കുറ്റം സമ്മതിച്ചാലും നടപടിക്രമം പാലിക്കാതെ ശിക്ഷ പാടില്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: കുറ്റം ചെയ്തോ എന്ന കോടതിയുടെ ചോദ്യത്തിന് മറുപടിയായി പ്രതി കുറ്റം സമ്മതിച്ചാലും ഇതിെൻറ പേരിൽ മാത്രം ഒരാളെ ശിക്ഷിക്കരുതെന്നും നിശ്ചിത നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ടെന്നും ഹൈകോടതി. ഇത്തരം സാഹചര്യങ്ങളില്‍ ഏഴ് നിർദേശങ്ങൾ പാലിച്ചുവേണം കോടതി തീരുമാനമെടുക്കേണ്ടതെന്ന് ജസ്റ്റിസ് വി.ജി. അരുൺ വ്യക്തമാക്കി. മലപ്പുറം ആനക്കയം സ്വദേശി റസീന്‍ ബാബുവിന് പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിച്ച ശിക്ഷ റദ്ദാക്കിയാണ് ഉത്തരവ്. തുടർന്ന് ഹരജിക്കാരെൻറ കേസ് പുനര്‍വിചാരണക്ക് മജിസ്ട്രേറ്റ് കോടതിയിലേക്ക് മടക്കിയയച്ചു.
2014ല്‍ സ്കൂള്‍ പ്രവേശനോത്സവത്തിെൻറ ഭാഗമായി നടന്ന ഘോഷയാത്ര തടസ്സപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് ഹരജിക്കാരനെ ശിക്ഷിച്ചത്. കോടതിയില്‍ കുറ്റസമ്മതം നടത്തിയതിനെത്തുടര്‍ന്ന് പിഴശിക്ഷ വിധിച്ചു. ഇതിനെതിരെയാണ് ഹരജി നൽകിയത്. തെറ്റ് ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്ന് ഉത്തരം നൽകിയതുമാത്രം കണക്കിലെടുത്ത് ശിക്ഷിച്ചത് തെറ്റായ നടപടിയാണെന്നായിരുന്നു ഹരജിക്കാരെൻറ വാദം.
കുറ്റം സമ്മതിച്ചതിെൻറ പരിണിതഫലം എന്താണെന്ന് അറിയില്ലായിരുെന്നന്നും കോടതി ശിക്ഷിച്ചതിെൻറ പേരില്‍ പി.എസ്.സിയുടെ കോണ്‍സ്റ്റബിള്‍ (ടെലി കമ്യൂണിക്കേഷന്‍) റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും നിയമനം നിഷേധിക്കപ്പെെട്ടന്നും ഹരജിക്കാരന് ബോധിപ്പിച്ചു. കേസ് 2017 മാര്‍ച്ച് ഒമ്പതിന് വിചാരണക്കോടതിയുടെ പരിഗണനക്കെത്തിയപ്പോള്‍ തെറ്റ് ചെയ്തിട്ടില്ലെന്നാണ് പ്രതി പറഞ്ഞതെന്ന് രേഖകളില്‍നിന്ന് വ്യക്തമാണെന്ന് കോടതി വിലയിരുത്തി. വിസ്താരത്തിന് മാറ്റിയ കേസ് 2018 ഏപ്രില്‍ 24ന് പരിഗണിച്ചപ്പോഴും തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് കോടതി ആരാഞ്ഞു. ഉണ്ടെന്ന് മറുപടി നൽകിയതിെൻറ അടിസ്ഥാനത്തിലാണ് ശിക്ഷിച്ചതെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.
കുറ്റാരോപിതര്‍ പൂരിപ്പിച്ച് നൽകിയ ചോദ്യാവലിയില്‍ കുറ്റം ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒന്നാമത്തെ പ്രതി ഒന്നും എഴുതാത്തത് കോടതി പരിഗണിച്ചു. കുറ്റസമ്മതം നടത്തിയതിെൻറ പേരില്‍ ശിക്ഷിക്കാനും ചില നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കുറ്റം സമ്മതിച്ചാലും കുറ്റാരോപിതനെതിരായ കുറ്റങ്ങള്‍ വ്യക്തമാക്കി മജിസ്ട്രേറ്റ് കുറ്റങ്ങള്‍ ചുമത്തണം. അവ കുറ്റാരോപിതനെ വായിച്ച് കേള്‍പ്പിക്കുകയും വിശദീകരിക്കുകയും വേണം.
എന്നിട്ട് ഈ കുറ്റങ്ങള്‍ ചെയ്തതായി സമ്മതിക്കുന്നുണ്ടോ എന്ന് ചോദിക്കണം. ആരോപണങ്ങളുടെ ഗൗരവം മനസ്സിലാക്കി സ്വമേധയാ പ്രതി സമ്മതിക്കുന്നതായിരിക്കണം കുറ്റസമ്മതം. കുറ്റസമ്മതം കഴിയുന്നതും പ്രതിയുടെ വാക്കുകളില്‍ത്തന്നെ രേഖപ്പെടുത്തണം. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്തശേഷം പ്രതി കുറ്റം ചെയ്തിട്ടുണ്ടോയെന്ന് മജിസ്ട്രേറ്റ് വിവേചന ബുദ്ധിയോടെ തീരുമാനിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.