്യമപ്രവർത്തകരുടെ പടയും വീടിനു മുന്നിൽ തടിച്ചുകൂടി.

വടുതല കർഷക റോഡിലെ റെസിഡൻഷ്യൽ മേഖലയായ ഗ്രീൻ ഗാർഡൻ സ്ട്രീറ്റ് വൺ ബിയിലെ വില്ലയിലാണ് കൂട്ട ആത്മഹത്യ നടന്നത്. ഇവിടെ താഴെ നിലയിൽ വാടകക്ക് താമസിക്കുകയായിരുന്നു ആത്മഹത്യ ചെയ്ത തിരുവനന്തപുരം വിളപ്പിൽശാല സ്വദേശികളായ ശ്രീകുമാരിയും മകൾ അശ്വതിയും മൂന്നു മക്കളും. രണ്ടു മാസം മുമ്പാണ് ഇവർ മകന്‍റെ ചികിത്സയുമായി ബന്ധപ്പെട്ട് വടുതലയിൽ വാടകക്ക് താമസിക്കാൻ തുടങ്ങിയത്. ആഡംബര വില്ലയായ ഇവിടെ വൻ തുകയാണ് വാടകയായി നൽകിയിരുന്നത്. വീട്ടുടമയും കുടുംബവും വിദേശത്താണ്. വീട് വാടകക്ക് കൊടുക്കാറില്ലെങ്കിലും ചികിത്സക്കുവേണ്ടി എത്തിയെന്ന കാരണം കൊണ്ടു മാത്രം നൽകുകയായിരുന്നു.

സമീപത്തുതന്നെ താമസിക്കുന്ന വീട്ടുടമയുടെ സഹോദരന്‍റെ മകനാണ് ഒരാവശ്യത്തിന് രാവിലെ ഈ വീട്ടിലെത്തിയത്. ഇയാൾ കാളിങ് ബെൽ അടിച്ചിട്ടും ആരും തുറക്കാത്തതിനെ തുടർന്ന് പിതാവിനെ കൂട്ടി വന്ന്, ഡ്യൂപ്ലിക്കേറ്റ് ചാവിയുമായി തുറന്നുനോക്കി. അപ്പോഴാണ് നടുക്കുന്ന സംഭവം പുറത്തറിഞ്ഞത്.

പിന്നാലെ കൗൺസിലർ ആൽബർട്ട് അമ്പലത്തിങ്ങലിനെ വിളിച്ചുവരുത്തി, അദ്ദേഹമുൾപ്പെടെ ചേർന്നാണ് മുറികൾ പരിശോധിച്ചത്. ആൽബർട്ട് വിവരമറിയിച്ചതനുസരിച്ച് എറണാകുളം നോർത്ത് പൊലീസ് സംഭവസ്ഥലത്തെത്തി. ഇവരുടെ പരിശോധനയിൽ ആത്മഹത്യ കുറിപ്പും കണ്ടെടുത്തു.

തുടർന്ന് വിളപ്പിൽശാല പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ വിളപ്പില്‍ശാലയിലെ സ്വന്തം വീട് വാടകക്ക് നല്‍കിയ ശേഷമാണ് ഇവര്‍ എറണാകുളത്തേക്ക് മാറിയത്.

അശ്വതിയുടെ ഭർത്താവ് അശ്വത്ത് ആത്മഹത്യ ചെയ്തത് മാസങ്ങൾക്ക് മുമ്പ്

മരണത്തിലേക്ക് നയിച്ച കാരണങ്ങൾ വ്യക്തമാക്കിയുള്ള കുറിപ്പാണ് പൊലീസിന് ലഭിച്ചത്. രണ്ടു പേജുകളിലായി മലയാളത്തിലാണ് കത്തെഴുതിയത്. ഭർത്താവിന്‍റെ ആത്മഹത്യയെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് കൂട്ട ആത്മഹത്യക്കു കാരണമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഒപ്പം സ്വന്തം വീടിനടുത്ത് അയൽവാസികളുമായി ഉണ്ടായിരുന്ന തർക്കത്തെ കുറിച്ചും സൂചിപ്പിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലൈയിലാണ് അശ്വതിയുടെ ഭർത്താവ് അശ്വത്ത് ആത്മഹത്യ ചെയ്തത്. തുടർന്നുണ്ടായ ഒറ്റപ്പെടലും പ്രയാസങ്ങളുമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. ഞങ്ങൾ പോകുന്നു എന്ന് കത്തിലെഴുതിയിട്ടുണ്ട്.

ഒപ്പം തങ്ങളുടെ വീടും സ്ഥലവും മറ്റു സ്വത്തുവകകളും ഒരു അനാഥാലയത്തിന് വിട്ടുനല്‍കണമെന്ന വിൽപത്രത്തെ കുറിച്ചും അശ്വതി മരണക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്. വിൽ നടപ്പാകുമെന്നാണ് വിശ്വാസമെന്നും എഴുതിയിട്ടുണ്ട്.

എറണാകുളം നോർത്ത് പൊലീസാണ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുന്നത്. കൊച്ചി സിറ്റി ഡി.സി.പി ജി. അശ്വതി, എറണാകുളം സെൻട്രൽ എ.സി.പി പ്രേമാനന്ദ് കൃഷ്ണ, ടി.ജെ. വിനോദ് എം.എൽ.എ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.

