'ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തിലേർപ്പെട്ടശേഷം ബലാത്സംഗ ആരോപണം ഉന്നയിക്കുന്ന കേസുകളിൽ കോടതികൾ ജാഗ്രത കാണിക്കണം'; ആരോപണവിധേയർ കുറ്റവിമുക്തരായാലും കളങ്കം പിന്തുടരുമെന്ന് ഹൈകോടതി
text_fieldsകൊച്ചി: വ്യാജ ബലാത്സംഗ ആരോപണത്തിനിരയാകുന്നവരെ കുറ്റവിമുക്തനാക്കിയാലും കളങ്കം വിടാതെ പിന്തുടരുമെന്നും ജീവിതത്തിലുടനീളം ബാധിക്കുമെന്നും ഹൈകോടതി.
ഇത്തരമൊരു കേസിൽ പിടിയിലായാൽ ഒരിക്കലും കഴുകിക്കളയാനാകാത്തവിധം അതിന്‍റെ കറ ജീവിതത്തിലുടനീളമുണ്ടാകും. പരസ്പര സമ്മതപ്രകാരമുള്ള ശാരീരികബന്ധത്തിന് ശേഷം ബലാത്സംഗ ആരോപണം ഉന്നയിക്കുന്ന കേസുകളിൽ മാറിയ സാഹചര്യങ്ങളും കോടതികൾ കണക്കിലെടുക്കണമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. ബലാത്സംഗക്കേസിൽ പ്രതിയായ മലപ്പുറം സ്വദേശി സമീർ ഇബ്രാഹിമിന് മുൻകൂർജാമ്യം അനുവദിച്ച ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം.
സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട വിദ്യാർഥിനി നൽകിയ പരാതിയിലാണ് ഹരജിക്കാരൻ പ്രതിയായത്. വിവാഹിതയായ ഇവർ ഭർത്താവുമായി അകന്ന് കഴിയുകയായിരുന്നു. യുവതി കഴിഞ്ഞ നവംബർ മൂന്നിന് ട്രെയിനിൽ കോഴിക്കോട്ട് എത്തി. ഹരജിക്കാരനോടൊപ്പം പോകുമ്പോൾ താമരശ്ശേരിയിലെയും തിരൂരിലെയും ഹോട്ടൽ മുറിയിൽവെച്ച് ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി.
ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നുവെന്ന് പരാതിക്കാരിയുടെ മൊഴിയിൽതന്നെ വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തിലേർപ്പെട്ടശേഷം ബലാത്സംഗ ആരോപണം ഉന്നയിക്കുന്ന കേസുകളിൽ കോടതികൾ ജാഗ്രത കാണിക്കണം. ഇത്തരം കേസുകളിൽ സാഹചര്യങ്ങൾ പരിശോധിക്കാതെ ജാമ്യഹരജിയിൽ തീരുമാനമെടുക്കുന്നത് ആരോപണത്തിന് ഇരയാകുന്നവരുടെ വ്യക്തിത്വത്തെ നശിപ്പിക്കും. ഇത് നീതിനിഷേധവുമാണെന്നും കോടതി വ്യക്തമാക്കി. തുടർന്ന് 50,000 രൂപയുടെ ബോണ്ടും തുല്യ തുകയുടെ രണ്ട് ആൾജാമ്യവുമടക്കം വ്യവസ്ഥകളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.