Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരീക്ഷാക്രമക്കേടിൽ മൊഴികളെല്ലാം എതിര്; പി.എസ്.സി ചെയർമാൻ ഹാജരായേ പറ്റൂവെന്ന് എസ്.ഐ.ടി

text_fields
bookmark_border
PSC Chairman
cancel

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാക്രമക്കേട് അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് എസ്.ഐ.ടിക്ക് ലഭിച്ച മൊഴികളിലേറെയും ചെയർമാൻ എം.ആർ. ബൈജുവിനെതിര്. ഇതിന്‍റെ അടിസ്ഥാനത്തിൽ ചെയർമാനെ വീണ്ടും ചോദ്യം ചെയ്യാനുറച്ച് എസ്.ഐ.ടി. ഹാജരാകില്ലെന്ന ബൈജുവിന്‍റെ നിലപാട് അംഗീകരിക്കാനാവില്ല. ഇക്കാര്യം കാണിച്ച് വീണ്ടും നോട്ടീസ് നൽകിയേക്കും.

ക്രിമിനൽ കുറ്റം ചുമത്തി ഒരു ഏജൻസി നടത്തുന്ന അന്വേഷണത്തോട് സഹകരിക്കാൻ പി.എസ്.സി ബാധ്യസ്ഥമാണെന്നും ചെയർമാന് പ്രത്യേക പരിരക്ഷയില്ലെന്നുമുള്ള നിയമോപദേശമാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ചെയർമാനെ പ്രതിചേർക്കാൻ സാധിക്കുന്ന മൊഴികളാണ് ഇതുവരെയുള്ള അന്വേഷണത്തിലും പരാതികളിലും ലഭിച്ചതെന്നും ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താൻ ചോദ്യം ചെയ്യൽ അത്യാവശ്യമാണെന്നുമുള്ള നിലപാടിലാണ് എസ്.ഐ.ടി.

പി.എസ്.സി അംഗങ്ങളിൽ ചിലരും സെക്രട്ടറിയും നിലവിൽ അറസ്റ്റിലായ ഉദ്യോഗസ്ഥരും നൽകിയ മൊഴികളിലേറെയും ചെയർമാന് എതിരാണ്. ഇതിന് പുറമെയാണ് എസ്.ഐ.ടി രജിസ്റ്റർ ചെയ്ത നാല് കേസുകളിലും കൃത്രിമം വ്യക്തമായത്. ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പിൽ ഒന്നാം പ്രതിയായ മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിനെ പഴിചാരിയാണ് അഡീഷനൽ സെക്രട്ടറി ആർ. ഹരിയുടെ മൊഴി. എന്നാൽ, തനിക്ക് കീഴിലുള്ള മറ്റു ഉദ്യോഗസ്ഥരെയും ഉന്നതരെയുമാണ് സതീഷ് കുറ്റപ്പെടുത്തിയത്. തനിക്ക് കമ്പ്യൂട്ടർ പരിജ്ഞാനമില്ലെന്ന സതീഷിന്‍റെ മൊഴിയും അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള ശ്രമമായി വ്യാഖ്യാനിക്കുന്നു.

പി.എസ്.സി ഭരണസമിതി പിരിച്ചുവിടണമെന്ന ഗവർണറുടെ ശിപാർശ രാഷ്ട്രപതിയുടെ പരിഗണനയിലാണ്. പി.എസ്.സി പരീക്ഷകളുടെ ചോദ്യപേപ്പർ തയാറാക്കുന്നവരുടെ പാനൽ നിശ്ചയിക്കുന്നത് ചെയർമാനാണ്. എഴുത്തുപരീക്ഷാ മൂല്യനിർണയം നടത്തുന്നവരെ തീരുമാനിക്കുന്നതും ചെയർമാൻ നേരിട്ട് തന്നെയെന്ന മൊഴിയുണ്ട്. നിർണായകമായ പല തീരുമാനങ്ങളും കൂട്ടായ ആലോചനയില്ലാതെയും സെക്രട്ടറിയെ അറിയിക്കാതെയും സ്വന്തം നിലക്ക് എം.ആർ. ബൈജു എടുക്കുന്നുവെന്നും മൊഴികളുണ്ട്. ചെയർമാനും അറസ്റ്റിലുള്ള ആർ. ഹരിയും തമ്മിൽ അടുത്ത ബന്ധമെന്ന വിവരവുമുണ്ട്. ഈ സാഹചര്യത്തിൽ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ചെയർമാന് നോട്ടീസ് നൽകും. പ്രതികളെ ഒരുമിച്ച് വീണ്ടും കസ്റ്റഡിയിൽ വാങ്ങാനും അന്വേഷണസംഘം ഉദ്ദേശിക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Exam Irregularities Case: SIT Insists PSC Chairman Must Appear
Next Story