തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാർഥി പട്ടികയായി; ഗോദയിൽ 75,632 പേർ, കൂടുതൽ സ്ഥാനാർഥികളുള്ള ജില്ല മലപ്പുറം, കുറവ് വയനാട്
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ പട്ടികയായപ്പോൾ സംസ്ഥാനത്തെ 23,576 തദ്ദേശ വാർഡുകളിൽ ജനവിധി തേടുന്നത് 75,632 സ്ഥാനാർഥികൾ. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിച്ചിരുന്നു. അവസാന പരിശോധനയും പൂർത്തിയാക്കി ചൊവ്വാഴ്ച രാത്രിയോടെയാണ് തെരഞ്ഞെടുപ്പ് കമീഷൻ സ്ഥാനാർഥികളുടെ അന്തിമപട്ടിക പുറത്തുവിട്ടത്.
സ്ഥാനാർഥികളിൽ 39,604 പേർ സ്ത്രീകളും 36,027 പേർ പുരുഷന്മാരുമാണ്. ട്രാൻസ് വിഭാഗത്തിൽ നിന്ന് തിരുവനന്തപുരത്ത് ഒരാളും ജനവിധി തേടുന്നു. കൂടുതൽ സ്ഥാനാർഥികളുള്ള ജില്ല മലപ്പുറമാണ് -8378. കുറവ് വയനാടും -1967.
ജില്ല, ആകെ സ്ഥാനാർഥികൾ, പുരുഷൻ, സ്ത്രീ ക്രമത്തിൽ
- തിരുവനന്തപുരം 6310 2990 3319
- കൊല്ലം 5615 2512 3103
- പത്തനംതിട്ട 3549 1640 1909
- ആലപ്പുഴ 5395 2445 2950
- കോട്ടയം 5284 2457 2827
- ഇടുക്കി 3100 1550 1550
- എറണാകുളം 7374 3457 3917
- തൃശൂർ 7284 3403 3881
- പാലക്കാട് 6724 3262 3462
- മലപ്പുറം 8378 4361 4017
- കോഴിക്കോട് 6328 3002 3326
- വയനാട് 1967 933 1034
- കണ്ണൂർ 5469 2633 2836
- കാസർകോട് 2855 1382 1473
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് 2,56,934 ഉദ്യോഗസ്ഥർ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞടുപ്പ് ജോലികൾക്കായി നിയോഗിക്കുന്നത് 2,56,934 ഉദ്യോഗസ്ഥരെ. 14 ജില്ല തെരഞ്ഞെടുപ്പ് ഓഫിസർമാരും 28 അസിസ്റ്റന്റ് ജില്ല തെരഞ്ഞെടുപ്പ് ഓഫിസർമാരുമാണുള്ളത്. 1,249 റിട്ടേണിങ് ഓഫിസർമാർ, 1,321 അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർമാർ, 1,034 ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർ എന്നിവരും ചുമതലയിലുണ്ടാവും.
വോട്ടെടുപ്പ്, പോളിങ് സാമഗ്രി വിതരണം, വോട്ടെണ്ണൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കായി 1,80,000 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്. സുരക്ഷ ക്രമീകരണങ്ങൾക്കായി 70,000 പൊലീസുകാരെ വിന്യസിക്കും. തെരഞ്ഞെടുപ്പ് നടപടികൾ നിരീക്ഷിക്കാൻ 14 പൊതുനിരീക്ഷകരെയും 70 ചെലവ് നിരീക്ഷകരെയും നിയമിച്ചിട്ടുണ്ട്.
2300 സെക്ടറൽ ഓഫിസർമാർ, 184 ആന്റി-ഡിഫേസ്‌മെന്റ് സ്ക്വാഡുകൾ, 70 ജില്ലതല പരിശീലകർ, 650 ബ്ലോക്കുതല പരിശീലകർ എന്നിവരുമാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലേർപ്പെടുന്നത്.
പോസ്റ്റൽ ബാലറ്റ് അച്ചടി തുടങ്ങി; ഭാഷ ന്യൂനപക്ഷങ്ങളുള്ളയിടങ്ങളിൽ തമിഴ്, കന്നട ഭാഷകളും
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പോസ്റ്റൽ ബാലറ്റുകളുടെയും വോട്ടുയന്ത്രങ്ങളിൽ പതിപ്പിക്കുന്ന ബാലറ്റ് ലേബലുകളുടെയും അച്ചടി വിവിധ സർക്കാർ പ്രസുകളിൽ ആരംഭിച്ചതായി തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ അറിയിച്ചു. ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ എന്നിവിടങ്ങളിലേക്ക് വെള്ള നിറത്തിലും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് പിങ്ക് നിറത്തിലും ജില്ല പഞ്ചായത്തുകളിലേക്ക് ആകാശനീല നിറത്തിലുമാണ് ബാലറ്റ് പേപ്പറുകളും ബാലറ്റ് ലേബലുകളും അച്ചടിക്കുന്നത്.
ഭാഷാ ന്യൂനപക്ഷങ്ങളുള്ളയിടങ്ങളിൽ ബാലറ്റ് പേപ്പർ, ബാലറ്റ് ലേബൽ എന്നിവയിൽ സ്ഥാനാർഥികളുടെ പേര് തമിഴ് അല്ലെങ്കിൽ കന്നട ഭാഷകളിൽ കൂടി ചേർക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ ചില വാർഡുകളിൽ തമിഴിലും കാസർകോട് ജില്ലയിലെ ചില വാർഡുകളിൽ കന്നടയിലും പേരുകൾ അച്ചടിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

