ശോഭ സുരേന്ദ്രന്റെ വീടിന് നേരെ ‘ബോംബേറ്’: ചീറ്റിയതോടെ പരിഹാസ്യരായി ഗൂഢാലോചന ആരോപണക്കാരും ബി.ജെ.പിയും
text_fieldsതൃശൂർ: വൻ കോളിളക്കം സൃഷ്ടിച്ച ഒരു ‘ബോംബ് കഥ’ ഏതാനും മണിക്കൂറുകൾക്കകം വെറും 35 രൂപയുടെ പടക്കമായി ചീറ്റിയതോടെ നാണംകെട്ട് ഗൂഢാലോചന ആരോപണക്കാർ. വെള്ളിയാഴ്ച രാത്രി 10.35ഓടെയാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് നേതാവ് ശോഭ സുരേന്ദ്രന്റെ വീടിന് നേരെ ബോംബേറിഞ്ഞുവെന്ന വാർത്ത പരന്നത്. തൃശൂർ അയ്യന്തോളിലെ വീടിന് മുന്നിൽ വാഹനങ്ങളിലെത്തിയ സംഘം സ്ഫോടക വസ്തു എറിഞ്ഞുവെന്നും വീടുമാറി അടുത്ത വീട്ടിന് മുന്നിൽ പൊട്ടിത്തെറിച്ചുവെന്നുമായിരുന്നു പരാതി. അർധരാത്രി തന്നെ പൊലീസ് സംഘം എത്തി പ്രദേശം അരിച്ചുപെറുക്കുകയും ചെയ്തു. ശോഭസുരേന്ദ്രന്റെ വീടിന് നേരെ ബോംബെറിഞ്ഞുവെന്നാരോപിച്ച് ബി.ജെ.പി പ്രവർത്തകർ തൃശൂർ നഗരത്തിൽ വൻ പ്രതിഷേധമാർച്ചും സംഘടിപ്പിച്ചിരുന്നു. ബിജെപി സിറ്റി ജില്ലയുടെ നേതൃത്വത്തിൽ കോർപറേഷൻ ഓഫിസിലേക്ക് നടത്തിയ പ്രതിഷേധപ്രകടനം ബിജെപി മേഖലാ പ്രസിഡന്റ് ഉണ്ണികൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു.
ശോഭക്ക് നേരെ വധശ്രമം നടന്നു എന്ന തരത്തിലായിരുന്നു പ്രചാരണങ്ങൾ. ശോഭ സുരേന്ദ്രനെ കൊല്ലാനുള്ള നീക്കമാണ് നടന്നതെന്നും പിണറായിക്ക് തലവേദനയാകുമെന്നും ചൂണ്ടിക്കാട്ടി ഓൺലൈൻ പോർട്ടലുകളും വ്യാജപ്രചാരണത്തിൽ പങ്കുചേർന്നു. അക്രമത്തിന് പിന്നിൽ കോൺഗ്രസ്, സിപിഎം പാർട്ടികളെ കുറ്റപ്പെടുത്തി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. ‘എല്ലാ മലയാളികളും ആദരിക്കുന്ന, പ്രിയങ്കരിയായൊരു നേതാവാണ് ശോഭ സുരേന്ദ്രൻ. അവരുടെ വീടിന് സമീപം നടന്ന ബോംബ് ആക്രമണ ശ്രമം ഭീരുത്വം നിറഞ്ഞതും അങ്ങേയറ്റം ആശങ്കപ്പെടുത്തുന്നതുമാണ്. ശക്തമായി അപലപിക്കുന്നു. ക്രമസമാധാനം നിലനിർത്തുകയെന്ന ഭരണഘടനാപരമായ കടമ നിറവേറ്റാൻ പിണറായി വിജയന് പറ്റുന്നില്ലെങ്കിൽ, അതിന് കഴിയുന്ന ഒരു മുഴുവൻ സമയ ആഭ്യന്തര മന്ത്രിയെ അദ്ദേഹം നിയമിക്കണം. സുരക്ഷിതമായും ഭയമില്ലാതെയും ജീവിക്കാനുള്ള മൗലികാവകാശം ഓരോ മലയാളിക്കുമുണ്ട്’ -എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന.
