കൊച്ചി വിമാനത്താവളത്തിൽ അതിവേഗ ഇമിഗ്രേഷൻ തുടങ്ങി
text_fieldsകൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) അതിവേഗ ഇമിഗ്രേഷൻ പദ്ധതിക്ക് തുടക്കമായി. ഉദ്യോഗസ്ഥ സഹായമില്ലാതെ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയുന്ന ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ - ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിനാണ് (എഫ്.ടി.ഐ - ടി.ടി.പി) തുടക്കമായത്.
ഇതുവഴി രാജ്യാന്തര യാത്രക്കാർക്ക് 20 സെക്കൻഡു കൊണ്ട് ഇമിഗ്രേഷൻ പൂർത്തിയാക്കാനാവും. ആഭ്യന്തര യാത്രക്കാർക്ക് ബോർഡിങ് പാസ് രഹിത പ്രവേശനമൊരുക്കുന്ന ഡിജി-യാത്ര സംവിധാനം നേരത്തെ തന്നെ തുടങ്ങിയിരുന്നു.
അറൈവൽ, ഡിപ്പാർച്ചർ മേഖലകളിലായി നാല് വീതം ബയോമെട്രിക് ഇ -ഗേറ്റുകൾ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷനായി സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യക്കാർക്കും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ.സി.ഐ.) കാർഡുടമകൾക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം. രേഖകൾ അപ്‌ലോഡ് ചെയ്താൽ ബയോമെട്രിക് എൻറോൾമെന്റാണ്. മുഖവും വിരലടയാളവും രേഖപ്പെടുത്താനുള്ള എൻറോൾമെന്റ് കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.
ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് പിന്നീടുള്ള രാജ്യാന്തര യാത്രകൾക്ക് സ്മാർട്ട് ഗേറ്റുകൾ ഉപയോഗപ്പെടുത്താം. ഇതോടെ കാത്തുനിൽപ്പ് ഒഴിവാകും. സ്മാർട് ഗേറ്റിൽ ആദ്യം പാസ്‌പോർട്ട് സ്‌കാൻ ചെയ്യണം. രജിസ്‌ട്രേഷൻ നടത്തിയിട്ടുണ്ടെങ്കിൽ ഗേറ്റുകൾ താനെ തുറക്കും. തുടർന്ന് രണ്ടാം ഗേറ്റിലെ കാമറയിൽ മുഖം കാണിക്കാം. സിസ്റ്റം മുഖം തിരിച്ചറിയുന്നതോടെ ഗേറ്റ് തുറക്കുകയും ഇമിഗ്രേഷൻ പൂർത്തിയാവുകയും ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.