‘‘ആൺകുട്ടികൾ രണ്ടാളും ഷെർവാണിയൊക്കെ ഇട്ടിട്ടാണ് കിടന്നിരുന്നത്. കുഞ്ഞുമോളുടെ ദേഹത്ത് ഒരു ചുവന്ന പുത്തനുടുപ്പ് വെച്ചിട്ടുണ്ട്. ഒരു കുട്ടി കണ്ണട വെച്ചിരുന്നു. മറ്റു രണ്ടുപേരും കൂളിങ് ഗ്ലാസ് ഒക്കെ വെച്ചാണ് കിടന്നിരുന്നത്. മൂന്നുപേരെയും നന്നായി പുതപ്പിച്ചിരുന്നു. മൂത്തയാൾ ഒരു മുറിയിൽ താഴെ കിടക്കുന്നു. മറ്റു രണ്ടു കുഞ്ഞുങ്ങളും വേറെ മുറിയിൽ കിടക്കയിലും കിടക്കുന്നു. അമ്മയും മകളും മറ്റൊരു മുറിയിൽ ഫാനിലും ഹുക്കിലുമായി തൂങ്ങിക്കിടക്കുന്നു. ഓരോ മുറിയും തുറന്നുനോക്കിയപ്പോ മനസ്സു നടുങ്ങി’’ -എറണാകുളം വടുതലയിൽ കൂട്ട ആത്മഹത്യ നടന്ന വീട്ടിലെ കാഴ്ചകളെ കുറിച്ച് പറയുമ്പോൾ പച്ചാളം ഡിവിഷൻ കൗൺസിലർ ആൽബർട്ട് അമ്പലത്തിങ്ങലിന്‍റെ വാക്കുകളിൽ ഞെട്ടൽ വിട്ടുമാറിയിരുന്നില്ല.

വടുതല കർഷക റോഡിൽ കൂട്ട ആത്മഹത്യ നടന്ന വീട്ടിലേക്ക് വീട്ടുടമയുടെ സഹോദരൻ വിളിച്ചതനുസരിച്ച് ആദ്യമെത്തിയ ആളാണ് ഇദ്ദേഹം. പൊലീസിനെ വിളിച്ചതും ആൽബർട്ട് തന്നെ. ‘‘എന്താണ് സംഭവിച്ചതെന്ന് ആദ്യം മനസ്സിലായില്ല. പൊലീസ് വന്ന് പരിശോധിച്ചപ്പോഴാണ് ആത്മഹത്യ കുറിപ്പ് കിട്ടിയത്. ചെന്നു കയറുന്ന ഹാളിൽ തന്നെ തൂങ്ങിമരിക്കാൻ ഉപയോഗിച്ച തുണിക്കഷണം കിടപ്പുണ്ട്. അകത്തേക്കു കയറിയപ്പോൾ സ്ത്രീകൾ മാത്രമാണ് മരിച്ചതെന്നാണ് കരുതിയത്. കുഞ്ഞുമക്കളെ കണ്ടപ്പോൾ ഞെട്ടിപ്പോയി’’ -അദ്ദേഹം തുടരുന്നു.

മൂന്ന് മുറിയിലും എ.സി ഓൺ ചെയ്ത നിലയിലായിരുന്നു. മൃതദേഹങ്ങൾ അഴുകിത്തുടങ്ങിയിരുന്നെങ്കിലും എ.സിയുടെ തണുപ്പു മൂലം ദുർഗന്ധമൊന്നും പുറത്തേക്ക് വന്നിരുന്നില്ല.

സമ്പന്നർ താമസിക്കുന്ന ഗ്രീൻ ഗാർഡൻ സ്ട്രീറ്റിലെ ആഡംബര വസതിയുടെ താഴെ നിലയിലാണ് ഇവർ 45,000 രൂപ വാടക നൽകി താമസിച്ചിരുന്നത്. സാമ്പത്തികമായി നല്ലനിലയിലുള്ള കുടുംബമാണെന്ന് പൊലീസ് പറയുന്നു.

പുറംലോകവുമായി വലിയ ബന്ധമില്ലാതെയാണ് ഇവർ താമസിച്ചിരുന്നത്. അയൽക്കാർക്കൊന്നും അശ്വതിയെയും കുടുംബത്തെയും പരിചയമില്ല. വിദേശത്തുള്ള വീട്ടുടമസ്ഥരുമായി മാത്രമാണ് ബന്ധമുണ്ടായിരുന്നതെന്നും സമീപവാസികൾ ചൂണ്ടിക്കാട്ടി. സംഭവമറിഞ്ഞയുടൻ വീട്ടുടമയുടെ ഭാര്യ നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

അടുത്ത മാസം ആദ്യം കുട്ടിയുടെ തുടർചികിത്സക്കായി സ്വകാര്യ ആശുപത്രിയിൽ ഒ.പി ബുക്ക് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. വീട്ടിനുള്ളിൽ കാര്യമായി പാചകം ചെയ്യുന്നതിന്‍റെ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല.

കൂടുതലായും ഓൺലൈനിൽ ഭക്ഷണമെത്തിച്ചാണ് കഴിക്കുന്നതെന്ന് വ്യക്തമാക്കും വിധം ഫുഡ് പാക്കിങ് കവറുകളും കണ്ടെയ്നറുകളും വീടിനകത്തുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsFamilicideKerala NewsObituary
News Summary - eranakulam familicide
Next Story