പാർട്ടി വിടുന്നെന്ന വ്യാജ പ്രചാരണം: വൈകാരിക കുറിപ്പുമായി ടി.എൻ. പ്രതാപൻ
text_fieldsതൃശൂർ: നിയമസഭ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസ് വിടുന്നു എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ വൈകാരിക കുറിപ്പുമായി മുതിർന്ന കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപാൻ.
മരിച്ചുകിടക്കുമ്പോൾ കോൺഗ്രസ് എന്ന ദേശീയ പ്രസ്ഥാനത്തിന്റെ ത്രിവർണ പതാക പുതച്ചു കിടക്കണമെന്ന ആഗ്രഹമുള്ള കോടിക്കണക്കിന് സാധാരണ കോൺഗ്രസ് പ്രവർത്തകരിൽ ഒരാളാണ് താനെന്നും ആയിരം തെരഞ്ഞെടുപ്പുകളിൽ തോറ്റാലും നിലപാടിൽ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം ഫേസ് ബുക്ക് കുറിപ്പിൽ പറഞ്ഞു. അതേസമയം, പ്രതാപന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തൃശൂർ സൈബർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. മണലൂർ മണ്ഡലത്തിൽ എൽ.ഡി.എഫിലെ പ്രഫ. സി. രവീന്ദ്രനാഥിനോട് ടി.എൻ. പ്രതാപൻ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പാർട്ടി വിടുമെന്ന നിലക്കുള്ള വ്യാജവാർത്തകൾ പ്രചരിച്ചുതുടങ്ങിയത്. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്കിൽ കുറിപ്പുമിട്ടത്.
‘ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 126 വോട്ടുകൾക്ക് പരാജയപ്പെട്ടു എന്നതുകൊണ്ട് നിരാശനാവാനോ വിശ്വസിക്കുന്ന രാഷ്ട്രീയ മൂല്യങ്ങളിൽനിന്ന് പിറകോട്ടുപോകാനോ എന്നെ കിട്ടില്ല. കനലിലാണ് വേര് പിടിച്ചത്. അതുകൊണ്ട് വെയിലൊരു പ്രശ്നമായിട്ടില്ല. കോൺഗ്രസിന്റെ മൂവർണക്കൊടി നെഞ്ചോട് ചേർത്തുപിടിച്ച് മറുകൈയിൽ പാവനമായ ഭരണഘടനയുമേന്തി ഞാൻ ഇവിടെ തന്നെയുണ്ടാവും; അവസാനശ്വാസം വരെ... എന്നിങ്ങനെയാണ് കുറിപ്പ് തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

