പട്ടയഭൂമി മിച്ചഭൂമിയാക്കിയ അനീതിക്കെതിരെ ഒരു പോരാട്ടം
text_fieldsസ്വകാര്യവ്യക്തികളുടെപട്ടയഭൂമി അന്യായമായി മിച്ചഭൂമിയാക്കി ഏറ്റെടുത്തത് തിരുത്തിച്ച് പാലക്കാട് പറളി സ്വദേശികളായ വിവരാവകാശ പ്രവർത്തകർ; പോരാട്ടം ഇന്നും തുടരുന്നു
പാലക്കാട്: ‘ടി.എൽ.കെ. പി.കെ.ഡി/3489/2022-f2’ റവന്യൂ വകുപ്പിനെ വെട്ടിലാക്കിയ ഈ ഫയൽ നമ്പർ പാലക്കാട്ടെ പല റവന്യൂ ഉദ്യോഗസ്ഥർക്കും കാണാപ്പാഠമാണ്. അത്രയേറെ വിവരാവകാശ അപേക്ഷകളും തുടർ നടപടിയുമാണ് ഈ ഫയൽ നമ്പറുമായി ബന്ധപ്പെട്ട് ഇന്നും തുടരുന്നത്. ഫയൽ നമ്പറുമായി ബന്ധപ്പെട്ട, സ്വകാര്യവ്യക്തികളുടെ പട്ടയഭൂമി മിച്ചഭൂമിയാക്കി ഏറ്റെടുത്തത് തെറ്റായിപ്പോയെന്ന് കണ്ട്, ആ നടപടി റവന്യൂവകുപ്പ് മൂന്നു തവണ റദ്ദാക്കിയത് വിവരാവകാശ അപേക്ഷകളുടെ പിൻബലത്തിലാണ്. വിവരാവകാശ നിയമ വാർഷികത്തിൽ, പറളി കിണാവല്ലൂർ കൂട്ടാല ശിവപ്രസാദ്, നടുവക്കാട്ട് ജ്യോതികുമാർ, പരിയങ്ങാട്ട് കൃഷ്ണമോഹൻ, ഏച്ചംപുര കണ്ണൻ എന്നിവരുടെ നിയമപോരാട്ടം ശ്രദ്ധേയമാകുകയാണ്.
പട്ടയഭൂമി മിച്ചഭൂമിയാക്കി ഏറ്റെടുത്ത വിഷയത്തിൽ നാൽപതിലധികം വിവരാവകാശ അപേക്ഷകളാണ് ഇവർ ഇതിനകം നൽകിയത്. പാലക്കാട് താലൂക്ക് ലാൻഡ് ബോർഡിന്റെ ഉത്തരവുണ്ടെന്നവകാശപ്പെട്ട്, പാലക്കാട് ഭൂരേഖ തഹസിൽദാർ കിണാവല്ലൂരിലെ മൂന്ന് ഏക്കറോളം ഭൂമി ഏറ്റെടുത്തത് മാർച്ച് 2022നാണ്. നാല് സർവേ നമ്പറുകളിൽ വരുന്ന നിരവധി പേരുടെ പട്ടയഭൂമിയാണ് മിച്ചഭൂമിയാക്കി, കൈവശക്കാരറിയാതെ സർക്കാർ ഏറ്റെടുത്തത്. താലൂക്ക് ഓഫിസിലും വില്ലേജ് ഓഫിസിലും ഇതേ ഫയലിലെ മുൻകാല ഭൂമി ഏറ്റെടുത്ത് പതിച്ചുനൽകിയതിന്റെ രേഖകൾ ലഭ്യമല്ലെന്നാണ് ഏറ്റെടുക്കലിനുള്ള ഔദ്യോഗിക വിശദീകരണം.
സർക്കാർ ഏറ്റെടുത്ത സ്ഥലങ്ങളിൽ ചിലർക്ക് പിന്നീട് പോക്കുവരവ് ചെയ്ത് ഭൂനികുതി അടച്ചുനൽകിയെങ്കിലും പറളി ഏച്ചംപുര കണ്ണന് അത് നിഷേധിക്കപ്പെട്ടു. ഇതോടെ കണ്ണനും കൃഷ്ണമോഹനും പരോക്ഷ ഇരകളായ ശിവപ്രസാദ്, ജ്യോതികുമാർ, കൃഷ്ണമേനോൻ എന്നിവരോടൊപ്പം 2022 ൽ വിവരാവകാശപോരാട്ടത്തിനിറങ്ങി. ഭൂമി തിരികെ ലഭിക്കണമെന്ന ആവശ്യവുമായി നവകേരള സദസ്സ്, കരുതലും കൈത്താങ്ങും, ജില്ലതല വിജിലൻസ് കമ്മിറ്റി തുടങ്ങിയവയിൽ പരാതിപ്പെട്ടിട്ടും പരസ്പരവിരുദ്ധ മറുപടികളാണ് റവന്യൂവകുപ്പ് നൽകിയത്.
മിച്ചഭൂമിയാക്കി ഏറ്റെടുത്തത് റദ്ദാക്കി 2023 നവംബർ 27, 2025 സെപ്റ്റംബർ എട്ട്, 2025 സെപ്റ്റംബർ 22 തീയതികളിൽ ഒരേ ഫയലിൽ മൂന്ന് വ്യത്യസ്ത ഉത്തരവുകൾ ഇറങ്ങിയെങ്കിലും ഭൂമി ഇവർക്ക് സ്വന്തമായിട്ടില്ല. 1982, 1983 ഭൂമി ഏറ്റെടുക്കൽ പതിച്ചുകൊടുക്കൽ രേഖകൾപോലും ഇവർ വിവരാവകാശ അപ്പീൽ സാധ്യത ഉപയോഗപ്പെടുത്തി ലഭ്യമാക്കി. ‘ലഭ്യമല്ലെന്ന’ സ്ഥിരം ന്യായം നിരവധി തവണ അറിയിച്ച കലക്ടറേറ്റിലെ മിച്ചഭൂമി ഫയലും ലഭ്യമാക്കേണ്ടിവന്നു. വിവരാവകാശ നിയമത്തിന്റെ പിൻബലത്തിലാണ്, ഏറ്റെടുത്ത മിച്ചഭൂമി നിരവധി ഭൂരഹിതർക്ക് വീണ്ടും പതിച്ചുനൽകുന്ന അപൂർവ സാഹചര്യം ഒഴിവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

