ആരോഗ്യ വകുപ്പിന്റെ അനാസ്ഥയിൽ കാലും ജോലിയും നഷ്ടമായ ഹാഷിമിൽനിന്ന് തെളിവെടുത്തു
text_fieldsകൽപറ്റ: വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥയിൽ കാലിന്റെ ചലനശേഷിയും സർക്കാർ ജോലിയും നഷ്ടമായ സംഭവത്തിൽ ആരോഗ്യ വകുപ്പ് നിയോഗിച്ച പ്രത്യേക മെഡിക്കൽ സംഘം മാനന്തവാടിയിൽ തെളിവെടുപ്പിനെത്തി. ഡോക്ടർമാരുടെ അനാസ്ഥക്കിരയായ വയനാട് പേരിയ ഊരാച്ചേരി ഹാഷിം സംഘത്തിന് മുന്നിൽ ഹാജരായി തെളിവുകൾ നൽകി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെയും ബീച്ച് ആശുപത്രിയിലെയും നാല് ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് തെളിവെടുപ്പിനെത്തിയത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ, ആ സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സുമാർ എന്നിവരിൽനിന്നും സംഘം വിവരങ്ങൾ ചോദിച്ചറിഞ്ഞു. അടുത്ത ദിവസം ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകും.

2023 ഫെബ്രുവരിയിൽ വെരിക്കോസ് വെയ്നിനുള്ള ശസ്ത്രക്രിയക്ക് ശേഷമാണ് ഹാഷിമിന്റെ കാലിന് ചലനശേഷി നഷ്ടമായത്. ശസ്ത്രക്രിയക്കിടെ ഡോക്ടർമാർ കാലിലെ രക്തയോട്ടത്തിനുള്ള ഞരമ്പ് മുറിച്ചുമാറ്റിയതാണ് യുവാവിനെ തീരാ ദുരിതത്തിലേക്ക് നയിച്ചത്. ഇതുസംബന്ധിച്ച് ‘മാധ്യമം’ കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. സർജറിക്കു ശേഷം വേദന അസഹനീയമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പിഴവ് തിരിച്ചറിഞ്ഞത്.
അപ്പോഴേക്കും 27 മണിക്കൂർ പിന്നിട്ടതിനാൽ കോശം നശിക്കുകയും തലച്ചോറിലേക്കുള്ള ഞരമ്പുകളുടെ പ്രവർത്തനം പൂർണമായും തടസ്സപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് വിവിധ മെഡിക്കൽ കോളജുകളിലായി ലക്ഷങ്ങൾ ചെലവാക്കി 12 ശസ്ത്രക്രിയ നടത്തിയാണ് ജീവൻ തിരിച്ചുപിടിച്ചത്. പി.എസ്.സിയുടെ ഡ്രൈവർ കം ഓഫിസ് അറ്റൻഡർ പരീക്ഷയിൽ 17ാം റാങ്ക് നേടി സംവരണ മാനദണ്ഡത്തിൽ അഞ്ചാമത്തെ ആളായി ജോലിയിൽ പ്രവേശിക്കാൻ ഇരിക്കെയായിരുന്നു കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടത്. ഫിറ്റ്നസ് ഇല്ലാതായതോടെ, ഉറപ്പായിരുന്ന സർക്കാർ ജോലിയും നഷ്ടമായി. പ്രായമേറിയ ഉപ്പയും ഉമ്മയും ഭാര്യയും വിദ്യാർഥികളായ രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഹാഷിം. ചികിത്സ, വീടിന്റെ ലോൺ, മക്കളുടെ പഠനം, ആറുമാസം കൂടുമ്പോൾ കൃത്രിമ കാൽ മാറ്റിവെക്കാനുള്ള ചെലവ് എന്നിവക്കെല്ലാം എങ്ങനെ പണം കണ്ടെത്തുമെന്ന ആധിയിലാണ് ഹാഷിം. ആരോഗ്യ വകുപ്പിന്റെ അനാസ്ഥയുടെ ബലിയാടായ തനിക്ക് ഒരു സർക്കാർ ജോലിയെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിൽ നിവേദനങ്ങളും പരാതികളുമായി, ചലനശേഷി നഷ്ടപ്പെട്ട കാലുമായി സർക്കാർ ഓഫിസുകൾ കയറി ഇറങ്ങുകയാണ് ഹാഷിമിപ്പോൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.