വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റുകൾക്ക് ബലക്ഷയമില്ലെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്
text_fieldsകൊച്ചി: തൃശൂർ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റുകൾക്ക് ബലക്ഷയമില്ലെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. അഞ്ച് വർഷമായി ഉപേക്ഷിക്കപ്പെട്ട് കിടക്കുന്നതിന്റെ പ്രശ്നങ്ങൾ മാത്രമാണ് കെട്ടിടത്തിനുള്ളത്. മണ്ണ് പരിശോധന റിപ്പോർട്ട് ലഭ്യമല്ലെന്നും കെട്ടിടത്തിന്റെ ഭിത്തിയുടെ പണി പൂർത്തിയാകണമെന്നതുമടക്കം നിർദേശങ്ങളടങ്ങുന്ന റിപ്പോർട്ട് സർക്കാർ ഹൈകോടതിയിൽ സമർപ്പിച്ചു.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. തുടർന്ന് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് വിഷയം പിന്നീട് പരിഗണിക്കാനായി മാറ്റി. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സർക്കാർ നേരിട്ട് നിർമിക്കണമെന്ന കോൺഗ്രസ് നേതാവ് അനിൽ അക്കരയുടെ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. വടക്കാഞ്ചേരിയിൽ നാല് ഫ്ലാറ്റുകളും ഒരു ആശുപത്രി കെട്ടിടവുമാണ് നിർമിക്കുന്നത്. കോൺക്രീറ്റിന് മികച്ച ഗുണനിലവാരമുണ്ട്. കെട്ടിടത്തിന്റെ അടിത്തറയിൽ ആവശ്യത്തിന് കോൺക്രീറ്റ് ഉപയോഗിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.