കരിപ്പൂർ ദുരന്തം; രക്ഷാകരം നീട്ടിയവർക്കുള്ള സ്നേഹസമ്മാനം പൂർത്തിയായി
text_fieldsനെടിയിരുപ്പ് കുടുംബാരോഗ്യകേന്ദ്രത്തിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ മാതൃക
മലപ്പുറം: നാടിനെ നടുക്കിയ കരിപ്പൂർ വിമാനാപകടത്തിൽ സ്വന്തം ജീവൻ മറന്ന് ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർക്ക് ദുരന്തബാധിതരുടെ കൂട്ടായ്മയുടെ സ്നേഹസമ്മാനം പൂർത്തിയായി. എം.ഡി.എഫ് കരിപ്പൂർ വിമാനാപകട ചാരിറ്റി ഫൗണ്ടേഷനു കീഴിൽ നിർമിച്ച ചിറയിൽ ചുങ്കത്തെ നെടിയിരുപ്പ് കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം സെപ്റ്റംബർ ആദ്യവാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ഫൗണ്ടേഷൻ പ്രസിഡന്റ് അബ്ദുറഹ്മാൻ ഇടക്കുനി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളും പരിക്കേറ്റവരും തങ്ങൾക്ക് ലഭിച്ച നഷ്ടപരിഹാരത്തിന്റെ ഒരു വിഹിതം നൽകിയാണ് തങ്ങളെ പുതുജീവിതത്തിലേക്ക് വഴിനടത്തിയവർക്കായി ആശുപത്രി കെട്ടിടം നിർമിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ മിനുക്കുപണികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. രാജ്യത്തെ ഏറ്റവും വലിയ എസ്.സി ഉന്നതികളിലൊന്നായ എൻ.എച്ച് ഉന്നതിയിലെ നിർധനരോഗികൾക്ക് ഈ ആശുപത്രി കെട്ടിടം ആശ്വാസമാകുമെന്ന് അബ്ദുറഹ്മാൻ ഇടക്കുനി പറഞ്ഞു.
30 ലക്ഷം രൂപ ചെലവിട്ട് ആശുപത്രിയോടു ചേർന്ന സ്ഥലത്ത് നിർമിച്ച കെട്ടിടത്തിൽ ഒ.പി റൂം, ഫാർമസി, ലാബ്, രോഗികൾക്ക് കാത്തിരിപ്പുകേന്ദ്രം, മരുന്ന് സൂക്ഷിക്കാനുള്ള സ്റ്റോർ സൗകര്യം തുടങ്ങിയവയുണ്ട്. ഭാവിയിൽ കൂടുതൽ നിലകൾ നിർമിക്കാൻ പാകത്തിനാണ് കെട്ടിടത്തിന്റെ നിർമിതി. വാർത്തസമ്മേളനത്തിൽ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കെ. അബ്ദുറഹീം, ഓർഗനൈസിങ് സെക്രട്ടറി വി.പി. സന്തോഷ് കുമാർ, കോഓഡിനേറ്റർ ഒ.കെ. മൻസൂർ ബേപ്പൂർ, ഭാരവാഹികളായ ഷെമീർ വടക്കൽ, എൻ.സി. ജബ്ബാർ നരിക്കുനി, പി.എ. ആസാദ്, ഉമ്മർ കോയ തുറക്കൽ എന്നിവരും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.