ഉമ്മൻ ചാണ്ടിയുടെ ഓര്‍മകളെപ്പോലും ഭയക്കുന്നു -ചാണ്ടി ഉമ്മൻ
text_fieldsചാണ്ടി ഉമ്മൻ അച്ഛൻ ഉമ്മൻ ചാണ്ടിയോടൊപ്പം (ഫയൽ ചിത്രം)
കോട്ടയം: ഉമ്മൻ ചാണ്ടിയുടെ ഓര്‍മകളെപ്പോലും സർക്കാറും സി.പി.എമ്മും ഭയപ്പെടുകയാണെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ. കേരളത്തെയും ഇന്ത്യയെയും സംബന്ധിച്ച് ചരിത്ര ദിവസമാണിത്. വിഴിഞ്ഞം തുറമുഖത്തിന്റെ കമീഷനിങ്ങിന് പ്രധാനമന്ത്രിയെത്തുന്നതും സംസ്ഥാന സര്‍ക്കാര്‍ അതിനാവശ്യമായ സഹായം നൽകുന്നതും നല്ല കാര്യമാണ്. എന്നാൽ, ഒരു കല്ല് മാത്രമിട്ടുവെന്നത് സ്ഥിരം കാപ്സ്യൂളായി സി.പി.എം പ്രചരിപ്പിക്കുകയാണ്. അത് വെറും പച്ചക്കള്ളമാണെന്ന് ആര്‍ക്കുമറിയാം. 2004ൽ ആദ്യം ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുതൽ വിഴിഞ്ഞം തുറമുഖം നടപ്പാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.
2006 വരെ ശ്രമം തുടര്‍ന്നിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പൂര്‍ത്തിയായിരുന്നില്ല. പിന്നീട് വി.എസ്. അച്യുതാനന്ദൻ സര്‍ക്കാറും ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും പൂര്‍ണതയിലെത്തിയിരുന്നില്ല. അന്ന് ചൈനീസ് കമ്പനിയാണ് എത്തിയിരുന്നത്. അതിനാൽതന്നെ അനുമതി കിട്ടിയിരുന്നില്ല. പിന്നീട് വീണ്ടും ഉമ്മൻ ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തി.
ആ സമയത്താണ് പാരിസ്ഥിതിക അനുമതിയടക്കമുള്ള നിര്‍ണായക നടപടികളെല്ലാം നേടിയത്. തുടര്‍ന്ന് കൗണ്ട്ഡൗണ്‍ തുടങ്ങി നിര്‍മാണം വരെ ആരംഭിച്ചതും ഉമ്മൻ ചാണ്ടി സര്‍ക്കാറാണ്. എന്നിട്ടും ഒന്നും ചെയ്യാതെ ക്രെഡിറ്റ് അടിച്ചെടുക്കാൻ മാത്രമായി പി.ആര് വര്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. ഉമ്മൻ ചാണ്ടിയുടെ ഓര്‍മകളെപ്പോലും ഭയപ്പെടുന്നതുകൊണ്ടാണ് പ്രതിപക്ഷ നേതാവിനെ ഉദ്ഘാടന പരിപാടിയിലേക്ക് ക്ഷണിക്കാത്തത്. പരമാവധി കോണ്‍ഗ്രസ് നേതാക്കളെ പരിപാടിയിൽനിന്ന് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും ചാണ്ടി ഉമ്മൻഎം.എൽ.എ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.