ബോംബേറ് തന്നെ ലക്ഷ്യമിട്ട് നടത്തിയ ആസൂത്രിത നീക്കമാണെന്നും സംഭവത്തിന് പിന്നിൽ ആരാണെങ്കിലും പുറത്തുകൊണ്ടുവരണമെന്നും ശോഭ സുരേന്ദ്രനും ആവശ്യപ്പെട്ടിരുന്നു. കശ്മീരിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വീട്ടിൽ പോയശേഷം വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് സംഭവമുണ്ടായതെന്നും ശോഭ പറഞ്ഞു. ‘വലിയ ശബ്ദത്തോടുള്ള പൊട്ടിത്തെറിയാണ് ഉണ്ടായത്. പടക്കം പൊട്ടിക്കേണ്ട യാതൊരു സാഹചര്യവും പ്രദേശത്ത് ഇന്നലെ ഉണ്ടായിരുന്നില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം വേണം’ -മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ, ശോഭാസുരേന്ദ്രന് ബിജെപിക്ക് പുറത്ത് ശത്രുക്കൾ ഉണ്ടാകാൻ ഒരു സാധ്യതയുമില്ലെന്നും ബിജെപിയുടെ തൃശൂർ ജില്ലയിലെ നേതാക്കളുടെ പങ്ക് ഇക്കാര്യത്തിൽ അന്വേഷിക്കപ്പെടണമെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരും രംഗത്തെത്തിയിരുന്നു. ‘രാഷ്ട്രീയമായി വ്യത്യസ്ത ചേരിയിൽ ആണെങ്കിലും ശോഭാസുരേന്ദ്രനെ പോലെ ഒരു വനിതാ നേതാവിന്റെ വീടിന് നേർക്ക് ഇത്തരത്തിൽ ഒരു അക്രമം നടന്നു എന്നത് ഗുരുതരമായ കാര്യമാണ്. ഈ അടുത്ത ദിവസങ്ങളിൽ അവർ വീണ്ടും തൃശ്ശൂർ ബിജെപി ഓഫീസിൽ പത്രസമ്മേളനം നടത്തുകയും തൃശ്ശൂർ കേന്ദ്രീകരിച്ച് പ്രവർത്തനത്തിൽ വ്യാപൃതയാവുകയും ചെയ്തത് ബിജെപിയുടെ പല നേതാക്കൾക്കും സുഖിച്ചിട്ടില്ല എന്നുള്ളത് വ്യക്തമാണ്. പോലീസ് കൃത്യമായ അന്വേഷിച്ച് ഇക്കാര്യത്തിൽ നടപടിയെടുക്കണം. പ്രതികൾ ബിജെപിക്കാർ ആണെങ്കിൽ ഉഴപ്പുന്ന പരിപാടി പിണറായി പോലീസ് ചെയ്യരുത്’ -എന്നായിരുന്നു സന്ദീപ് വാര്യർ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞത്.
എന്നാൽ, നടന്നത് സ്ഫോടനമല്ലെന്നും പടക്കം പൊട്ടിച്ചതാണെന്നും കണ്ടെത്തിയതോടെ പ്രതിഷേധക്കാരും ഗൂഡാലോചന ആരോപണക്കാരും പരിഹാസ്യരായി. വിഷുവിനും ഈസ്റ്ററിനും പൊട്ടിച്ചതിന്റെ ബാക്കി പടക്കങ്ങൾ സമീപവാസികളായ കൂട്ടുകാർ ചേർന്ന് പൊട്ടിച്ചതാണെന്നും സംഭവത്തിൽ ദുരൂഹതകളൊന്നുമില്ലെന്നും തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോ തന്നെ വ്യക്തമാക്കുകയായിരുന്നു. അലക്ഷ്യമായി പടക്കം പൊട്ടിച്ചതിനു യുവാക്കളുടെ പേരിൽ പെറ്റികേസെടുത്ത് വിട്ടയച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.