പ്രവാസികൾക്ക് 14 ദിവസം ക്വാറൻറീൻ നിർബന്ധെമന്ന് കേന്ദ്രം
text_fieldsകൊച്ചി: മാർഗ നിർദേശത്തിൽ ഭേദഗതിയുണ്ടാകാത്ത പക്ഷം പ്രവാസികൾക്ക് 14 ദിവസം സർക്കാർ ക്വാറൻറീൻ നിർബന്ധമാണെന്ന് കേന്ദ്ര സർക്കാർ ഹൈകോടതിയിൽ. ഇക്കാര്യത്തിൽ ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രത്തിന് ചീഫ് സെക്രട്ടറി കത്തയച്ചതായി സംസ്ഥാന സർക്കാർ. പൊതുതാൽപര്യം മുൻനിർത്തിയുള്ള സർക്കാറുകളുടെ പ്രവർത്തനം തുടരട്ടേയെന്ന് കോടതി. പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് പരിഗണനയിലുള്ള ഹരജികളിലാണ് സർക്കാറുകളും കോടതിയും നിലപാടറിയിച്ചത്.
എല്ലാ യാത്രക്കാരും 14 ദിവസം ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീന് നിർബന്ധമായും വിധേയരാകണമെന്നാണ് ദുരന്തനിവാരണ നിയമപ്രകാരം ദേശീയ എക്സിക്യൂട്ടിവ് ചെയർമാൻ പുറപ്പെടുവിച്ച മാർഗ നിർദേശം സംബന്ധിച്ച ഉത്തരവിലുള്ളതെന്ന് കേന്ദ്രം വ്യക്തമാക്കി. പിന്നീട്, പരിശോധനയിൽ നെഗറ്റിവ് ആയവരെ മാത്രമാണ് വീട്ടിൽ പോകാൻ അനുവദിക്കുക. വീണ്ടും 14 ദിവസം കൂടി ഇവർ ക്വാറൻറീനിൽ കഴിയണം. ഇതിനിടെ പോസിറ്റീവാകുന്നവരെ സംസ്ഥാന സർക്കാർ ആശുപത്രിയിലേക്ക് മാറ്റണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. ഇക്കാര്യങ്ങൾ വ്യക്തമാക്കിയ വിശദീകരണ പത്രികയും കേന്ദ്രം കോടതിയിൽ സമർപ്പിച്ചു.
എന്നാൽ, സുരക്ഷ ഉറപ്പാക്കിയുള്ള ഭേദഗതിക്കാണ് കേന്ദ്രത്തോട് അനുമതി തേടിയതെന്ന് സംസ്ഥാന സർക്കാറിനുവേണ്ടി അഡീ. അഡ്വക്കറ്റ് ജനറൽ അറിയിച്ചു. കേന്ദ്ര നടപടിക്രമം അനുസരിച്ച് തെർമൽ പരിശോധന നിർദേശിക്കുേമ്പാൾ യു.എ.ഇയിൽനിന്ന് വരുന്നവർക്കെല്ലാം സംസ്ഥാനം റാപിഡ് പരിശോധന നടത്തിയ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിഷ്കർഷിക്കുന്നുണ്ട്. വീണ്ടും ഏഴ് ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീന് ശേഷം കോവിഡ് പരിശോധന നടത്തിയാണ് ഹോം ക്വാറൻറീൻ അനുവദിക്കുന്നത്. ഭേദഗതി ആവശ്യപ്പെട്ട് നൽകിയ കത്തിൽ ഇക്കാര്യങ്ങളെല്ലാം അറിയിച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.
പ്രവാസികളുടെ ക്വാറൻറീൻ കാര്യത്തിൽ കേന്ദ്ര, സംസ്ഥാന മാർഗരേഖകളിൽ വൈരുധ്യമുള്ളതായി ഹരജിക്കാർ ചൂണ്ടിക്കാട്ടി. ഗൾഫ് രാജ്യങ്ങളിലേക്ക് മെഡിക്കൽ സംഘത്തെ അയക്കണമെന്ന ആവശ്യം ചില ഹരജിക്കാർ ആവർത്തിച്ചു. ഇതിനിടെയാണ് ഒരു മിഷൻ നടപ്പാക്കാനായി കേന്ദ്ര, സംസ്ഥാന സർക്കാറുകൾ എടുക്കുന്ന ഓരോ തീരുമാനത്തിലും കോടതി ഇടപെടുന്നത് ഉചിതമല്ലെന്നും അവരുടെ പ്രവർത്തനം തുടരട്ടേയെന്നും കോടതി വാക്കാൽ നിരീക്ഷിച്ചത്. കേസ് മേയ് 12ന് വീണ്ടും പരിഗണിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.