വേനലില്‍ പാല്‍ കുറഞ്ഞാല്‍ ക്ഷീരകര്‍ഷകര്‍ക്ക് ധനസഹായം
text_fieldsതിരുവനന്തപുരം: കനത്ത വേനലില്‍ പശുക്കൾക്ക് പാല്‍ കുറഞ്ഞാല്‍ ക്ഷീരകര്‍ഷകര്‍ക്ക് ധനസഹായം ലഭ്യമാക്കുന്ന പദ്ധതിയുമായി മില്‍മ. പാലുൽപാദനത്തില്‍ കുറവ് വരുന്നതു മൂലം ക്ഷീരകര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടം നികത്താനുള്ള ഇന്‍ഷുറന്‍സ് പദ്ധതി മില്‍മ മലബാര്‍ മേഖലയാണ് ആദ്യം നടപ്പാക്കുന്നത്. അഗ്രികള്‍ചര്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി (എ.ഐ.സി) ചേര്‍ന്ന് എയിംസ് ഇന്‍ഷുറന്‍സ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.
തിരുവനന്തപുരം പട്ടത്തെ മില്‍മ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ്. മണിക്ക് എ.ഐ.സി റീജനല്‍ മാനേജര്‍ വരുണ്‍ പദ്ധതിയുടെ ധാരണപത്രം കൈമാറി. കാലാവസ്ഥവ്യതിയാനവും ഉയര്‍ന്ന താപനിലയും കാരണം പാലുൽപാദനം കുറയുന്നത് ക്ഷീരകര്‍ഷകരെ ബാധിക്കുന്നുണ്ടെന്നും ഇതിന് പരിഹാരമായേക്കാവുന്ന പദ്ധതി മികച്ച ആശയമാണെന്നും കെ.എസ്. മണി പറഞ്ഞു. പദ്ധതി ക്ഷീരകര്‍ഷകര്‍ക്ക് പ്രയോജനപ്പെട്ടാൽ അടുത്ത വേനല്‍ക്കാലത്ത് സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷകര്‍ക്ക് അതത് ക്ഷീരസംഘങ്ങള്‍ വഴി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. ആനുകൂല്യത്തിനായി പിന്നീട് പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. അതത് പ്രദേശത്തെ താപനില ഉപഗ്രഹം വഴി ശേഖരിച്ചാണ് ഇന്‍ഷുറന്‍സ് കമ്പനി ആനുകൂല്യം നല്‍കുക. ആറുദിവസത്തില്‍ കൂടുതല്‍ താപനില ഉയര്‍ന്നാല്‍ 140 രൂപയും എട്ടുദിവസത്തില്‍ കൂടുതലായാല്‍ 440 രൂപയും 10 ദിവസത്തില്‍ കൂടുതലായാല്‍ 900 രൂപയും 25 ദിവസത്തില്‍ കൂടുതലായാല്‍ 2000 രൂപയുമാണ് ധനസഹായം ലഭിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.