പെരിന്തൽമണ്ണയിൽ എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം; അധ്യാപകരുടെ മാനസിക പീഡനം മൂലമെന്ന് കുടുംബം
text_fieldsമലപ്പുറം: പെരിന്തൽമണ്ണയിൽ പ്രസൻ്റേഷന് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി തേജസ് ആത്മഹത്യ ചെയ്തത് അധ്യാപകരുടെ മാനസിക പീഡനം മൂലമെന്ന് ആരോപണവുമായി കുടുംബം. കുട്ടിയെ അധ്യാപകർ ക്ലാസ് മുറിയിലും ഓഫിസ് മുറിയിലും കൊണ്ടുപോയി മാനസികമായി പീഡിപ്പിച്ചുവെന്നും മറ്റൊരു സ്കൂളിലേക്ക് മാറാൻ ടി.സി ആവശ്യപ്പെട്ടപ്പോൾ ടി.സിയിൽ റെഡ് മാർക്ക് രേഖപ്പെടുത്തുമെന്നും ഒരു സ്കൂളിലും അഡ്മിഷന് കിട്ടില്ലെന്നും ഭീഷണിപ്പെട്ടുത്തിയെന്നുമാണ് ആരോപണം. ഇതിലുണ്ടായ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നും ബന്ധു പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് തേജസിനെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം, കുടുംബത്തിന്റെ ആരോപണം സ്കൂൾ അധികൃതർ നിഷേധിച്ചു. കുട്ടിയെ കുറിച്ച് ഒരു പരാതിയും തനിക്കോ പി.ടി.എയിലോ ലഭിച്ചിട്ടില്ലെന്നും സംഭവം അന്വേഷിക്കുന്നതിന് സ്കൂൾ ആഭ്യന്തര കമ്മിറ്റി രൂപീകരിച്ചതായും അധ്യാപകർ തെറ്റ് ചെയ്തുവെന്ന് തെളിഞ്ഞാൽ നടപടിയെടുക്കുമെന്നും പ്രിൻസിപ്പൽ ജസ്മി തോമസ് പ്രതികരിച്ചു. കുട്ടി ടി.സി ആവശ്യപ്പെട്ടിരുന്നതായും നടപടി ക്രമങ്ങൾ പാലിച്ച് മെയ് 2ന് ശേഷം നൽകാമെന്ന് അറിയിച്ചിരുന്നുവെന്നും പ്രിൻസിപ്പൽ പറഞ്ഞു.
കുട്ടിയുടെ മരണത്തിൽ പെരിന്തൽമണ്ണ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ഇതിൽ അന്വേഷണം വൈകുന്നതിനെ തുടർന്നാണ് കുടുംബം മലപ്പുറം എസ്.പിക്ക് മുമ്പാകെ വീണ്ടും പരാതി നൽകിയത്. വിദ്യാർഥിയുടെ മരണത്തിൽ നടപടി ആവശ്യപ്പെട്ട് എം.എസ്.എഫ്, എസ്.എഫ്. ഐ പ്രവർത്തകർ സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

