രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഓണാശംസയിൽ ‘ഹാപ്പി ഓണം’ നേർന്ന് ഫാത്തിമ തഹ്‌ലിയ; പരിഹസിച്ച് കമന്‍റുകൾ
text_fieldsകോഴിക്കോട്: ലൈംഗികാരോപണത്തെത്തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കേണ്ടി വന്ന രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഓണാശംസ കുറിപ്പിൽ ആശംസ നേർന്ന് യൂത്ത് ലീഗ് നേതാവ് ഫാത്തിമ തഹ്‌ലിയ. ‘എല്ലാവർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ’ എന്നാണ് രാഹുൽ ഇന്ന് ഫേസ്ബുക്കിൽ കുറിച്ചത്. ഇതിന് ‘ഹാപ്പി ഓണം’ എന്നാണ് ഫാത്തിമ തഹ്‌ലിയ കമന്‍റ് ചെയ്തിരിക്കുന്നത്. നേരത്തെ രാഹുലിനെ വിമർശിച്ചിരുന്ന ഫാത്തിമ തഹ്‌ലിയയുടെ ‘ഹാപ്പി ഓണം’ കമന്‍റിനെ പരിഹസിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
‘നിലപാടിന്‍റെ രാജകുമാരി’യെന്നും ‘ചാൾസ് ശോഭരാജിൽപോലും ഇത്ര ധൈര്യം കണ്ടിട്ടില്ല’ എന്നുമെല്ലാം ആളുകൾ പരിഹസിച്ച് കമന്‍റിട്ടിട്ടുണ്ട്.
നിരവധി യുവതികൾ ലൈംഗികാരോപണങ്ങളുമായി രംഗത്തെത്തിയപ്പോൾ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഫാത്തിമ തഹ്‌ലിയ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. രാഹുലിനെതിരായ പരാതികൾ വിശ്വസനീയമാണ് എന്നായിരുന്നു ഫാത്തിമയുടെ പ്രതികരണം. എന്നാൽ ഇതിൽ വിശദീകരണവുമായി പിന്നീട് അവർ രംഗത്ത് വന്നു. മാധ്യമ സുഹൃത്തുക്കൾ അഭിപ്രായം ചോദിച്ചപ്പോൾ പരാതിക്കാർ പറഞ്ഞത് വിശ്വസനീയമായി തോന്നുന്നുവെന്നും അവരുടെ മാനസികാവസ്ഥ മനസ്സിലാക്കുന്നുവെന്നും സ്വാഭാവിക മറുപടി നൽകിയത് ഒരു സ്ത്രീയെന്ന നിലയിലായിരുന്നു എന്നാണ് ഫാത്തിമ വിശദീകരിച്ചത്.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ലൈംഗികാരോപണ വിവാദത്തില്‍ ക്രൈംബ്രാഞ്ച് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. സംസ്ഥാന ബാലാവകാശ കമീഷനിൽ നിന്നടക്കം 10 പരാതികൾ ലഭിച്ചതിൽ അഞ്ച് പരാതികളിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.