ഷാഫി പറമ്പിലിന്‍റെയും രാഹുൽ മാങ്കൂട്ടത്തിലിന്‍റെയും സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം -ഡി.ജി.പിക്ക് പരാതി
text_fieldsആലപ്പുഴ: ഷാഫി പറമ്പിൽ എം.പിയുടെയും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെയും സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ ഡി.ജി.പിക്ക് പരാതി നൽകി. ഇരുവരുടെയും നേതൃത്വത്തിൽ രാഷ്ട്രീയരംഗത്ത് വലിയൊരു ക്രിമിനൽസംഘം വളർന്നുകൊണ്ടിരിക്കുകയാണെന്ന് പരാതിയിൽ ആരോപിക്കുന്നു.
അധികാരവും പണവും ദുർവിനിയോഗംചെയ്ത് അനധികൃതമായി പ്രവർത്തിക്കുന്ന ഈ സംഘം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് വേളയിൽ ട്രോളി ബാഗിൽ പണം കടത്തിയെന്ന ആരോപണം നേരിട്ടിരുന്നു. വയനാട് ദുരിതബാധിതർക്ക് 2.40 കോടി രൂപ പിരിച്ചുനൽകുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്നനിലയിൽ രാഹുൽ മാങ്കൂട്ടത്തിൽ വാഗ്‌ദാനം ചെയ്‌തിരുന്നു. ഇങ്ങനെ പിരിച്ച കോടികൾ സംബന്ധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിൽ വിമർശനമുയർന്നപ്പോൾ മറുപടി നൽകാൻ നേതൃത്വം തയാറായില്ല.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്ന സ്ത്രീകളുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ പശ്ചാത്തലത്തിലും പണവും സ്വാധീനവും ഉപയോഗിച്ച് വിഷയം ഒതുക്കിത്തീർക്കാൻ ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. എം.എൽ.എയായതിനു ശേഷമുള്ള രാഹുലിന്‍റെ സാമ്പത്തികവളർച്ച ദുരൂഹമാണെന്ന ആക്ഷേപം എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെക്കും ലഭിച്ചിട്ടുണ്ടെന്നും ജിസ്‌മോൻ ആരോപിക്കുന്നു.
പാലക്കാട്ട് പ്രതിഷേധ പരമ്പര
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിയാവശ്യപ്പെട്ട് പാലക്കാട്ട് പ്രതിഷേധ പരമ്പര തുടരുന്നു. പലതരം സമരരീതികൾക്കാണ് കുറച്ച് ദിവസങ്ങളായി നഗരം സാക്ഷ്യംവഹിക്കുന്നത്. ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, എ.ഐ.വൈ.എഫ്, ബി.ജെ.പി, യുവമോർച്ച, മഹിളാമോർച്ച തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ നിരവധി പ്രതിഷേധങ്ങളാണ് എം.എൽ.എ ഓഫിസിനു മുന്നിലും പാലക്കാട് നഗരത്തിലും അരങ്ങേറുന്നത്. പല പ്രതിഷേധങ്ങളും സംഘർഷത്തിലേക്കും വഴിമാറി. തിങ്കളാഴ്ച പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ പ്രതിരോധിക്കാൻ വിദ്യാർഥിനികൾക്ക് ‘സെൽഫ് ഡിഫൻസ് ക്ലാസ്’ നടത്തി.
എം.എൽ.എയുടെ ചിത്രം മുഖംമൂടിയായി അണിഞ്ഞായിരുന്നു പ്രതിഷേധം. യുവമോർച്ച നേതൃത്വത്തിൽ എം.എൽ.എ ഓഫിസ് പൂട്ടിയിടാൻ ശ്രമം നടത്തിയെങ്കിലും പൊലീസ് കനത്ത സുരക്ഷ ഒരുക്കി.
വൈകീട്ട് ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ ജനകീയ വിചാരണ നടന്നു. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെത്തിയാൽ തടയുമെന്നാണ് ബി.ജെ.പിയും ഡി.വൈ.എഫ്.ഐയും അറിയിച്ചിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.