‘തൃശ്ശൂർ തെരഞ്ഞെടുപ്പ് റദ്ദാക്കേണ്ടി വരും’; നിയമനടപടിയുമായി മുന്നോട്ടെന്ന് കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: വോട്ട് ക്രമക്കേടിനെ കുറിച്ച് ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ആരംഭത്തിൽ തന്നെ പരാതി നൽകിയതാണെന്ന് കോൺഗ്രസ് നേതാവും യു.ഡി.എഫ് സ്ഥാനാർഥിയുമായിരുന്ന കെ. മുരളീധരൻ. പൂങ്കുന്നം, ശങ്കരൻകുളങ്ങര ഭാഗങ്ങളിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് വോട്ട് ചേർക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിറ്റി രേഖാമൂലം പരാതി നൽതിയതാണെന്നും മുരളീധരൻ വ്യക്തമാക്കി.
ഒരു ദിവസം പോലും താമസിക്കാത്ത ഫ്ലാറ്റുകളിലാണ് വോട്ടുകൾ ചേർത്തത്. ആറു മാസം താമസിച്ചിരുന്നെങ്കിൽ അയൽവാസികൾ അറിഞ്ഞേനെ. വോട്ടർപട്ടികയിലുള്ളവരുടെ പേരുകൾ ഫ്ലാറ്റിലെ താമസക്കാർക്ക് അറിയില്ല. വ്യാജ കാർഡിലും വ്യാജ മേൽവിലാസത്തിലുമാണ് പേര് ചേർത്തിട്ടുള്ളത്.
സുരേഷ് ഗോപിയുടെയും കുടുംബാംഗങ്ങളുടെയും വോട്ട് ചേർത്ത വീട്ടിന്‍റെ വിലാസത്തിൽ ഇപ്പോൾ വോട്ടർമാരുണ്ടോ എന്ന് അന്വേഷിച്ചാൽ അറിയാൻ സാധിക്കും. ഓരോ സത്യങ്ങൾ പുറത്തുവരികയാണെന്നും ഇനിയും കൂടുതൽ കാര്യങ്ങൾ പുറത്തുവരുമെന്നും മുരളീധരൻ പറഞ്ഞു.
ബി.ജെ.പിക്ക് അനുകൂലമായ നിലപാടാണ് അന്ന് തെരഞ്ഞെടുപ്പ് വരണാധികാരിയായ കലക്ടർ സ്വീകരിച്ചത്. വോട്ടർ പട്ടികയുടെ ഡിജിറ്റൽ കോപ്പി അടക്കമുള്ളവ തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടിരുന്നു. രേഖാമൂലം പരാതിയും നൽകിയിരുന്നു. തെരഞ്ഞെടുപ്പ് ദിവസം നാലു പേരെ തടഞ്ഞുവെച്ചപ്പോൾ കലക്ടർ വന്ന് വിട്ടയച്ചു.
വസ്തുനിഷ്ടമായ അന്വേഷണം നടത്തിയാൽ തൃശ്ശൂർ ലോക്സഭ തെരഞ്ഞെടുപ്പ് റദ്ദാക്കേണ്ടി വരുമെന്നും നിയമനടപടിയുമായി കോൺഗ്രസ് മുന്നോട്ടു പോകുമെന്നും കെ. മുരളീധരൻ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.