കോടതിയിൽ മൊഴി നൽകാൻ എത്തിയപ്പോൾ വനിത പൊലീസ് ഓഫിസർക്ക് പ്രസവ വേദന, ലീവെടുക്കില്ലെന്ന് ഉറപ്പിച്ച് ശ്രീലക്ഷ്മി
text_fieldsതൃശൂര്‍: പൂർണ ഗർഭിണിയായിട്ടും അവധിയെടുക്കാതെ കൃത്യനിർവഹണത്തിനെത്തിയ ഒല്ലൂർ പൊലീസ് സ്റ്റേഷനിലെ വനിത ഓഫിസർക്ക് അഭിനന്ദനം.
പൊലീസ് സ്റ്റേഷനില്‍ വച്ച് ഉദ്യോഗസ്ഥനെ പ്രതി മർദിച്ച കേസില്‍ മൊഴി നല്‍കാന്‍ കോടതിയിലെത്തിയ പൊലീസുകാരിക്ക് കോടതിയിൽവച്ച് പ്രസവ വേദന അനുഭവപ്പെട്ടു. ഒല്ലൂര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീലക്ഷ്മിയെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവർ ആണ്‍കുഞ്ഞിന് ജന്മം നല്‍കി.
ഒല്ലൂര്‍ സ്റ്റേഷനിലെ ഇന്‍സ്പെക്ടറായിരുന്ന ഫര്‍ഷാദിനെ പ്രതി ആക്രമിച്ച് പരിക്കേൽപിച്ച കേസില്‍ മൊഴി നല്‍കിയശേഷമേ അവധിയെടുക്കൂ എന്ന നിലപാടിലായിരുന്നു പൂര്‍ണ ഗര്‍ഭിണിയായ ശ്രീലക്ഷ്മി. ദിവസവും ഓട്ടോറിക്ഷയിലാണ് സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്കായി എത്തിയിരുന്നത്. മൊഴി നല്‍കേണ്ട ദിവസം നേരത്തെ സ്റ്റേഷനിലെത്തി.
സഹപ്രവര്‍ത്തകരുമായി വാഹനത്തില്‍ തൃശൂര്‍ മജിസ്‌ട്രേറ്റ് കോടതി മുറ്റത്തെത്തിയപ്പോൾ വേദന അനുഭവപ്പെടുകയായിരുന്നു. ശാരീരിക വിശ്രമം വേണ്ട സമയത്തും കാട്ടിയ കൃത്യനിര്‍വഹണത്തോടുള്ള ആത്മാർഥതയെ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ അഭിനന്ദിച്ചു. ശ്രീലക്ഷ്മിയുടെ ആദ്യപ്രസവമാണ്. ഭര്‍ത്താവ് ആശ്വിന്‍ സ്വകാര്യ കമ്പനി ജീവനക്കാരനാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.