മഴ കനക്കും; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്
text_fieldsഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടറുകൾ ഉയർത്തിയപ്പോൾ
തിരുവനന്തപുരം: കിഴക്കൻ മലയോരത്തെ നടുക്കിയ മിന്നൽ പ്രളയത്തിനു പിന്നാെല വീണ്ടും മഴപ്പേടി. ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ബുധനാഴ്ച 11 ജില്ലകളിലും വ്യാഴാഴ്ച 12 ജില്ലകളിലും ഒാറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ബുധനാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഒാറഞ്ച് അലർട്ട്. ഇവിടെ 115.6 മുതൽ 204.4 മില്ലീമീറ്റർ വരെ മഴയാണ് പ്രവചിച്ചിരിക്കുന്നത്.
കിഴക്കന്‍ കാറ്റിെൻറ സ്വാധീനം കേരളം ഉള്‍പ്പെെട തെക്കന്‍ സംസ്ഥാനങ്ങളില്‍ സജീവമാകുന്നതാണ് മഴ ശക്തിയാർജിക്കാൻ കാരണം. മലയോര മേഖലകളിലും അതിശക്ത മഴയാണ് പ്രതീക്ഷിക്കുന്നത്. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും നദികൾ കരകവിഞ്ഞൊഴുകാനും സാധ്യത കൂടുതലാണ്. കുറഞ്ഞസമയം കൊണ്ട് കുത്തിയൊലിച്ച് പെയ്യുന്ന അതിശക്ത മഴ തുടർച്ചയായി അപകടം വിതക്കുന്ന സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തകുറിപ്പിൽ മുന്നറിയിപ്പുനൽകി.
സ്ഥിതി സാധാരണ ഗതിയിലേെക്കത്തുന്നതുവരെ മലയോര മേഖലയിലും നദിക്കരകളിലും അതി ജാഗ്രത പുലർത്താൻ ദുരന്ത നിവാരണ അതോറിറ്റി കർശന നിർദേശം നൽകി. 23 വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 22 വരെ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം നിരോധിച്ചു.
തുലാവർഷ (ഒക്ടോബർ-ഡിസംബർ) കാലത്ത് ലഭിക്കേണ്ട മഴയുടെ 90 ശതമാനവും ഒക്ടോബറിലെ ആദ്യ 18 ദിവസത്തിൽ കിട്ടി. ഒക്ടോബർ ഒന്നുമുതൽ 19 വരെ ലഭിച്ചത് 444.9 മി.മീറ്റർ മഴയാണ്. ഇൗ കാലയളവിൽ 183.5 മി.മീറ്റർ മഴയാണ് ലഭിക്കേണ്ടത് . തൃശൂർ, ആലപ്പുഴ ഒഴികെ മറ്റെല്ലാ ജില്ലയിലും 100 ശതമാനത്തിലേറെ മഴ കിട്ടി. കൂടുതൽ മഴ കോഴിക്കോടാണ് (223 ശതമാനം അധികം). കുറവ് ആലപ്പുഴ (66 ശതമാനം അധികം).
ഇന്നത്തെ മഴ മുന്നറിയിപ്പ്
ഒാറഞ്ച് അലർട്ട്: തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
യെല്ലോ അലർട്ട്: കൊല്ലം, ആലപ്പുഴ, കാസർകോട്
പ്രതീക്ഷിക്കുന്ന മഴ
ബുധൻ
ഭാരതപ്പുഴ, പെരിയാര്‍, ലോവര്‍ പെരിയാര്‍, അപ്പര്‍ പെരിയാര്‍, പമ്പ, ചാലക്കുടി, നദീതീരങ്ങൾ: 26-37 മില്ലി മീറ്റർ.
മീനച്ചില്‍, അച്ചന്‍കോവില്‍ നദീതീരങ്ങൾ: 11-25 മില്ലീമീറ്റർ.
വ്യാഴം
ഭാരതപ്പുഴ, പെരിയാര്‍, ലോവര്‍ പെരിയാര്‍, അപ്പര്‍ പെരിയാര്‍, പമ്പ, ചാലക്കുടി, അച്ചന്‍കോവില്‍ നദീതീരങ്ങൾ: 38-50 മില്ലീമീറ്റർ.
മീനച്ചിലില്‍ 26-37 മില്ലീമീറ്റർ.
അച്ചൻകോവിൽ 11-25 മില്ലീമീറ്റർ.
വെള്ളി
ഭാരതപ്പുഴ, പെരിയാര്‍, ലോവര്‍ പെരിയാര്‍, അപ്പര്‍ പെരിയാര്‍, ചാലക്കുടി, മീനച്ചില്‍ നദീതീരങ്ങൾ: 38-50 മില്ലീമീറ്റർ.
പമ്പ അച്ചന്‍കോവില്‍ നദീതീരങ്ങൾ: 26-37 മില്ലീമീറ്റർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.