മാസപ്പടി കേസ്; സി.പി.എമ്മിന് താൽക്കാലികാശ്വാസം; വിധിയുയർത്തി രാഷ്ട്രീയ പ്രതിരോധം
text_fieldsതിരുവനന്തപുരം: എക്സാലോജിക് കേസിലെ സുപ്രീംകോടതി വിധി ഉയർത്തി രാഷ്ട്രീയ പ്രതിരോധത്തിന് തയാറെടുക്കുന്ന സി.പി.എമ്മിന് നിയമവഴികളിൽ ലഭിച്ചത് താൽക്കാലിക ആശ്വാസം. തുടക്കം മുതൽ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന തങ്ങളുടെ വാദത്തിന് സുപ്രീംകോടതി അടിവരയിട്ടെന്ന രീതിയിലാണ് സി.പി.എം വ്യാഖ്യാനങ്ങളും നേതാക്കളുടെ പ്രതികരണങ്ങളും.
എന്നാൽ, മെറിറ്റിലേക്ക് കടക്കാതിരുന്ന സുപ്രീംകോടതി, നടപടിക്രമങ്ങളിലെ വീഴ്ചയാണ് പ്രധാനമായി ചൂണ്ടിക്കാട്ടിയത്.
പിണറായി വിജയനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ച ഹൈകോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ ഹരജി പരിഗണിക്കാൻ ഡിവിഷൻ ബെഞ്ച് തയാറാകാതിരുന്നതിൽ നിയമപരമായ പോരായ്മ സംഭവിച്ചെന്നതാണ് പ്രധാന നിരീക്ഷണം. ഈ പശ്ചാത്തലത്തിൽ അപ്പീൽ വീണ്ടും ഹൈകോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കണമെന്നും നിഷ്കർഷിക്കുന്നു. ഇതിനുള്ള സാവകാശമെന്ന നിലയിൽ ഏഴു ദിവസത്തേക്ക് അന്വേഷണം സ്റ്റേ ചെയ്യുകയും ചെയ്തു.
എഫ്.ഐ.ആർ റദ്ദാക്കാതിരുന്ന കോടതി, അന്വേഷണ കാര്യങ്ങളിലേക്ക് കടന്നിട്ടില്ല. അക്കാര്യങ്ങളിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
അതേസമയം ഡിവിഷൻ ഉത്തരവ് തള്ളിയ സുപ്രീം കോടതി, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ട സിംഗിൾ ബെഞ്ച് വിധിയിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയത് സി.പി.എമ്മിന് പിടിവള്ളിയാണ്. ഒരുവശത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനും അതേ ഉത്തരവിന്റെ അവസാനത്തിൽ പ്രാഥമികാന്വേഷണമാകാമെന്നുമുള്ള പരാമർശങ്ങളാണ് വൈരുധ്യമായി ചൂണ്ടിക്കാട്ടപ്പെട്ടത്.
ഹൈകോടതി സിംഗിൾ ബെഞ്ച് ഉത്തരവിൽ കക്ഷിയല്ലാതിരുന്ന പിണറായി വിജയന് അപ്പീൽ നൽകാനാവില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ച് ഹരജി നിരസിച്ചത്.
എന്നാൽ, കേസെടുക്കാവുന്ന കുറ്റങ്ങളും തെളിവുകളുമുണ്ടെന്ന സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിൽ, പിണറായി അടക്കമുള്ളവരെ ‘ബാധിക്കപ്പെട്ട കക്ഷികളായി’ കണക്കാക്കാമെന്നും അപ്പീൽ പരിഗണിക്കാമെന്നുമാണ് സുപ്രീംകോടതി നിർദേശം.
കേസിൽ പ്രാഥമികാന്വേഷണമാണ് വേണ്ടതെന്ന സംസ്ഥാന സർക്കാർ നിലപാടിന് വിരുദ്ധമായിരുന്നു സിംഗിൾ ബെഞ്ച് വിധിയെന്നതിനാൽ സർക്കാറിനും അപ്പീൽ നൽകാമായിരുന്നുവെന്ന സുപ്രീംകോടതി പരാമർശവും സി.പി.എം ആയുധമാക്കുന്നു. വൈദ്യൻ കൽപ്പിച്ചതും രോഗി ഇച്ഛിച്ചതുമൊന്നെന്ന പോലെയാണ് കിട്ടിയ ഉടൻ എഫ്.ഐ.ആർ ഇട്ടതെന്ന സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവിന്റെ പ്രതികരണത്തിലും ഇക്കാര്യം വ്യക്തം.
ഹൈകോടതിയിൽ പിണറായിക്ക് അനുകൂല നിലപാടാണ് അഡ്വക്കറ്റ് ജനറൽ സ്വീകരിച്ചതെങ്കിലും സർക്കാർ അപ്പീൽ പോകണമെന്നതായിരുന്നു സി.പി.എം നിലപാട്. പുതിയ സാഹചര്യത്തിൽ നിയമപരമായ ഉത്തരവാദിത്വം സർക്കാർ നിർവഹിച്ചില്ലെന്ന വാദവും, ഒപ്പം ഇ.ഡിക്ക് കയറാനുള്ള വാതിൽ വി.ഡി. തുറന്നിട്ടെന്ന ആരോപണവും സി.പി.എം കടുപ്പിക്കും.
അന്വേഷണത്തിന് സ്റ്റേ വന്നതോടെ ഇ.ഡിയുടെ മൊഴിയെടുക്കലിന് പിണറായി വിജയൻ വെള്ളിയാഴ്ച ഹാജരാകില്ലെന്ന് ഉറപ്പായി.
ഡിവിഷൻ ബെഞ്ചിലെ അപ്പീലിനനുസരിച്ചാകും കേസിലെ ഇ.ഡി നീക്കങ്ങളുടെ ഭാവി. എഫ്.ഐ.ആർ റദ്ദാക്കിയാൽ ഇ.ഡി രജിസ്റ്റർ ചെയ്ത ഇ.സി.ഐ.ആറും അസാധുവാകും. ഈ വഴിയിലാണ് ഇനി സി.പി.എം പ്രതീക്ഷകൾ.

