ഐ.ബി ഉദ്യോഗസ്ഥ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് കുടുംബം; തെളിവുകൾ പൊലീസിന് കൈമാറി
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ.ബി ഉദ്യോഗസ്ഥ മേഘയുടെ (24) മരണത്തിൽ വെളിപ്പെടുത്തലുമായി കുടുംബം. സഹപ്രവർത്തകൻ ലൈംഗികാതിക്രമത്തിനിരയാക്കിയതായും ഇത് സംബന്ധിച്ച തെളിവുകൾ പേട്ട പൊലീസിൽ ഹാജരാക്കിയതായും മേഘയുടെ പിതാവ് മധുസൂദനൻ മാധ്യമങ്ങളോട് പറഞ്ഞു.
ആശുപത്രി രേഖകളും മറ്റുമാണ് ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തെത്തിയ കുടുംബം ഹാജരാക്കിയത്. ഇത് പരിശോധിച്ച് വിവിധ വകുപ്പുകൾ ചുമത്തുന്നതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തുകയാണ്. മേഘയുടെ ആത്മഹത്യയിൽ സുഹൃത്തും ഐ.ബി ഉദ്യോഗസ്ഥനുമായ സുകാന്ത് സുരേഷിന് പങ്കുണ്ടെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു.
സുകാന്ത് 3.5 ലക്ഷം രൂപ മേഘയിൽനിന്ന് തട്ടിയെടുത്തെന്ന വിവരവും പൊലീസ് അനേഷിക്കുന്നുണ്ട്. മാതാപിതാക്കൾ ഹാജരാക്കിയ വിവിധ തെളിവുകളുടെ ആധികാരികത പരിശോധിക്കാൻ പലയിടത്തുമായി പൊലീസ് അന്വേഷണങ്ങൾ നടത്തുന്നുണ്ട്. ഫോൺ രേഖകൾക്ക് പുറമെ, മേഘയുടെ ബാഗിൽ നിന്ന് ലഭിച്ച തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. ഒളിവിൽ പോയ സുകാന്തിനെ പിടികൂടാൻ പൊലീസ് സംഘം കൊച്ചിയിലും മലപ്പുറത്തും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു.
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. മേഘയുടെയും സുകാന്തിന്റെയും സാമ്പത്തിക ഇടപാടുകൾ പരിശോധിച്ച് വരികയാണ്. മാർച്ച് 24നാണ് പേട്ടക്കും ചാക്കക്കും മധ്യേ റെയിൽവേ ട്രാക്കിൽ മേഘയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.