ശോഭ സുരേന്ദ്രന്റെ വീടിന് സമീപം സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; അക്രമികളെത്തിയത് ആരുടെയോ നിർദേശ പ്രകാരമെന്ന് ശോഭ
text_fieldsശോഭാ സുരേന്ദ്രൻ
തൃശൂര്‍: ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ വീടിന് സമീപം സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു. ശോഭാ സുരേന്ദ്രന്റെ തൃശൂരിലെ വീടിന് സമീപം അജ്ഞാതര്‍ സ്ഫോടക വസ്തു എറിയുകയായിരുന്നു. വെള്ളിയാഴ്ച രാത്രി പത്തേമുക്കാലോടെയാണ് സംഭവം. അയ്യന്തോള്‍ ഗ്രൗണ്ടിന് അടുത്തുള്ള വീടിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. ബൈക്കിലെത്തിയ സംഘമാണ് സ്ഫോടക വസ്തു എറിഞ്ഞത്. പ്രദേശത്തേക്ക് നാലംഗ സംഘം ബൈക്കില്‍ എത്തിയതായി പൊലീസും സ്ഥിരീകരിച്ചു.
ശോഭയുടെ വീടാണെന്ന് തെറ്റിദ്ധരിച്ച് അയൽവാസിയുടെ വീട്ടിലേക്ക് സ്ഫോടകവസ്തു എറിഞ്ഞെന്നാണ് നിഗമനം. അതേസമയം പൊട്ടിത്തെറിയുടെ വലിയ ശബ്ദം കേട്ടിരുന്നു എന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. സംഭവ ശേഷം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമികളെത്തിയത് ആരുടെയോ നിർദേശ പ്രകാരമാണെന്നും പിന്നിലുള്ള ആളുകളെ കണ്ടെത്തണമെന്നും ശോഭ സുരേന്ദ്രൻ ആവശ്യപ്പെട്ടു. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ബി.ജെ.പി പ്രാദേശിക ഘടകം ആവശ്യപ്പെട്ടു.
പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം കേന്ദ്രീകരിച്ച് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംശയകരമായ രീതിയില്‍ രാത്രി ഒരു കാര്‍ കണ്ടതായി പ്രദേശവാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, ജില്ലയിലെ ബി.ജെ.പി നേതാക്കളുടെ വീടുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ പൊലീസ് നിര്‍ദേശം നല്‍കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.