ഇലക്ട്രിക് സ്കൂട്ടറിന് തീ പിടിച്ചു; വീടിന്റെ ഭാഗവും വീട്ടുപകരണങ്ങളും കത്തി നശിച്ചു
text_fieldsവേങ്ങര: വീടിനടുത്ത് നിർത്തിയിട്ട ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു. ജനലിലൂടെ വീടിനകത്തേക്ക് തീ പടർന്നതോടെ വൈദ്യുതി ഉപകരണങ്ങളും വീടും ഭാഗികമായി കത്തി നശിച്ചു. എയർ കണ്ടീഷനർ ഉൾപ്പെടെയുള്ള ഉപകരണങ്ങളും വയറിങ്ങും കത്തിക്കരിഞ്ഞു.
തിരൂരങ്ങാടിക്കടുത്ത് മമ്പുറം മഖാമിന് മുൻവശം എ.പി. അബ്ദുല്ലത്തീഫിന്റെ വീടിന്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന ടി.വി.എസ്. ഐക്യൂബ് എസ് ഇലക്ട്രിക് സ്കൂട്ടറിനാണ് തീപിടിച്ചത്. രാത്രി 12 മണിയോടെ വീടിനു പുറത്ത് ജനവാതിലിലൂടെ വെളിച്ചം കണ്ടപ്പോൾ ഏതെങ്കിലും വാഹനം വരുന്നതാവുമെന്ന് കരുതി വീട്ടുടമ പുറത്തിറങ്ങി നോക്കിയപ്പോഴാണ് സ്‌കൂട്ടർ നിന്നു കത്തുന്നത് ശ്രദ്ധയിൽപെട്ടത്.
പോർച്ചിൽ നിർത്തിയ സ്‌കൂട്ടറിൽനിന്നും ജനവാതിലിലേക്കും വീട്ടിനകത്തേക്കും തീ പടർന്നു പിടിക്കുകയായിരുന്നു. വീട്ടുകാർ വെള്ളമണച്ചു തീ കെടുത്തിയെങ്കിലും സ്കൂട്ടർ പൂർണ്ണമായും കത്തി നശിച്ചു. തിരൂരങ്ങാടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
അപകടസമയത്ത് വീട്ടിലുണ്ടായിരുന്നവർ തീ കണ്ടയുടൻ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതുകൊണ്ടാണ് ആളപായം ഒഴിവായത്. അതിനിടെ, സ്‌കൂട്ടർ വിതരണക്കമ്പനിക്കാർ വീട് സന്ദർശിച്ച് പുതിയ സ്‌കൂട്ടർ പകരം നൽകാമെന്നും വീടിന്റെയും വീട്ടുപകരണങ്ങളുടെയും കേടുപാടുകൾ തീർത്തുതരാമെന്നും ഏറ്റിട്ടുണ്ടെന്ന് വീട്ടുടമ എ.പി. അബ്ദുല്ലത്തീഫ് പറഞ്ഞു.
തിരൂരങ്ങാടിക്കടുത്ത് മമ്പുറം മഖാമിന് മുൻവശം എ.പി. അബ്ദുല്ലത്തീഫിന്റെ വീട്ടിൽ നിർത്തിയിട്ട സ്‌കൂട്ടർ കത്തി നശിച്ച നിലയിൽ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.